ജിദ്ദ - ഹജ് തീർഥാടകരുടെ യാത്രാ നടപടികൾ ജവാസാത്ത് ഡയറക്ടറേറ്റ് കൂടുതൽ എളുപ്പമാക്കുന്നു. സൗദിയിലേക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട തീർഥാടകരുടെ നടപടികൾ വിദേശങ്ങളിൽ വെച്ചു തന്നെ പൂർത്തിയാക്കുന്ന പദ്ധതിയാണ് ഈ വർഷം മുതൽ ജവാസാത്ത് ഡയറക്ടറേറ്റ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി തുടങ്ങിയത്. ഇത് വിജയകരമാണെന്ന് തെളിഞ്ഞതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതി ജവാസാത്ത് നടപ്പാക്കുന്നത്. തീർഥാടകരുടെ നടപടികൾ എളുപ്പമാക്കുന്നതിനും അവർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനും വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു.
മലേഷ്യയിൽ നിന്നുള്ള ഹാജിമാർക്കാണ് ഈ വർഷം മുതൽ പദ്ധതി നടപ്പാക്കി തുടങ്ങിയത്. ഇതിനായി മലേഷ്യയിലെ ക്വലാലംപൂർ എയർപോർട്ടിൽ ജവാസാത്ത് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. തീർഥാടകർ സൗദിയിലേക്ക് വിമാനം കയറുന്നതിനു മുമ്പായി മലേഷ്യൻ എയർപോർട്ടിൽ വെച്ചു തന്നെ സൗദി ജവാസാത്തുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാക്കുകയാണ് ചെയ്യുന്നത്. ഹാജിമാരുടെ പേരുവിവരങ്ങൾ, പാസ്‌പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ, വിരലടയാളം, ഫോട്ടോ എന്നിവയെല്ലാം മലേഷ്യയിൽ വെച്ചു തന്നെ ശേഖരിച്ച് ജവാസാത്ത് കംപ്യൂട്ടർ നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. സൗദിയിലെത്തുന്ന തീർഥാടകരുടെ പേരുവിവരങ്ങളും പാസ്‌പോർട്ടും ഒത്തുനോക്കുക മാത്രമാണ് ജവാസാത്ത് കൗണ്ടറുകളിൽ ചെയ്യുക. നിമിഷ നേരത്തിനുള്ളിൽ ജവാസാത്ത് കൗണ്ടറുകളിൽ നിന്ന് നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങുന്നതിന് ഇതിലൂടെ തീർഥാടകർക്ക് സാധിക്കും.
മലേഷ്യയിൽ വെച്ച് യാത്രാ നടപടികൾ പൂർത്തിയാക്കി, ഇന്നലെ രാവിലെ ക്വലാലംപൂരിൽ നിന്ന് എത്തിയ നാസ് എയർ 6042 -ാം നമ്പർ സർവീസിലെ ഹജ് തീർഥാടകരെ ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽയഹ്‌യ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു. ഹജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുന്നതാണ് ജവാസാത്തിന്റെ പുതിയ സേവനം. തീർഥാടകരുടെ തൃപ്തി സമ്പാദിക്കുന്നതിന് ഇത് ജവാസാത്ത് ഡയറക്ടറേറ്റിനെ സഹായിക്കും.