റിയാദ് - വാഹന ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ഇൻഷുറൻസ് കമ്പനികളെ നിർബന്ധിക്കുന്ന വ്യവസ്ഥകൾ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി പ്രഖ്യാപിച്ചു. ഉടമകൾ ഇൻഷുറൻസ് പോളിസികൾ റദ്ദാക്കുന്ന പക്ഷം പോളിസിയിൽ ശേഷിക്കുന്ന കാലാവധിക്കനുസൃതമായി തിരികെ ലഭിക്കുന്നതിന് അവകാശപ്പെട്ട തുക മൂന്നു പ്രവൃത്തി ദിവസത്തിനകം ഇൻഷുറൻസ് കമ്പനികൾ ബാങ്ക് അക്കൗണ്ടുകൾ വഴി തിരിച്ചുനൽകൽ നിർബന്ധമാണ്.
പൂർണമായ അപേക്ഷകളിൽ, അപകടങ്ങളിൽ നഷ്ടപരിഹാരം തേടിയുള്ള ക്ലെയിമുകളിലെ പണം പതിനഞ്ചു പ്രവൃത്തി ദിവസത്തിനകം കൈമാറലും നിർബന്ധമാണ്. അപേക്ഷകളുമായി ബന്ധപ്പെട്ട രേഖകളിലും വിവരങ്ങളിലും കുറവുകളുണ്ടെങ്കിൽ ഏഴു പ്രവൃത്തി ദിവസത്തിനകം ഉപയോക്താക്കളെ അറിയിക്കലും നിർബന്ധമാണ്. ക്ലെയിം അപേക്ഷ ലഭിച്ച് മൂന്നു ദിവസത്തിനകം കമ്പനികൾ വാഹനങ്ങൾ പരിശോധിച്ചിരിക്കണം.
ക്ലെയിം തുക രണ്ടായിരം റിയാലിൽ കുറവാണെങ്കിൽ അഞ്ചു പ്രവൃത്തി ദിവസത്തിനകം നൽകിയിരിക്കണം. ഇൻഷുറൻസ് പോളിസി കാലാവധി അവസാനിക്കുന്നതിന് മൂന്നു പ്രവൃത്തി ദിവസം മുമ്പ് ഉപയോക്താക്കളെ ഇൻഷുറൻസ് കമ്പനികൾ അറിയിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
നിർബന്ധിത ഇൻഷുറൻസ് (തേഡ് പാർട്ടി) ക്ലെയിമുകൾക്ക് ഇൻഷുറൻസ് കമ്പനികൾ ഏകീകൃത ഫോറം അംഗീകരിക്കുകയും ക്ലെയിമുകൾക്ക് സമർപ്പിക്കേണ്ട രേഖകൾ ഏകീകരിക്കുകയും വേണം. ക്ലെയിമുകൾ തീർപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളും കമ്പനികൾ ഏകീകരിക്കണം. ക്ലെയിം അപേക്ഷ ലഭിച്ചാൽ അക്കാര്യം സ്ഥിരീകരിക്കുന്ന രസീതി കമ്പനികൾ ഉപയോക്താക്കൾക്ക് നൽകിയിരിക്കണം. ട്രാഫിക് ഡയറക്ടറേറ്റോ നജും ഇൻഷുറൻസ് സർവീസസ് കമ്പനിയോ ലൈസൻസുള്ള മറ്റു കമ്പനികളോ നിശ്ചയിക്കുന്ന നഷ്ടപരിഹാര തുക യാതൊരുവിധ വിലപേശലുകളും കൂടാതെ പതിനഞ്ചു ദിവസത്തിനകം കൈമാറിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.