റിയാദ് - സൗദിയിൽ ഫോൺ കോൾ നിരക്കുകൾ കൂടുതൽ കുറയുന്നു. ഇതുമായി ബന്ധപ്പെട്ട തീരുമാനം ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ പ്രഖ്യാപിച്ചു. മറ്റു രാജ്യങ്ങളിൽ പ്രാബല്യത്തിലുള്ള നിരക്കുകൾ താരതമ്യം ചെയ്ത് പഠനം നടത്തിയും ആഗോള തലത്തിലെ ഏറ്റവും മികച്ച പരീക്ഷണങ്ങൾ വിലയിരുത്തിയുമാണ് സൗദിയിൽ നിരക്ക് കുറക്കുന്നതിന് സഹായകമായ തീരുമാനം കമ്മീഷൻ പ്രഖ്യാപിച്ചത്.
മൊബൈൽ ഫോൺ നെറ്റ്‌വർക്കുകളിൽ ഒരു കമ്പനിയുടെ ഉപയോക്താവ് മറ്റൊരു കമ്പനിയുടെ നെറ്റ്‌വർക്കിലെ ഉപയോക്താവുമായി ബന്ധപ്പെടുമ്പോൾ ആദ്യത്തെ കമ്പനി രണ്ടാമത്തെ കമ്പനിക്ക് നൽകേണ്ട നിരക്കിന്റെ കൂടിയ പരിധി മിനിറ്റിന് 2.2 ഹലലയായാണ് സി.ഐ.ടി.സി കുറച്ചിരിക്കുന്നത്. ലാന്റ്‌ലൈൻ നെറ്റ്‌വർക്കുകളിൽ ഇത് 1.1 ഹലലയാണ്. പുതിയ നിരക്കുകൾ ജൂൺ 11 മുതൽ പ്രാബല്യത്തിൽ വരും. ടെലികോം കമ്പനികൾക്കിടയിൽ മത്സരം വർധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കുറഞ്ഞ നിരക്കിൽ ടെലികോം സേവനങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് സി.ഐ.ടി.സിയുടെ പുതിയ തീരുമാനം. ഇത് കോൾ നിരക്കുകൾ കൂടുതൽ കുറക്കുന്നതിന് ടെലികോം കമ്പനികൾക്ക് സഹായകമാകും.
ഇതിനു മുമ്പ് ഏറ്റവും ഒടുവിൽ 2017 ഡിസംബർ 23 നാണ് സമാന തീരുമാനം രാജ്യത്ത് നിലവിൽ വന്നത്. മൊബൈൽ ഫോൺ നെറ്റ്‌വർക്കുകളിൽ ഒരു കമ്പനിയുടെ ഉപയോക്താവ് മറ്റൊരു കമ്പനിയുടെ നെറ്റ്‌വർക്കിലെ ഉപയോക്താവുമായി ബന്ധപ്പെടുമ്പോൾ ആദ്യത്തെ കമ്പനി രണ്ടാമത്തെ കമ്പനിക്ക് നൽകേണ്ട നിരക്കിന്റെ കൂടിയ പരിധി മിനിറ്റിന് 10 ഹലലയിൽ നിന്ന് 5.5 ഹലലയായും ലാന്റ്‌ലൈൻ നെറ്റ്‌വർക്കുകളിൽ 4.5 ഹലലയിൽനിന്ന് 2.1 ഹലലയായുമാണ് സി.ഐ.ടി.സി അന്ന് കുറച്ചത്.