തൃശൂർ - പിണറായി വിജയൻ ഭീരുവായ രാഷ്ട്രീയക്കാരനെന്ന് കെപി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തൃശൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. താൻ കണ്ടതിൽ വെച്ച് ഏറ്റവും ഭീരുവായ രാഷ്ട്രീയക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും വാളും പരിചയുമൊക്കെയുണ്ടെന്ന് പറയുന്ന അദ്ദേഹത്തിന് ഒരു വാളുമില്ല വടിവാളുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
യു.എ.പി.എ കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറാനുള്ള തീരുമാനം ഡി.ജി.പിയാണ് എടുത്തതെന്ന് പിണറായി പറയുന്നു. പക്ഷേ ഫയലുകൾ പരിശോധിച്ച് ഫയലുകളിൽ ഒപ്പിടേണ്ടത് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ്. അതിനാൽ അതിന്റെ ഉത്തരവാദിത്വം പിണറായി വിജയനാണ്. ആ ഉത്തരവാദിത്വത്തിൽ നിന്നൊഴിഞ്ഞു മാറാൻ പിണറായിക്ക് കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം ഡി.ജി.പി മോഡിയുടെ ഏജന്റാണെന്ന സംശയം വീണ്ടും ബലപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വഭേദഗതി നിയമ പ്രശ്‌നത്തിൽ മുസ്‌ലിം ലീഗ് സിപിഎമ്മിന്റെയൊപ്പം ചേരുമോ എന്ന ചോദ്യത്തിന് ന്യൂനപക്ഷം ഒരിക്കലും സി.പി.എമ്മിനൊപ്പം നിന്നിട്ടില്ലെന്നും ന്യൂനപക്ഷങ്ങളെ സി.പി.എം വോട്ടുബാങ്ക് മാത്രമായാണ് കാണുന്നതെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.