ദുബായ്- ദുബായ് ഡ്യൂട്ടി ഫ്രീ അങ്ങനെയാണ്. ഈ നഗരത്തെപ്പോലെ വിസ്മയങ്ങളാണ് അതെന്നും കരുതി വെക്കുന്നത്. ഒരു വയസ്സ് പോലുമാകാത്ത പിഞ്ചുകുഞ്ഞിന് ഏഴ് കോടിയുടെ സമ്മാനം നല്‍കിയാണ് അത് ഇത്തവണ അത്ഭുതം സൃഷ്ടിച്ചത്.
ഒന്നാം പിറന്നാളിനു ദിവസങ്ങള്‍ ശേഷിക്കെ കോടീശ്വരനായി മാറിയിരിക്കുകയാണ് അബുദാബിയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി റമീസ് റഹ്മാന്റെ മകന്‍ മുഹമ്മദ് സലാഹ്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 7.1 കോടിക്ക് പിഞ്ചുകുഞ്ഞ് അര്‍ഹനായി.
ഈ മാസം 13 ന് ഒരു വയസ്സു പൂര്‍ത്തിയാകുന്ന മകന്റെ പേരിലാണ് ആറു വര്‍ഷമായി അക്കൗണ്ടന്റായി ജോലിചെയ്യുന്ന റമീസ് റഹ്മാന്‍ ടിക്കറ്റെടുത്തത്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വയസ്സുപോലും തികയാത്ത കുട്ടി ഒന്നാം സമ്മാനത്തിനര്‍ഹനാകുന്നത്.
ഒരു വര്‍ഷമായി സ്ഥിരമായി ടിക്കറ്റ് വാങ്ങാറുണ്ട് റമീസ്. 323ാം സീരീസിലെ 1319 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അത്യധികം സന്തോഷമുണ്ടെന്നും മകന്റെ ഭാവി സുരക്ഷിതമായെന്ന് വിശ്വസിക്കുന്നതായും റമീസ് പറഞ്ഞു.