ഹാമില്‍ടണ്‍ - ഇന്ത്യയുടെ നാലിന് 347 റണ്‍സാണ് ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ന്യസിലാന്റ് മറികടന്നത്. ഇതിനെക്കാള്‍ വലിയ സ്‌കോര്‍ നേടിയിട്ടും ഒരിക്കലേ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തോറ്റിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിരെ. അന്ന് ഇന്ത്യയുടെ 359 റണ്‍സ് ഓസീസ് വിജയകരമായി പിന്തുടര്‍ന്നു.
തുടര്‍ച്ചയായ ഒമ്പതു മത്സരങ്ങളിലെ തോല്‍വിയുടെ ക്ഷീണം ആദ്യ ഏകദിനത്തിലെ ഉജ്വല വിജയത്തോടെ തീര്‍ത്ത് ന്യൂസിലാന്റ് ക്രിക്കറ്റ് ടീം. റോസ് ടയ്‌ലര്‍ (84 പന്തില്‍ 109 നോട്ടൗട്ട്) മുന്നില്‍ നിന്ന് നയിച്ചതോടെ ഇന്ത്യ പടുത്തുയര്‍ത്തിയ നാലിന് 347 എന്ന വന്‍ ടോട്ടല്‍ ആതിഥേയര്‍ 11 പന്തും നാലു വിക്കറ്റും ശേഷിക്കെ മറികടന്നു. നിര്‍ണായകഘട്ടത്തില്‍ അവസരത്തിനൊത്തുയര്‍ന്ന് ശ്രേയസ് അയ്യര്‍ നേടിയ കന്നി സെഞ്ചുറിയാണ് വിഫലമായത്. ലോകകപ്പ് ഫൈനലില്‍ ബൗണ്ടറി കണക്കാക്കി തോല്‍വി സമ്മതിക്കേണ്ടി വന്ന ശേഷം കിവീസിന്റെ ആദ്യ മത്സരമായിരുന്നു ഇത്. സ്‌കോര്‍: ഇന്ത്യ നാലിന് 347, ന്യൂസിലാന്റ് 48.1 ഓവറില്‍ ആറിന് 348.
പുതുമുഖ ഓപണിംഗ് ജോഡി പൃഥ്വി ഷായും (21 പന്തില്‍ 20) മായങ്ക് അഗര്‍വാളും (31 പന്തില്‍ 32) നാല്‍പത്തെട്ട് പന്തില്‍ നേടിയ 50 റണ്‍സിന്റെ അടിത്തറയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (63 പന്തില്‍ 51), ശ്രേയസ് (107 പന്തില്‍ 103), കെ.എല്‍ രാഹുല്‍ (64 പന്തില്‍ 88 നോട്ടൗട്ട്), കേദാര്‍ ജാദവ് (15 പന്തില്‍ 26 നോട്ടൗട്ട്) എന്നിവര്‍ വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. തുല്യനാണയത്തില്‍ കിവീസ് തിരിച്ചടിച്ചു. ഓപണര്‍മാരായ മാര്‍ടിന്‍ ഗപ്റ്റിലും (41 പന്തില്‍ 32) ഹെന്റി നിക്കോള്‍സും (82 പന്തില്‍ 78) പതിനഞ്ചോവറില്‍ സ്‌കോര്‍ 85 ലെത്തി്ച ശേഷം ടയ്‌ലറും താല്‍ക്കാലിക നായകന്‍ ടോം ലേതമും (48 പന്തില്‍ 69) 138 റണ്‍സ് കൂട്ടുകെട്ടോടെ ടീമിനെ വിജയത്തോടടുപ്പിച്ചു. ട്വന്റി20 പരമ്പരയില്‍ 0-5 ന് നാണംകെട്ട കിവീസിന് ഇത് ഉജ്വല തിരിച്ചുവരവാണ്. ന്യൂസിലാന്റ് പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവും വലിയ സ്‌കോറാണ് ഇത്. സ്വന്തം നാട്ടിലെ വിജയത്തില്‍ ടീം നേടിയ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറും.
30-40 ഓവറുകള്‍ക്കിടയില്‍ ടയ്‌ലറും ലേതമും നേടിയ 117 റണ്‍സാണ് ഇന്ത്യയുടെ വഴിയടച്ചത്. ലേതം നാല്‍പത്തിരണ്ടാം ഓവറില്‍ പുറത്താവുമ്പോഴേക്കും ജയിക്കാന്‍ 50 പന്തില്‍ 39 റണ്‍സ് മതിയായിരുന്നു.