തൃശൂർ - നിരവധി വാഹനങ്ങൾ കടന്നുപോകുന്ന തൃശൂർ- ഷൊർണൂർ സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. വടക്കാഞ്ചേരിയിലാണ് ഗതാഗതക്കുരുക്ക് യാത്രക്കാരെ മണിക്കൂറുകളോളം വലയ്ക്കുന്നത്. റോഡ് നിർമാണം മൂലമാണ് വടക്കാഞ്ചേരിയിൽ ഗതാഗതക്കുരുക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്.
ഓട്ടുപാറയിലും പരുത്തിപ്രയിലും നടക്കുന്ന കലുങ്ക് നിർമ്മാണമാണ് യാത്രക്കാരെ കുരുക്കുന്നത്. മണിക്കൂറുകളോളം വൈകിയാണ് വാഹനങ്ങൾ ഇതുവഴി അങ്ങോട്ടുമിങ്ങോട്ടും കടന്നു പോകുന്നത്. ഈ വിഷയം കഴിഞ്ഞ ദിവസം താലൂക്ക് വികസന സമിതി യോഗത്തിൽ ഉന്നയിക്കപ്പെട്ടപ്പോൾ യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം മേധാവിക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ താലൂക്ക് വികസന സമിതി യോഗത്തിലെ നിർദ്ദേശം വകവെയ്ക്കാതെയാണ് റോഡിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ദേശീയപാതയിൽ കുതിരാനിൽ ഗതാഗത തടസം നേരിട്ടപ്പോൾ വാഹനങ്ങൾ ഇതുവഴി വന്നതിനെ തുടർന്ന് ഈ റൂട്ടിൽ 10 മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.
ബുധനാഴ്ച വാഴക്കോട് നിന്നും വാഹനങ്ങൾക്ക് വടക്കാഞ്ചേരി ടൗൺ പിന്നിടാൻ മൂന്നു മണിക്കൂറിലധികം സമയം വേണ്ടിവന്നു.
ഗതാഗതക്കുരുക്ക് മൂലം മെഡിക്കൽ കോേളജ് ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുവരുന്ന ആംബുലൻസുകളും ഏറെ കഷ്ടപ്പെട്ടാണ് കടന്നു പോകുന്നത്.