തിരുവനന്തപുരം - നിയമ, വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എ.കെ.ബാലൻ ദീർഘവർഷങ്ങൾ ഇന്ത്യൻ പാർലമെന്റിലിരുന്ന പാർലമെന്ററി പരിജ്ഞാനമുള്ള രാഷ്ട്രീയക്കാരനാണ്. പിണറായി വിജയന് ശേഷം പാർട്ടി നോക്കി നടത്താൻ പറ്റുന്നയാളെന്നൊക്കെ ആളുകൾ പറയുമ്പോഴും ഞാനതിനൊന്നുമില്ലേ മെനേ എന്ന് നാദാപുരം കുമ്മങ്കോട്കാരനാകുന്ന പാവം, പാവം പാർട്ടിക്കാരൻ, ബാലനാം ബാലൻ.
അതെന്തായാലും അടുത്തടുത്ത രണ്ട് ഘട്ടങ്ങളിലായി സ്പീക്കർ പി.ശ്രീരാമകൃഷ്ണന് മന്ത്രി ബാലനൊപ്പം നിൽക്കാനായില്ല. പൗരത്വ നിയമവുമായ ബന്ധപ്പെട്ട ഏത് വിഷയവും തൊട്ടാൽ പൊട്ടുന്നതാണ്. അതു കൊണ്ട് തന്നെ കേരളത്തിൽ ഇതുസംബന്ധിച്ച എല്ലാ കണക്കെടുപ്പുകളും നിർത്തിവെക്കണമെന്നാവശ്യപ്പെടുന്ന അടിയന്തര പ്രമേയവുമായെത്തിയ ലീഗിലെ കെ.എം. ഷാജിയെ അതവതരിപ്പിക്കുന്നതിൽനിന്ന് തന്നെ തടയാൻ മന്ത്രി ബാലൻ തടസവാദവുമായെത്തുകയായിരുന്നു. അതിൽ ബാലന്റെ ലോപോയിന്റ് ഇങ്ങനെ - ഷാജി കോടതി വിധിയുടെ ബലത്തിൽ മാത്രം സഭയിലിരിക്കുന്നയാളാണ്. സഭയിൽ വോട്ടിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവകാശമില്ല. പിന്നെങ്ങനെ വോട്ടിംഗ് ആവശ്യമായി വന്നേക്കാവുന്ന അടിയന്തര പ്രമേയം അവതരിപ്പിക്കും?
ബാലൻ വക്കീലേ ഇതെന്ത് വാദമെന്ന് കോൺഗ്രസിലെ കെ.സി. ജോസഫ്. ബാലൻ ലോ കോളേജിൽ പഠിച്ചപ്പോൾ കഌസിൽ കയറാത്തതാണ് പ്രശ്‌നമെന്ന് മറ്റൊരഭിഭാഷകനായ വി.ഡി.സതീശന്റെ കുത്ത്.
ഒടുവിൽ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വിധി വന്നപ്പോൾ ഇത്തവണയും മന്ത്രി ബാലനെതിര്, ഷാജിക്ക് അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിന് ഒരു തടസവുമില്ലെന്ന്. സ്പീക്കറുടെ വാക്കുകൾ ഇങ്ങനെ 'സഭയിലെ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ മാത്രമാണ് സുപ്രീം കോടതി ഷാജിയെ വിലക്കിയത്. സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ തടസ്സമില്ല 'ഷാജിക്കെതിരായി കോടതി വിധി നിലവിലുണ്ടെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കാനായി എന്നതാകാം മന്ത്രി ബാലൻ ഈ വിഷയത്തിൽ നേടിയെടുത്ത രാഷ്ട്രീയ വിജയം. സെൻസസ് നിർത്തിവെക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പിച്ചു പറഞ്ഞു. സെൻസസ് എന്യൂമറേറ്റർമാരെ നിയന്ത്രിക്കുന്നത് കേന്ദ്ര സംവിധാനമായതിനാൽ അവരുദ്ദേശിക്കുന്നവഴിക്കേ കാര്യങ്ങൾ പോവുകയുള്ളൂ. സെൻസസ് നടന്നാൽ അത് എൻ.പി.ആർ തന്നെയായിരിക്കും. ഇത്തരം ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ സെൻസസ് നടപടികൾ നിർത്തിവെക്കണം-അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കെ.എം ഷാജി വാദിച്ചു. പക്ഷെ സർക്കാർ നിലപാട് മാറ്റിയില്ല. പിണറായി വിജയനെയും മമത ബാനർജിയെയും താരതമ്യം ചെയ്തുകൊണ്ട് ഷാജി നടത്തിയ പരാമർശം വലിയ കോലാഹലമായി. ഒരു പെണ്ണായ മമതയുടെ ശൗര്യം പോലും പിണറായിക്കില്ലെന്നായിരുന്നു ഷാജിയുടെ പരാമർശം. നിങ്ങളാരും ഭയപ്പെടേണ്ട എന്നായിരുന്നു ഇന്ത്യയിലെ മുസ്‌ലിംകളോട് അമിത്ഷാ പറഞ്ഞത്. അത് തന്നെയാണിവിടെ പിണറായി വിജയനും പറയുന്നത്.
പേടിക്കേണ്ട ഞാനുണ്ട്, എന്ന്. ഞങ്ങളാരും ആരെയെങ്കിലും പേടിച്ച് ഈ ഭൂമിയിൽ അര നിമിഷം ജീവിക്കാൻ ആഗ്രഹിക്കുന്നവരല്ല... കേന്ദ്രസർക്കാരിന് സഹായകമായ വിവരങ്ങളാണ് സെൻസസിലൂടെ ശേഖരിക്കുന്നത്. ഇത് മുസ്‌ലിം വിഷയമല്ല, രാജ്യത്തെയാകെ ബാധിക്കുന്ന വിഷയങ്ങളാ
ണ് മുസ്‌ലിംകളെ കെട്ടിപ്പിടിച്ചതുകൊണ്ടുമാത്രം പ്രശ്‌നം ഇല്ലാതാകില്ല. നിലവിലെ സെൻസസ് പ്രക്രിയയിലൂടെ എൻപിആറിലേക്ക് പോകാൻ കഴിയും. സെൻസസ് മാത്രമേ ഉള്ളൂ, എൻ.പി.ആർ ഇല്ല എന്നുപറയുന്നത് ഭൂലോക തള്ളാണ്
- ഷാജിയുടെ വാക്കുകൾ തീ തുപ്പുന്നതിനിടക്കാണ് മമത-പിണറായി താരതമ്യം തർക്കമായി വന്നു വീണത്. പ്രതിഷേധവുമായി ഭരണപക്ഷം രംഗത്ത് വന്നു. പെണ്ണ് ഭരിച്ചാൽ എന്താണ് കുഴപ്പമെന്നായിരുന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ചോദ്യം. ഷാനി മോൾ ഉസ്മാന്റെ അടുത്തുനിന്ന് ഇങ്ങനെ പറയാൻ ഷാജിക്ക് നാണമില്ലേയെന്ന് മന്ത്രി ശൈലജ സ്ത്രീവാദിയായി.
ഒടുവിൽ വിവാദമായതോടെ പെണ്ണെന്ന പരാമർശം ഷാജി ക്ക് പിൻവലിക്കേണ്ടി വന്നു. കെ.എം ഷാജിക്ക് എസ്.ഡി.പി.ഐയുടെ ശബ്ദമാണെന്ന മന്ത്രി വി.എസ് സുനിൽകുമാറിന്റെ പ്രസ്താവനയും സഭയിൽ പ്രതിപക്ഷ ബഹളത്തിനിടയാക്കി. രാജ്യത്തിന്റെ ജീവൻമരണ വിഷയവും ഇമ്മട്ടിൽ സ്ത്രീവാദവും, മതതീവ്രത പരിശോധനയുമൊക്കെയായി പരിണമിച്ചു. എസ്.ഡി.പി.ഐയുടെയും മറ്റും പ്രഖ്യാപിത വിമർശകനായ ഷാജിക്ക് തന്നെ ഒടുവിൽ ആ പഴി കേൾക്കേണ്ടി വന്നു- താങ്കൾക്ക് എസ്.ഡി.പിഐയുടെ ശബ്ദമാണ്. ലീഗിന്റെ ശബ്ദമല്ല- മന്ത്രി വി.എസ് സുനിൽ കുമാർ ഷാജിക്ക് നേരെ ഏറെ ക്ഷോഭിച്ചാണ് സംസാരിച്ചത്. പ്രവാസി വരുമാനത്തിന് നികുതി ചുമത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ഇ.പി. ജയരാജനാണ് പ്രമേയം അവതരിപ്പിച്ചത്.
'പ്രവാസി ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ആദായ നികുതി നിയമത്തിലെ ആറാം വകുപ്പ് ഭേദഗതി ചെയ്യാനുള്ള നിർദേശം ഒഴിവാക്കണം' എന്നതാണ് പ്രമേയത്തിന്റെ ഉള്ളടക്കം. പ്രവാസികൾക്ക് ആദായനികുതി ചുമത്തുന്ന വ്യവസ്ഥയിൽ മാറ്റം വരുത്തി 2020-21 ലേക്കുള്ള കേന്ദ്രബജറ്റിന്റെ ഭാഗമായി ഫെബ്രുവരി 1ാം തീയതി ലോക്‌സഭയുടെ മേശപ്പുറത്തുവച്ച ധനകാര്യ ബില്ലിൽ 1961 ലെ ആദായനികുതി നിയമത്തിന്റെ 6ാം വകുപ്പിൽ 01.04.2021 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ മാറ്റം നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ ഒരു ഇന്ത്യൻ പൗരനോ ഇന്ത്യൻ വംശജനോ ഒരു സാമ്പത്തിക വർഷത്തിൽ 182 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ താമസിക്കുന്ന ഘട്ടത്തിലാണ് ആദായനികുതിയുടെ കാര്യത്തിൽ റസിഡൻറ് ആയി കണക്കാക്കപ്പെടുന്നത്. 2021 ഏപ്രിൽ 1 മുതൽ ഈ കാലാവധി 120 ദിവസമോ അതിൽ കൂടുതലോ ആയികുറയ്ക്കാനാണ് ഭേദഗതി നിർദ്ദേശം. ഈ നിയമത്തിനെതിരെയാണ് നിയമസഭ ഒറ്റക്കെട്ടായത്. കെ.സി. ജോസഫ്, രമേശ് ചെന്നിത്തല, ഡോ.എം.കെ മുനീർ, പി.ഷംസുദ്ദീൻ ,കെ.വി.അബ്ദുൽ ഖാദർ എന്നിവർ പ്രമേയത്തെ അനുകൂലിച്ചു. വിവാദ നിർദ്ദേശം പിൻവലിക്കുമെന്ന് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞിരിക്കെ ഇങ്ങനെയൊരു പ്രമേയം ആവശ്യമുണ്ടോ? എന്ന കോൺഗ്രസിലെ വി.ഡി. സതീശന്റെ സംശയത്തിന് പ്രസക്തിയുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജനും സമ്മതിച്ചുവെങ്കിലും പൊതു വികാരം രേഖപ്പെടുത്താൻ പ്രമേയം പാസാക്കുന്നതാണ് നല്ലതെന്ന സഭയുടെ വികാരം മന്ത്രിയും ഉൾക്കൊണ്ടു. അങ്ങനെ പ്രവാസി പ്രശ്‌നത്തിൽ യോജിച്ചൊരു പ്രമേയം. എതിർ വാദം ഉന്നയിക്കാൻ ബി.ജെ.പി അംഗം ഒ. രാജഗോപാൽ സഭയിലുണ്ടായിരുന്നില്ല.
ചോദ്യോത്തരവേളയിൽ പാലാരിവട്ടം പാല വിവാദം മുഖം കാണിച്ച് കടന്നുപോയി. പാലം ഉദ്ഘാടനം ചെയ്തത് എൽ.ഡി.എഫ് ഭരണ കാലത്താണ്. 20 ശതമാനം ജോലികൾ നടന്നതും അക്കാലത്ത് തന്നെ.അപ്പോൾ ഈ പഞ്ചവടി പാലത്തിന്റെ നൻമയും തിൻമയും 80 ശതമാനവും 20 ശതമാനവുമായി വീതിക്കാം- കോൺഗ്രസിലെ പി.ടി. തോമസിന്റെ നിർദ്ദേശം. ഏതായാലും ആ പാലം വേഗത്തിലൊന്ന് തുറന്ന് കൊടുക്കാൻ നിത്യവും യാത്രാദുരിതമനുഭവിക്കുന്ന അംഗത്തിന്റെ നിർദ്ദേശം. വകുപ്പ് മന്ത്രി ജി.സുധാകരൻ പതിവ് പോലെ പാലാരി വട്ടം പാലം അഴിമതിയുടെ കാര്യത്തിൽ വലിയ ആവേശമൊന്നും കാണിച്ചില്ല.
തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ലുകളും ക്രിസ്ത്യൻ സെമിത്തേരികളിൽ മാന്യമായും യഥാസമയത്തും മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിനുള്ള തടസ്സം നീക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന നിയമവുമാണ് സഭ പരിഗണിച്ചത്.