തലശ്ശേരി-കണ്ണൂർ ജില്ലയിലെ ബോംബ് രാഷട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി അസ്നെയെ മറന്നു കാണുമോ. പത്തൊൻപതു വർഷം മുൻപ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ ബോംബേറിൽ കാലു തകർന്ന് ചോരയിൽ കുളിച്ചു കിടന്ന ആറു വയസുകാരി അസ്നയെ അത്ര പെട്ടെന്നൊന്നും മലയാളക്കര മറക്കില്ല. രാഷ്ട്രീയ അന്ധത ബാധിച്ച നരാധമൻമാരുടെ മുന്നിലെ ചോദ്യ ചിഹ്നമായി അസ്ന നിലകൊള്ളുകയായിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ കോമരങ്ങളുടെ പടപ്പുറപ്പാടിന് മുന്നിൽ മുട്ട് മടക്കാതെ സ്വപ്രയ്നം കൊണ്ട് എം.ബി.ബി.എസ് ബിരുദം നേടിയ അസ്ന ബുധനാഴ്ച മുതൽ നാട്ടുകാരുടെ സ്വന്തം ഡോക്ടറാണ്. വീടിന് സമീപം തന്നെയുള്ള ചെറുവാഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായി അസ്ന ഇന്നലെ കാലത്ത് 9.30 ഓടെ ചുമതലയേറ്റു. അച്ഛൻ നാണുവിനൊപ്പമെത്തിയാണ് അസ്ന ചുനതലയേറ്റത്. ഒരു നിയോഗം പോലെ അഞ്ച് വയസ്സുകാരിയെ തന്നെ പരിശോധിച്ചാണ് തന്റെ ഔദ്യോഗിക ജീവിതത്തിന് അസ്ന തുടക്കമിട്ടത്.
തന്റെ കാല് തകർത്തവരുൾപ്പെടെയുളളവെര പരിചരിക്കാൻ നാട്ടുകാരുടെ സ്വന്തം ഡോക്ടറായി അസ്ന എത്തുകയാണ്. കണ്ണൂരിലെ ബോംബ് രാഷട്രീയത്തിലെ ആദ്യത്തെ കുഞ്ഞു ഇരയായ അസ്ന ജീവിത ദുരിതങ്ങളോട് പടവെട്ടിയാണ് ഡോക്ടറെന്ന തന്റെ ജന്മാഭിലാഷം പൂർത്തീകരിച്ചത്.
2000 സെപ്റ്റംബർ 27ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു ദിവസം, ബൂത്തിനു സമീപം വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ബി.ജെ.പി പ്രവർത്തകരുടെ ബോംബേറിലാണ് അസ്നയ്ക്കു വലതുകാൽ നഷ്ടപ്പെട്ടത്. മൂന്നു മാസം വേദന കടിച്ചമർത്തി ആശുപത്രി കിടക്കയിൽ ചികഴിഞ്ഞിരുന്ന സമയത്ത് ഡോക്ടർമാരിൽ നിന്ന് ലഭിച്ച സ്നേഹവും പരിചരണവുമാണ് ഡോക്ടറാവുക എന്ന ആഗ്രഹം വളർത്തിയത്. ചെറുവാഞ്ചേരി പൂവ്വത്തൂർ യു.പി സ്കൂളിൽ പോളിംഗിനിടെ ബി.ജെ.പി പ്രവർത്തകർ ബാലറ്റ് പെട്ടി തട്ടിയെടുത്ത് ഓടുന്നതിനെ കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു. ഇതേ തുടർന്നുള്ള സംഘർഷത്തിനിടെയാണ് ബോംബേറ് നടന്നത്.
സ്കൂളിന് സമീപം തന്നെയാണ് അസ്നയുടെ വീടിന് വീടിന് ചേർന്നാണ് പിതാവ് നാണു ചായക്കട നടത്തിയിരുന്നത്.
ബോംബേറിൽ ഗുരുതരമായി പരിക്കേറ്റ അസ്നയെ ആദ്യം തലശ്ശേരി ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലുമെത്തിക്കുകയായിരുന്നു. മാരകമായ ബോംബിന്റെ ഷെല്ലുകൾ തുളച്ചു കയറി ചിതറിയ പിഞ്ചു കാൽ മുട്ടിന് താഴെ വെച്ച് മുറിച്ച് നീക്കിയെങ്കിലും വെടിമരുന്ന് കൊണ്ടുണ്ടായ മുറിവ് പൂർണ്ണമായി ഉണങ്ങാൻ വർഷങ്ങലെടുത്തു.പ്രായം കൂടുന്തോറും കൃത്രിമ കാൽ ഇടക്കിടെ മാറ്റി വെച്ചു കൊണ്ടേയിരുിക്കുകയായിരുന്നു.ഇന്ന് കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡണ്ടായ അഴീക്കോടൻ അശോകൻ ഉൾപ്പെടെയുള്ള 14 ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായിരുന്നു അസ്ന കേസിലെ പ്രതിപട്ടികയിലുണ്ടായിരുന്നത്. ബി.ജെ.പി നേതാവ് ഒ.കെ വാസു മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു കൂട്ടം ബി.ജെ.പി പ്രവർത്തകർ സി.പി.എമ്മിലേക്ക് ചേക്കേറിയപ്പോവാണ് അശോകനും ബി.ജെ.പി വിട്ടിരുന്നത്.
അസ്നയുടെ ഡോക്ടറാവണമെന്ന ആഗ്രഹം പൂവണിയാൻ നാടും നാട്ടുകാരും പ്രിയപ്പെട്ടവരും ഒപ്പം നിന്നു. മകളെ നോക്കാൻ അച്ഛൻ നാണു താൻ നടത്തിയിരുന്ന ചായ കട നിർത്തി വീട്ടിലിരുന്നു. തോളിലെടുത്താണ് അച്ഛൻ ഒരു കാൽ നഷ്ടപ്പെട്ട പ്രിയ പുത്രിയെ സ്കൂളിലെത്തിച്ചത്. കൃത്രിമക്കാൽ ലഭിച്ചതോടെ, വിജയത്തിന്റെ പടവുകൾ ഓരോന്നായി അസ്ന കീഴടക്കുന്നതാണ് പിന്നീട് കണ്ടത്. ആഗ്രഹിച്ച പോലെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചു. അപ്പോഴും നാലാം നിലയിലെ ക്ലാസ് മുറിയിലേക്കു കയറുന്നത് അവൾക്ക് മുന്നിൽ ഒരു വെല്ലുവിളിയായിരുന്നു.കണ്ണൂരിലെ കെ.എസ്.യു നേതാവ് റോബർട്ട് വെള്ളാംവെള്ളി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു നൽകിയ നിവേദനത്തെ തുടർന്ന്, 38 ലക്ഷം രൂപ ചെലവിൽ മെഡിക്കൽ കോളജിൽ അസ്നക്ക് വേണ്ടി ലിഫ്റ്റ് സ്ഥാപിച്ചു.
പഠനത്തിനും ചികിത്സയ്ക്കുമായി നാട്ടുകാർ 15 ലക്ഷം രൂപ സമാഹരിച്ചു നൽകിയിരുന്നു. പാവപ്പെട്ട ഈ കുടുംബത്തിന് കണ്ണൂർ ഡി.സി.സി നേതൃത്വം വീടു നിർമിച്ചു നൽകി. ഹൗസ് സർജൻസി പൂർത്തിയാക്കിയ അസ്ന നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ജോലിക്കായി അപേക്ഷിച്ചിരുന്നു. അപേക്ഷകരിൽ ഒന്നാം സ്ഥാനം നേടിയ അസ്നയ്ക്കു നിയമനം നൽകാൻ ചൊവ്വാഴ്ചയാണ് ചെറുവാഞ്ചേരി പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. ഇതോടെ അസ്ന നാട്ടുകാരുടെ സ്വന്തം ഡോക്ടറായി സേവനം ആരംഭിച്ചു. പാവപ്പെട്ടവരുടെ കണ്ണീരൊപ്പുകയാണ് തന്റെ ദൗത്യമെന്ന് നെഞ്ചുറപ്പോടെ വിശ്വസിക്കുന്ന അസ്നക്ക് മുന്നിൽ ഇതുവരെ എല്ലാ പ്രതിസന്ധികളും നിഷ്പ്രഭമാകുന്ന കാഴ്ചയാണ് കണ്ടത്. ഇനിയും പ്രതിസന്ധികളെ തരണം ചെയ്ത് ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത പുലർത്താൻ തനിക്ക് കഴിയുമെന്ന ശുഭപ്രതീക്ഷയാണ് ഈ യുവ ഡോക്ടർക്കുള്ളത്.
അതിജീവനത്തിന്റെ ഉത്തമ മാതൃകയായി അസ്നയെത്തുമ്പോൾ അക്രമ രാഷട്രീയമെന്ന മനോവൈകല്യത്തെയും ചികിത്സിക്കാൻ പറ്റുമോയെന്ന ചിന്തയിലാണ് നാട്ടിലെ സമാധാന പ്രേമികൾ.