റിയാദ് - ഫാർമസി മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പ്രഖ്യാപിച്ച തീരുമാനം നിലവിൽ രാജ്യത്ത് ഉദ്യോഗാർഥികളായി കഴിയുന്ന മുഴുവൻ സ്വദേശി ഫാർമസിസ്റ്റുകൾക്കും തൊഴിൽ ഉറപ്പുനൽകും. രണ്ടു ഘട്ടങ്ങളായി 50 ശതമാനം സൗദിവൽക്കരണം നടപ്പാക്കുന്നതിനാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ 20 ശതമാനം സൗദിവൽക്കരണമാണ് നിർബന്ധമാക്കുക. ആദ്യ ഘട്ടത്തിൽ തന്നെ സൗദിയിൽ നിലവിൽ ഉദ്യോഗാർഥികളായി കഴിയുന്ന നാലായിരത്തിലേറെ വരുന്ന സ്വദേശി ഫാർമസിസ്റ്റുകൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 4,111 സ്വദേശി ഫാർമസിസ്റ്റുകളാണ് ഉദ്യോഗാർഥികളായി ബന്ധപ്പെട്ട വകുപ്പുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 761 സ്വദേശി ഫാർമസിസ്റ്റുകൾ തൊഴിൽരഹിതരായി കഴിയുന്നുണ്ട്. സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ തേടുന്ന ഇക്കൂട്ടത്തിൽ 727 പേർ ബാച്ചിലർ ബിരുദധാരികളും 34 പേർ ബിരുദാനന്തര ബിരുദധാരികളുമാണ്. സർക്കാർ സർവീസിൽ തൊഴിൽ തേടുന്ന 3,350 ഫാർമസിസ്റ്റുകൾ സിവിൽ സർവീസ് മന്ത്രാലയത്തിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ 3,309 പേർ ബാച്ചിലർ ബിരുദധാരികളും 41 പേർ ബിരുദാനന്തര ബിരുദധാരികളുമാണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 8,665 സ്വകാര്യ ഫാർമസികളുണ്ട്. സ്വകാര്യ ഫാർമസികളിൽ 22,467 ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്നു. ഇക്കൂട്ടത്തിൽ സൗദികൾ 6.4 ശതമാനം മാത്രമാണ്. സ്വകാര്യ മേഖലയിൽ 1,443 സൗദി ഫാർമസിസ്റ്റുകളും 21,024 വിദേശ ഫാർമസിസ്റ്റുകളും ജോലി ചെയ്യുന്നു. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ സ്ഥാപനങ്ങളിൽ 4,006 ഫാർമസിസ്റ്റുകളുണ്ട്. ഇക്കൂട്ടത്തിൽ 93.4 ശതമാനം പേരും സൗദികളാണ്. നാഷണൽ ഗാർഡ് മന്ത്രാലയം, പൊതുസുരക്ഷാ വകുപ്പ്, പ്രതിരോധ മന്ത്രാലയം അടക്കമുള്ള മറ്റു സർക്കാർ വകുപ്പുകൾക്കു കീഴിലെ ആരോഗ്യ സ്ഥാപനങ്ങളിൽ 2,652 ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിൽ 71.9 ശതമാനം സൗദികളാണ്.
രാജ്യത്തെ മുഴുവൻ ഫാർമസികളിലും ആരോഗ്യ സ്ഥാപനങ്ങളിലുമായി ആകെ 29,125 ഫാർമസിസ്റ്റുകളാണ് ജോലി ചെയ്യുന്നത്. ഇക്കൂട്ടത്തിൽ 24.3 ശതമാനം പേർ സൗദികളാണ്. നിരവധി ഫാർമസി കോളേജുകൾ പുതുതായി ആരംഭിച്ചതിനാൽ സൗദിയിൽ ഫാർമസി ബിരുദം നേടി പുറത്തിറങ്ങുന്ന സ്വദേശികളുടെ എണ്ണം ഓരോ വർഷം കഴിയുന്തോറും വർധിച്ചുവരികയാണ്. ഈ വർഷം രാജ്യത്തെ യൂനിവേഴ്‌സിറ്റികൾക്കു കീഴിലെ ഫാർമസി കോളേജുകളിൽ നിന്ന് 1,776 സൗദികൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുമെന്നാണ് കണക്കാക്കുന്നത്. ഇക്കൂട്ടത്തിൽ 848 പേർ പുരുഷന്മാരും 928 പേർ വനിതകളുമാണ്. 2027 ആകുമ്പോഴേക്കും 26,697 സ്വദേശി ഫാർമസിസ്റ്റുകൾ ബിരുദം നേടി പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാൽറ്റീസ് രജിസ്‌ട്രേഷനും അക്രെഡിറ്റേഷനുമുള്ള 29,090 ഫാർമസിസ്റ്റുകളാണ് രാജ്യത്തുള്ളത്. ഇക്കൂട്ടത്തിൽ 8,273 പേർ സ്വദേശികളും 20,817 പേർ വിദേശികളുമാണ്. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാൽറ്റീസ് രജിസ്‌ട്രേഷനും അക്രെഡിറ്റേഷനുമുള്ള ഫാർമസിസ്റ്റുകളുടെ എണ്ണം 2027 ഓടെ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന സൗദി ഫാർമസിസ്റ്റുകളുടെ എണ്ണത്തിന് ഏറെക്കുറെ സമമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.