ദുബായ്- പതിനെട്ട് രാജ്യങ്ങളിലായി 81 ബിസിനസ് ഇടപാടുകള്‍ നടത്തി കോടികള്‍ തട്ടിയ ആഫ്രിക്കന്‍ സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.ഒമ്പതംഗ സൈബര്‍ കുറ്റവാളി സംഘമാണ് അതിവിദഗ്ധമായ ഓപറേഷനിലൂടെ പോലീസ് കെണിയില്‍പെട്ടത്. സാമൂഹിക മാധ്യമങ്ങളില്‍ സമ്പന്ന പ്രതിച്ഛായ സൃഷ്ടിച്ച് വ്യാജ തൊഴില്‍ അവസരങ്ങള്‍ കാട്ടി കോടികള്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയായിരുന്നു സംഘം. ഇവര്‍ തട്ടിയെടുത്ത തുക ഏകദേശം 32 ദശലക്ഷം ദിര്‍ഹം വരുമെന്നാണ് കണക്കാക്കുന്നത്.
ഓപറേഷന്‍ ഫോക്‌സ് ഹണ്ട് എന്ന പേരിട്ട അന്വേഷണത്തിലൂടെയാണ് സംഘത്തെ പോലീസ് വലയിലാക്കിയത്. യു.എ.ഇയിലെ വസതിയില്‍നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. ഇവര്‍ തട്ടിപ്പിന് ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. നിരവധി വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് രഹസ്യ വിവരങ്ങളടക്കം ഇവയില്‍നിന്ന് കണ്ടെടുത്തത് പോലീസിനെ ഞെട്ടിച്ചു.
എട്ട് ലക്ഷത്തോളം ഇ മെയില്‍ അക്കൗണ്ടുകളുടെ ശേഖരമാണ് ഇവരില്‍നിന്ന്് കണ്ടെടുത്തത്. 400 കോടി ദിര്‍ഹത്തിന്റെ തട്ടിപ്പാണ് ഇതിലൂടെ ഒഴിവായതെന്ന് ദുബായ് പോലീസിലെ അസി. കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.
തൊഴില്‍ സാധ്യതകളുണ്ടെന്ന് തെറ്റിധരിപ്പിച്ച് സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍നിന്ന് പണം തട്ടുകയായിരുന്നു ഇവരുടെ പരിപാടി.