കൊടുംതണുപ്പിനെ തൃണവൽഗണിച്ച് സ്ത്രീകൾ രചിക്കുന്ന ഷഹീൻബാഗ് ചരിത്രം 50 ദിനത്തിലെത്തിയിരിക്കുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കരുത്തുള്ള ആ പോരാട്ടത്തെ തകർക്കാനുള്ള ശ്രമങ്ങളൊന്നും ഫലിക്കാതായപ്പോൾ തോക്കുമായാണ് വർഗീയ ഫാസിസ്റ്റുകൾ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ലോകത്തെ ഒരു ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തേയും തോക്കിനാലോ ലാത്തിയാലോ തകർക്കാനാവില്ല എന്ന ലോകചരിത്രമാണ് ഇവർ മറക്കുന്നത്. ഷഹീൻബാഗിലെ പോരാട്ടമാകട്ടെ പിറന്ന മണ്ണിൽ ജീവിക്കാനുള്ള സമരമാണ്. അതിനാൽ തന്നെ അതിനു വീര്യം കൂടും.
ഷഹീൻബാഗിലെ പെൺപോരാട്ടം സംഘ്പരിവാർ ശക്തികളെ എത്രമാത്രം അസ്വസ്ഥപ്പെടുത്തുന്നു എന്നതിനുദാഹരണമാണ് അവർക്കെതിരായ അക്രമങ്ങളും പ്രധാനമന്ത്രിയുടേതടക്കമുള്ള പ്രസ്താവനകളും. ഒരു മതേതര രാജ്യത്തെ പൗരത്വത്തിൽ മതം മാനദണ്ഡമാക്കുന്നതിനെതിരെയുള്ള ഈ ജനാധിപത്യ പോരാട്ടത്തെ ദൽഹി തെരഞ്ഞെടുപ്പ് ആസന്നമായ വേളയിലെ ഗൂഢാലോചനയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. പതിവുപോലെ ഇസ്ലാമോഫോബിയ പരത്താനാണ് ഈ അവസരത്തേയും ഉപയോഗിക്കുന്നത്. തങ്ങൾ വിജയിച്ചാൽ സമരമവസാനിപ്പിക്കാനുള്ള നടപടികളെടുക്കുമെന്നും ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു എന്നതിൽ നിന്നുതന്നെ ഈ സമരത്തിന്റെ സന്ദേശത്തെ അവരെന്തുമാത്രം ഭയപ്പെടുന്നു എന്നതിനു തെളിവാണ്. രാജ്യത്തെ പലഭാഗത്തും ഇപ്പോൾ തന്നെ ഷാഹിൻ ബാഗുകൾ ഉയരുകയാണ്. ഇനിയുമത് ഉയരുമെന്നവർ ഭയപ്പെടുന്നു.
ഗാന്ധിവധത്തിനുശേഷം ഏറെകാലം പുറകോട്ടുപോയ സംഘപരിവാർ അജണ്ട ഏവർക്കുമറിയാവുന്ന പോലെ വീണ്ടും ശക്തിയാർജിക്കുന്നത് ബാബ്‌രി മസ്ജിദിനെതിരായ കടന്നാക്രമണത്തോടെയാണ്. പിന്നീടങ്ങോട്ട് കൃത്യമായ വർഗ്ഗീയ അജണ്ടകൾ നടപ്പാക്കിയാണ് സംഘപരിവാർ അധികാരത്തിലെത്തിയത് എന്നും വ്യക്തം. ഗുജറാത്ത്, മുംബൈ, മുസാഫർനഗൽ, കാണ്ഡമാൽ പോലുള്ള വംശീയഹത്യകളും ബുദ്ധിജീവികളുടേയും എഴുത്തുകാരുടേയും കൊലകളും ബീഫ് മുതൽ ശ്രീറാംവിളിയുടെ പേരിൽ വരെയുള്ള മുസ്ലിംകൊലകളും ദളിത് പീഡനങ്ങളും കലാശാലകളെയും അക്കാദമിക് സ്ഥാപനങ്ങളേയും കയ്യടക്കലുമെല്ലാം അതിന്റെ ഭാഗമായിരുന്നു. രണ്ടാം മോഡി ഭരണത്തോടെ ഈ അജണ്ടക്ക് വേഗത കൂടി. ഭീകരനിയമങ്ങൾ കൂടുതൽ ഭീകരമാക്കിയതും മുസ്ലിംകളുടെ മാത്രം വിവാഹമോചനം ക്രിമിനൽ കുറ്റമാക്കിയതും കശ്മീരിൽ 370-ാം വകുപ്പ് എടുത്തുകളഞ്ഞതും അസമിലെ പൗരത്വപട്ടികയുമൊക്കെ അതിന്റെ ഭാഗമായിരുന്നു. ഈ സമയങ്ങളിലെല്ലാം രാജ്യമെങ്ങും പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും അവയൊന്നും അതിശക്തമായില്ല. കശ്മീരിനെയാകട്ടെ തികച്ചും തടവറയാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹിന്ദുത്വരാഷ്ട്രം എന്ന തങ്ങളുടെ ലക്ഷ്യത്തിന്റെ അടുത്തപടിയായ പൗരത്വ നിയമ ഭേദഗതിക്കവർ തയ്യാറായത്. എന്നാലിത്തവണ സംഘ്പരിവാറിന്റെ കണക്കുകൾ തെറ്റി. ജാമിയ മില്ലിയ സർവ്വകലാശാലയിലെ കുട്ടികൾ ആരംഭിച്ച പ്രതിരോധം രാജ്യമെങ്ങും ഏറ്റെടുത്തു. വേണമെങ്കിൽ ഒരു വർഗ്ഗീയകലാപമോ വംശീയഹത്യമോ നടത്താമെന്ന സംഘപരിവാർ പ്രതീക്ഷകളെ രാജ്യം പ്രതിരോധിച്ചു. ചന്ദ്രശേഖർ ആസാദിനെപോലുള്ളവർ ഈ പ്രതിരോധത്തിന്റെ പ്രതീകമായി മാറിയത് സംഘപരിവാറിനെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു.
ഈ ചരിത്രപോരാട്ടത്തിന്റെ പ്രതീകമാണ് ഷാഹിൻബാഗ്. സംഘപരിവാറും ഇന്ത്യയും തമ്മിലുള്ള ഈ പോരാട്ടത്തിന്റെ ഊർജസ്രോതസ്സാണ് ഷാഹിൻബാഗിലെ പന്തമേന്തിയ പെണ്ണുങ്ങൾ. അതിനാൽ തന്നെയാണ് അതു തകർക്കാനുള്ള നീക്കം ശക്തമായിരിക്കുന്നത്, ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഷാഹിൻബാഗിനെ പിന്തുണച്ചും കഴിയുന്നത്രയിടങ്ങളിൽ ഷഹീൻ ബാഗുകൾ ഉയർത്തിയുമാണ് രാജ്യം പ്രതിരോധിക്കേണ്ടത്.
ഈയവസരത്തിൽ കേരളത്തെ കുറിച്ച് പ്രതിപാദിക്കാതിരിക്കാനാവില്ല. പൗരത്വനിയമത്തിനെതിരെ ആദ്യമായി പ്രമേയം പാസാക്കിയ നിയമസഭയാണ് നമ്മുടേത് എന്ന അവകാശവാദത്തിൽ രമിക്കുകയാണ് നാം. എന്നാൽ പൗരത്വഭേദഗതിക്കെതിരായ പോരാട്ടത്തിൽ ജാതി - മത - ലിംഗ - രാഷ്ട്രീയ വ്യത്യാസമില്ലാതെ പോരാടുക എന്ന ഷഹീൻബാഗിന്റെ യഥാർത്ഥസന്ദേശത്തോട് മുഖം തിരിക്കുകയാണ് പൊതുവിൽ കേരളം എന്നു പറയാതെവയ്യ. മറിച്ച് അവയെല്ലാം മാനദണ്ഡമാക്കുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ ദിവസം നിയമസഭയിലുണ്ടായ സംഭവം തന്നെ ഉദാഹരണം. റോജി ജോൺ എം എൽ എയുടെ ഒരു ഡയറക്ട് ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി നോക്കുക. അങ്കമാലി നിയോജക മണ്ഡലത്തിൽ, മഹല്ല് കമ്മിറ്റികളുടെ മുൻകയ്യിൽ നടത്തിയ തീർത്തും സമാധാനപരമായ, പൗരത്വ ബില്ലിനെതിരായ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ മാത്രം, ഇരുനൂറോളം പേർക്കെതിരെ പോലീസ് എടുത്ത കേസുകൾ പിൻവലിക്കുേേമാ എന്നായിരുന്നു ചോദ്യം. അതിനു മുഖ്യമന്ത്രി പറഞ്ഞ മറുപടി മഹല്ല് കമ്മിറ്റികളിൽ പലയിടത്തും എസ്ഡിപിഐയെപോലുള്ള സംഘടനകൾ നുഴഞ്ഞ് കയറി കുഴപ്പമുണ്ടാക്കുന്നു എന്നായിരുന്നു. അങ്കമാലിയിൽ കുഴപ്പമുണ്ടാക്കിയോ, എവിടെയാണ് കുഴപ്പമുണ്ടാക്കിയത് എന്നൊന്നും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നില്ല.
ഫലത്തിൽ മോഡിയും അമിത് ഷായും യോഗിയും ഉന്നയിക്കുന്ന ആരോപണങ്ങൾ, പ്രത്യേക രീതിയിൽ ആവർത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. പൗരത്വബില്ലിനെതിരായ ഹർത്താൽ തോൽപ്പിക്കാൻ ശ്രമിച്ചതുമുതൽ ഈ പ്രവണത കാണാം. പിന്നീട് ജാമിയയിലെ സമരപോരാളിയായ വിദ്യാർത്ഥിനിക്കുനേരെ കയ്യേറ്റശ്രമം നടന്നു. കൊടുങ്ങല്ലൂരിൽ സാക്ഷാൽ ചന്ദ്രശേഖർ ആസാദ് പങ്കെടുത്ത പരിപാടിയിൽ പങ്കെടുക്കരുതെന്ന തീട്ടൂരം പോലും മുഖ്യമന്ത്രിയുടെ പാർട്ടി ഇറക്കി. അതോടൊപ്പം മുഖ്യമന്ത്രിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന് പൗരത്വഭേദഗതിക്കെതിരെ പ്രസംഗിക്കുന്ന കാന്തപുരം സ്ത്രീകൾ സമരത്തിനിറങ്ങരുതെന്ന് ആഹ്വാനം ചെയ്യുന്നു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീപങ്കാളിത്തം എത്ര കുറവ്. കാമ്പസുകളിലും കാര്യമായ ചലനമില്ല. അവസാനമിതാ കൊല്ലത്തും കൊടുങ്ങല്ലൂരും അക്രമങ്ങളും ഉണ്ടായിരിക്കുന്നു. എസ് ഡി പിഐയും സിപിഎമ്മുമാണ് തങ്ങളെ ആക്രമിച്ചതെന്ന് ബിജെപി ആരോപിക്കുന്നു.
ചുരുക്കത്തിൽ ഷഹീൻ ബാഗ് മുന്നോട്ടുവെക്കുന്ന സന്ദേശങ്ങൾക്ക് - ജാതി, മത, കക്ഷിരാഷ്ട്രീയ, ലിംഗേഭദമില്ലാതെ സ്ത്രീകളുടേയും വിദ്യാർത്ഥികളുടേയും നേതൃത്വത്തിലുള്ള അക്രമരഹിതസമരം - എല്ലാം എതിരായ രീതിയിലാണ് കേരളത്തിന്റെ പോക്ക്. അതിൽ അദ്ഭുതമൊന്നുമില്ല. അടിയന്തരാവസ്ഥാകാലത്തും മണ്ഡൽ കമ്മീഷൻ കാലത്തുമൊക്കെ അതങ്ങനെയായിരുന്നു. നമ്പർ വൺ എന്നു സ്വയം വിശേഷിപ്പിക്കുന്ന നമ്മൾ പോരാട്ടങ്ങളുടെ കാര്യത്തിൽ എന്നും പിറകിൽ തന്നെയായിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിന്റെ മുഖ്യധാരയിലെ ഈ പ്രവണതകളെ അതിജീവിച്ച് യഥാർത്ഥ ഷഹീൻ ബാഗുകൾ കെട്ടിപ്പടുക്കാനാണ് ഉത്തമ ജനാധിപത്യ - മതേതരവാദികൾ ശ്രമിക്കേണ്ടത്.