തൊടുപുഴ- പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി സംഘ്പരിവാര്‍ സംഘടനകള്‍ പ്രകടനവും പൊതുസമ്മേളനവും നടത്തുമ്പോള്‍ കടകള്‍ അടച്ച് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തരുതെന്ന് പോലീസ്. ഇങ്ങനെ കടകളടച്ചാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നോട്ടീസ് പോലീസ് തന്നെ വ്യാപാരികള്‍ക്ക് എത്തിച്ചു.
തൊടുപഴ കരിമണ്ണൂര്‍ ടൗണില്‍ ഇന്ന് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ജനജാഗ്രത സമിതി നടത്തുന്ന പൊതുയോഗത്തോടനുബന്ധിച്ചാണ് പോലീസ് നോട്ടീസ് നല്‍കിയത്.
മുന്‍കൂര്‍ അനുമതിയില്ലാതെ കടകളടച്ച് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നാണ് നോട്ടീസിലെ അഭ്യര്‍ഥന.
കേരളത്തില്‍ പലസ്ഥലങ്ങളിലും സി.എ.എക്ക് അനുകൂലമായി ബി.ജെ.പിയും സംഘ് പരിവാര്‍ സംഘടനകളും പൊതുയോഗവും പ്രകടനവും നടത്തിയപ്പോള്‍ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചിരുന്നു.