Sorry, you need to enable JavaScript to visit this website.

സൗദിയിൽ യുവതിയുടെ മുടിവെട്ടിയ ബാർബർമാർ അറസ്റ്റിൽ

റിയാദ് - പുരുഷന്മാർക്കുള്ള സലൂണിൽ യുവതിയുടെ മുടിവെട്ടിയ കേസിൽ സ്ഥാപനത്തിലെ ജോലിക്കാരായ ബാർബർമാരെ റിയാദിൽ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. പുരുഷന്മാർക്കുള്ള സലൂണിൽ യുവതിയുടെ മുടിവെട്ടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അന്വേഷണം നടത്തിയാണ് സുരക്ഷാ വകുപ്പുകൾ സലൂൺ തിരിച്ചറിഞ്ഞ് ബാർബർമാരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം നിയമ നടപടികൾക്ക് ബാർബർമാർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. 


ബാർബർ ഷോപ്പിൽ തന്റെ സമീപത്തുള്ള കസേരയിൽ യുവതി ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സൗദി യുവാവാണ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഏതു പ്രവിശ്യയിലാണ് സംഭവമെന്നോ സ്ഥാപനത്തിന്റെ പേരോ യുവാവ് വെളിപ്പെടുത്തിയിരുന്നില്ല. പുരുഷന്മാർക്കുള്ള സലൂണിൽ യുവതിയുടെ മുടിവെട്ടിയത് പൊതുസമൂഹത്തിന്റെ സമ്മിശ്ര പ്രതികരണങ്ങൾക്ക് ഇടയാക്കിയിരുന്നു. പൊതുമര്യാദക്ക് നിരക്കാത്ത ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്ന് ഇവർ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെടുകയും ചെയ്തു. 


ജിദ്ദയിലെ സലൂണിലാണ് പുരുഷ ബാർബർ യുവതിയുടെ മുടിവെട്ടിയതെന്ന് ചിലർ പ്രചരിപ്പിച്ചിരുന്നു. രാജ്യത്ത് ദൃശ്യമായ സാമൂഹിക പരിഷ്‌കരണങ്ങളുടെ പശ്ചാത്തലത്തിൽ പുരുഷ ബാർബർ ഷോപ്പുകളിൽ വനിതകളുടെ മുടിവെട്ടുന്നതിനും അധികൃതർ അനുമതി നൽകിയതായും ചിലർ വാദിച്ചു.  തുടർന്ന് സംഭവത്തിൽ ജിദ്ദ നഗരസഭ വിശദീകരണം നൽകിയിരുന്നു. പുരുഷന്മാർക്കുള്ള ബാർബർ ഷോപ്പുകളിൽ വനിതകളുടെ മുടിവെട്ടുന്നതിന് അനുമതി നൽകിയിട്ടില്ലെന്ന് ജിദ്ദ നഗരസഭ വ്യക്തമാക്കി. പുരുഷ ബാർബർഷോപ്പുകളിൽ വനിതാ ഉപയോക്താക്കളെ അനുവദിക്കുന്ന തീരുമാനം രാജ്യത്തെ ഒരു നഗരസഭയും കൈക്കൊണ്ടിട്ടില്ല. 

 

Latest News