പാറ്റ്ന- ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂക്ഷ വിമർശകരിലൊരാളുമായ കനയ്യ കുമാറിനും സംഘത്തിനും നേരെ വീണ്ടും ആക്രമണം. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ അദ്ദേഹം നയിക്കുന്ന പ്രതിഷേധ റാലിയുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടിക്കിടെയാണ് ഇവര്‍ക്കുനേരെ രൂക്ഷമായ കല്ലേറ് ഉണ്ടായത്.
ബിഹാറിലെ സുപോള്‍ ജില്ലയില്‍നിന്ന് പ്രചരണ പരിപാടിക്ക് ശേഷം, സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ മോര്‍ച്ച പ്രവര്‍ത്തകരോടൊപ്പം കനയ്യ സഹര്‍ഷയിലേക്ക് പോകുന്നതിനിടെയാണ് കുമാറും സംഘവും അക്രമിക്കപ്പെട്ടത്. കല്ലേറില്‍ നിരവധി വാഹനങ്ങളുടെ ഗ്ലാസുകൾ തകര്‍ക്കപ്പെട്ടിട്ടുണ്ട് എങ്കിലും ആര്‍ക്കും കാര്യമായി പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.
കഴിഞ്ഞ ദിവസം ബിഹാറിലെ തന്നെ സാറാന്‍ ജില്ലയില്‍ അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞിരുന്നു. നരേന്ദ്ര മോദിയെയും ബിജെപിയേയും രൂക്ഷമായി എതിര്‍ക്കുന്ന കനയ്യ കുമാര്‍ പൗരത്വനിയമ ഭേദഗതിക്കെതിരായും ദേശീയ പൗരത്വ രജിസ്റ്ററുമായും ബന്ധപ്പെട്ട് വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതില്‍ പ്രകോപിതരായവരായ സംഘ്പരിവാര്‍ പ്രവര്‍ത്തകരാകാം അക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.