Sorry, you need to enable JavaScript to visit this website.

എല്ലാ കണ്ണുകളും ദില്ലിയിലേക്ക് 

ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ നമ്മുടെ രണ്ട് ഭരണാധികാരികൾ വോട്ടുകൾ ലക്ഷ്യമിട്ട് പ്രസ്താവനകളിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും. കുഴപ്പമുണ്ടാക്കുന്നതാരെന്ന് വസ്ത്രം കണ്ടാൽ തിരിച്ചറിയാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഡയലോഗ്. ജാമിഅ മില്ലിയ സർവകലാശാലയായിരുന്നു അന്ന് പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രം. മന്ത്രിസഭയിൽ രണ്ടാമനായ അമിത് ഷാ ഝാർഖണ്ഡിലെ ജനങ്ങളോട് പറഞ്ഞു: മൂന്ന് മാസത്തിനകം ആകാശം മുട്ടുന്ന അമ്പലം അയോധ്യയിൽ പണിയുമെന്ന്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതൊന്നും ഏശിയില്ല. എതിരാളികൾ ജയിച്ചു കയറി. ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളൊന്നും ചർച്ച ചെയ്യാതെ മതവും സാമുദായികതയും മാത്രം എടുത്തിട്ടുള്ള കാമ്പയിൻ എത്ര കാലം മുന്നോട്ട് കൊണ്ടു പോകാനാവും. ഇതിൽ നിന്നൊന്നും പാഠമുൾക്കൊള്ളാതെ ദൽഹിയിൽ പ്രചാരണം മൂർധന്യത്തിലെത്തിയപ്പോൾ വർഗീയതയിലൂന്നിയായിരുന്നു പ്രചാരണം.

കൊടുംതണുപ്പിനെ വകവെക്കാതെ വീട്ടമ്മമാർ സമരം ചെയ്യുന്ന ദൽഹിയിലെ ഷഹീൻ ബാഗിനെ ഉന്നം വെച്ച് മോഡി, അമിത് ഷാ തുടങ്ങിയ പ്രമുഖർ രംഗത്തെത്തി. ഞങ്ങൾക്ക് ഭരണം കൈവന്നാൽ ഷഹീൻ ബാഗ് ഇല്ലാതാക്കുമെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം. ബലാൽസംഗം, വെടിവെച്ചു കൊല്ലും എന്നിത്യാദി പതിവ് ചേരുവകളും മറന്നിട്ടില്ല. ഇതൊക്കെയായിട്ടും ബി.ജെ.പിയ്ക്ക് ഇത്തവണ ദൽഹി നിയമസഭ പിടിക്കാനാവില്ലെന്നാണ് ടൈംസ് നൗ ചാനലിന്റെ അഭിപ്രായ സർവേയിൽ കണ്ടെത്തിയത്. അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയായി തുടരുമെന്നാണ്  ടൈംസ് നൗ ഐ.പി.എസ്.ഒ.എസ് സർവേ ഫലം. ആംആദ്മി പാർട്ടിക്ക് വോട്ടെടുപ്പിൽ 54 മുതൽ 60 സീറ്റ് വരെ ലഭിക്കും എന്നാണ് സർവേയിൽ പറയുന്നത്. ബിജെപി 10 മുതൽ 14 സീറ്റുകളിലൊതുങ്ങുമെന്നും സർവേ പ്രവചിക്കുന്നു. കോൺഗ്രസിന് പൂജ്യം മുതൽ രണ്ട് സീറ്റുകൾ മാത്രമാണ് സർവേ പറയുന്നത്. ബിജെപിക്ക് 34 ശതമാനം വോട്ടുകളാണ് ലഭിക്കുക. കോൺഗ്രസിന് നാല് ശതമാനം വോട്ട് ലഭിക്കുമെന്നും സർവേ വ്യക്തമാക്കുന്നു. ഈ മാസം എട്ടിനാണ് 70 അംഗ ദൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. 11 ന് ഫലം പ്രഖ്യാപിക്കും. 


ജെ.എൻ.യു, ജാമിഅ, ഷഹീൻ ബാഗ് പ്രക്ഷോഭങ്ങൾ നിമിത്തം അന്താരാഷ്ട്ര മാധ്യമങ്ങളുടെ ക്യാമറ കണ്ണുകൾ ദൽഹിയിലേക്ക് തുറന്നു വെച്ചിരിക്കുകയാണ്. 
പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിനെത്തുടർന്ന് പ്രക്ഷോഭങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിച്ച  അരക്ഷിതാവസ്ഥ കാരണം എട്ടു രാജ്യങ്ങൾ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയ വാർത്ത ഇന്നലെ പുറത്ത് വന്നു. കേന്ദ്ര ടൂറിസംമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലാണ് ലോക്‌സഭയിൽ ഇക്കാര്യം അറിയിച്ചത്. ഓസ്‌ട്രേലിയ, ബെൽജിയം, കാനഡ, ചൈന, മലേഷ്യ, ന്യൂസിലാൻഡ്, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളാണ് തങ്ങളുടെ പൗരന്മാർക്കായി യാത്രാനിയന്ത്രണവും മാർഗനിർദേശവും ഏർപ്പെടുത്തിയത്.
നിയമസഭാ വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ ബിജെപിക്ക് മുമ്പിൽ എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. ഇപ്പോഴെങ്കിലും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ധൈര്യമുണ്ടോ എന്നാണ് കെജ്‌രിവാളിന്റെ ചോദ്യം. 


മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാതെയാണ് ഇത്തവണ ബിജെപി നിയമസഭാ തെരരഞ്ഞെടുപ്പ് നേരിടുന്നത്. എഎപി വീണ്ടും അധികാരത്തിലെത്തിയാൽ കെജ്‌രിവാൾ തന്നെയാകും മുഖ്യമന്ത്രി. എന്നാൽ ബിജെപിക്ക് ഉയർത്തിക്കാട്ടാൻ ദൽഹിയിൽ  നേതാവില്ലേ എന്ന് എഎപി നേതാക്കൾ ചോദിക്കുന്നു.  ഇന്ന് ഉച്ചയ്ക്ക് ഒരുമണി വരെയാണ് ബി.ജെ.പിയ്ക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ സമയം അനുവദിച്ചത്. 
ആപ്പും ബിജെപിയും വെല്ലുവിളിയുമായി മുന്നേറുമ്പോൾ കോൺഗ്രസിൽ പതിവ് കലാപരിപാടികൾ തുടങ്ങിയതും ശ്രദ്ധേയമാണ്. 
മുതിർന്ന കോൺഗ്രസ് നേതാവ് ജനാർദ്ദൻ ദ്വിവേദിയുടെ മകൻ സമീർ ദ്വിവേദി ബിജെപിയിൽ  ചേർന്നു. ബിജെപി ആസ്ഥാനത്ത് വെച്ച് ജനറൽ സെക്രട്ടറി അരുൺ സിങ്ങിന്റെ സാന്നിധ്യത്തിൽ ഇന്നലെയാണ്  അദ്ദേഹം പാർട്ടി അംഗത്വം സ്ഥിരീകരിച്ചത്.


അതേസമയം മകന്റെ പാർട്ടി അംഗത്വത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും ബിജെപിയിൽ ചേരാൻ തീരുമാനിച്ചത് അവന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ജനാർദ്ദൻ ദ്വിവേദി പ്രതികരിച്ചു. ദശാബ്ദക്കാലത്തോളം എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു ജനാർദ്ദൻ ദ്വിവേദി.ഇതിനിടയ്ക്ക് ആം ആദ്മി പാർട്ടി പുറത്തിറക്കിയ പ്രകടന പത്രിക ശ്രദ്ധേയമായി. ജൻ ലോക്പാൽ ബിൽ പാസാക്കുമെന്നതാണ് പ്രധാന വാഗ്ദാനം. 
പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രകടന പത്രിക പ്രകാശനം ചെയ്തത്.
സ്വരാജ് ബിൽ പാസാക്കും, റേഷൻ വീടുകളിലെത്തിക്കും, ശുചീകരണ സമയത്ത് തൊഴിലാളി മരിച്ചാൽ കുടുംബത്തിന് ഒരു കോടി ധനസഹായം നൽകും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. 


സാധാരണക്കാരുടെ ജീവിതവുമായി ബന്ധമുള്ള കാര്യങ്ങളാണ് പത്രികയിലുള്ളത്. മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങൾ എഴുതിത്തള്ളിയ കോൺഗ്രസിനെ സ്വീകരിക്കുകയായിരുന്നു. ഇത് പോലൊരു സർപ്രൈസ് വിജയം ചില നേതാക്കളെങ്കിലും സ്വപ്‌നം കാണുന്നുണ്ട്. ഇതു കൊണ്ടാവണം മുസ്‌ലിം-സിഖ് വോട്ടുകളിൽ കണ്ണ് വെച്ച് അവസാന നിമിഷം മൻമോഹൻ സിംഗിനെ പോലൊരു പ്രമുഖനെ രംഗത്തിറക്കിയത്. കോൺഗ്രസ് സജീവമല്ലാത്തതിനാൽ മുസ്‌ലിംകൾ കൂട്ടത്തോടെ ആംആദ്മി പാർട്ടിയ്ക്ക് വോട്ട് ചെയ്യാനിടയുണ്ടെന്ന ധാരണയിലാണ് കോൺഗ്രസ് പ്രചാരണത്തിൽ സജീവമായത്. 2015നെ അപേക്ഷിച്ച് കോൺഗ്രസിന്റെയും മൻമോഹന്റെയും പ്രതിച്ഛായയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. സിഖ് വോട്ടർമാരെ സ്വാധീനിക്കാൻ സാധിക്കുന്ന ഘടകമായി മൻമോഹൻ മാറുമെന്ന് തന്നെയാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. മൻമോഹൻ സിംഗിന് പുറമേ നവജോത് സിദ്ദു, അമരീന്ദർ സിംഗ് എന്നിവരുമുണ്ട്. ബിഹാർ,  കേരളം, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളെയും കോൺഗ്രസ് ദൽഹിയിലെത്തിച്ചിട്ടുണ്ട്. കുടിയേറ്റ നഗരമെന്ന് പേരുള്ള ദൽഹിയിൽ  പല സംസ്ഥാനങ്ങളിൽ നിന്നും കുടിയേറിയവരാണ് വോട്ടർമാരായുള്ളത്. ഇവരുടെ സംസ്ഥാനങ്ങളിൽ നിന്ന് നേതാക്കൾ വരുമ്പോൾ അത് നേട്ടമാകുമെന്നാണ് കണക്കുകൂട്ടൽ. 
ദൽഹി എന്ന കൊച്ചു സംസ്ഥാനത്ത് ആര് ജയിച്ചാലും ഭരണത്തിലേറിയാലും സാധാരണ ഗതിയിൽ അതൊരു വിഷയമല്ല. എന്നാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ദൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പ്രാധാന്യമേറെയാണ്. 

Latest News