Sorry, you need to enable JavaScript to visit this website.

സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് വീണ്ടും പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം- പൗരത്വ നിയമത്തിനെതിരെയുള്ള യോജിച്ചുള്ള പ്രക്ഷോഭത്തിന് വീണ്ടും പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്‌ലിം ലീഗിനെ തലോടിയും കോൺഗ്രസിനെ കുത്തിയുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ മറുപടി പറഞ്ഞത്.
എല്ലാ വർഗീയ, തീവ്രവാദ പ്രസ്ഥാനങ്ങളെയും മാറ്റി നിർത്തിയായിരുന്നു പൗരത്വ നിയമത്തിനെതിരെ രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ സത്യഗ്രഹം. യോജിച്ച പ്രക്ഷോഭമാണ് ഇനിയും വേണ്ടത്. എന്നാൽ സങ്കുചിത ചിന്തയുള്ള ചിലർ യോജിച്ചുള്ള പ്രക്ഷോഭത്തെ എതിർക്കുകയാണ്.


അന്ന് നടന്ന സർവകക്ഷി യോഗം തുടർ സമരങ്ങൾ തീരുമാനിക്കാൻ തന്നെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തിയെങ്കിലും പിന്നീടൊന്നും നടന്നില്ല. താനും പ്രതിപക്ഷ നേതാവും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ല. എന്നാൽ ദൽഹിയിൽ പോയതിന് ശേഷം പ്രതിപക്ഷ നേതാവിന്റെ നിലപാടിൽ മാറ്റമുണ്ടായി. വിഷയത്തിൽ ലീഗ് നേതാക്കളായ പി.കെ.അബ്ദുറബ്ബും കെ.എൻ.എ.ഖാദറും നിയമസഭയിൽ സ്വീകരിച്ച നിലപാട് നൂറു ശതമാനം അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ക്ഷണത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തള്ളിയില്ല എന്നതും ശ്രദ്ധേയമായി. യോജിച്ചുള്ള പ്രക്ഷോഭത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടിൽ അയവു വന്നുവെന്നാണ് തോന്നുന്നതെന്നും പ്രതിപക്ഷം ആത്മവിമർശനം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


യോജിക്കാവുന്ന പ്രക്ഷോഭങ്ങളിലൊക്കെയും യോജിക്കുക തന്നെ ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നൽകി. പ്രമേയം പാസാക്കിയതും കേസ് കൊടുത്തതും ഒരുമിച്ചാണ്. ഒരുമിച്ച് സത്യഗ്രഹം നടത്തുന്നതിനിടക്കാണ് എൽ.ഡി.എഫ് സ്വന്തം നിലക്ക് മനുഷ്യശൃംഖല പ്രഖ്യാപിച്ചത്. അതോടെ യു.ഡി.എഫ് മനുഷ്യഭൂപടവും പ്രഖ്യാപിച്ചു. ഇങ്ങനെ വിഷയത്തിൽ യോജിച്ചും അല്ലാതെയും പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ടെന്നും അതൊരു രാഷ്ട്രീയ വിഷയമാക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.


ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയം പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെ നിയമസഭ വോട്ടിനിട്ട് പാസാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ എതിർത്ത ഗവർണറുടെ നിലപാടിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു എന്ന വരികൂടി നന്ദി പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്ന കെ.സി ജോസഫിന്റെ ഭേദഗതിയും സഭ വോട്ടിനിട്ട് തള്ളി.


 

Latest News