റിയാദ് - മലയാളം ന്യൂസ്, അറബ് ന്യൂസ് ദിനപത്രങ്ങളുടെ ഉടമകളായ സൗദി റിസേർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പിന് റിയാദ് മീഡിയ സിറ്റിയിൽ പുതിയ ആസ്ഥാന മന്ദിരം നിർമിക്കുന്നതിന് കരാർ ഒപ്പുവെച്ചു. മീഡിയ സിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ഫഹദ് ബിൻ മുശൈത്തും സൗദി റിസേർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പ് സി.ഇ.ഒ സ്വാലിഹ് അൽദുവൈസുമാണ് ഇതിനുള്ള കരാറിൽ ഒപ്പുവെച്ചത്.
അറബ് ലോകത്തെ ഏറ്റവും വലിയ മാധ്യമ സ്ഥാപനമായ എം.ബി.സി ഗ്രൂപ്പും അൽഅറബിയ, അൽഹദസ് ചാനൽ നെറ്റ്‌വർക്കും മീഡിയ സിറ്റിയിൽ പുതിയ ആസ്ഥാനങ്ങൾ നിർമിക്കുന്നതിന് കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്.
ചൈനീസ് ഓൺലൈൻ വ്യാപാര ഭീമനായ അലി ബാബക്കു കീഴിലെ ഇലക്‌ട്രോണിക് വേൾഡ് ട്രേഡ് പ്ലാറ്റ്‌ഫോം അറേബ്യ ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ റീജണൽ ഓഫീസ് റിയാദ് മീഡിയ സിറ്റിയിൽ സ്ഥാപിക്കുന്നതിനും കരാർ ഒപ്പുവെച്ചിട്ടുണ്ട്. ഇതോടെ മീഡിയ സിറ്റി നിർമാണ ജോലികൾക്ക് തുടക്കമായി.
റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലാണ് മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ മീഡിയ സിറ്റി സ്ഥാപിക്കുന്നത്. മീഡിയ സിറ്റിയിൽ ആസ്ഥാന മന്ദിരങ്ങൾ സ്ഥാപിക്കുന്നതിനുള്ള ആദ്യ കരാറുകളാണ് ഇന്നലെ ഒപ്പുവെച്ചത്.