മസ്‌കത്ത്- വിടവാങ്ങിയ സുല്‍ത്താനെ ഓര്‍ത്ത് വിങ്ങിപ്പൊട്ടി ഒമാന്‍ മജ്‌ലിസ് ശൂറ. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ വിയോഗത്തിനു ശേഷം നടന്ന ആദ്യ മജ്‌ലിസ് ശൂറ യോഗം വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷിയായി. പ്രത്യേക പ്രാര്‍ഥനയോടെ തുടക്കം കുറിച്ച യോഗത്തില്‍ അംഗങ്ങള്‍ സുല്‍ത്താനെ അനുസ്മരിച്ച് സംസാരിക്കുമ്പോള്‍ പലരും വിങ്ങിപ്പൊട്ടി.
സുല്‍ത്താനുമായുള്ള വ്യക്തിബന്ധങ്ങളും അനുഭവങ്ങളും പങ്കുവെക്കുമ്പോള്‍ മിക്കവര്‍ക്കും കണ്ണീരടക്കാനായില്ല. എല്ലാവരുടേയും മനസ്സില്‍ സുല്‍ത്താന്‍ ഖാബൂസ് എത്ര ആഴത്തില്‍ പതിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനയായി അത്.
സുല്‍ത്താന്‍ രാജ്യത്ത് കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളെ ഏവരും ശ്ലാഘിച്ചു. എല്ലാവരേയും വിശ്വാസത്തിലെടുത്തും പങ്കാളികളാക്കിയും രാജ്യഭരണം മുന്നോട്ടുകൊണ്ടുപോയ രീതിയും അതില്‍ മജ്‌ലിസ് ശൂറക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയതിനെയും അംഗങ്ങള്‍ പ്രശംസിച്ചു.
ആമുഖപ്രസംഗം നടത്തിയ ശൂറ ചെയര്‍മാന്‍ ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ മവാലി സുല്‍ത്താനുള്ള കൃതജ്ഞതയായി ഈ സെഷനെ സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞു.