വിദ്വേഷ പ്രസംഗം: ഫാ.ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ പോലീസില്‍ പരാതി

പഴയങ്ങാടി- ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ വിവാദ പ്രസംഗം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി. മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് പഴയങ്ങാടി സ്വദേശി ബി.തന്‍വീര്‍ അഹമ്മദാണ് കണ്ണൂര്‍ ജില്ലാ പോലിസ് സൂപ്രണ്ട് മുമ്പാകെ പരാതി നല്‍കിയത്.

ക്രിസ്ത്യന്‍, ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ മുസ്ലിംകളോട് വിദ്വേഷവും പകയും ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് മാത്രം നടത്തിയ പ്രസംഗമാണിതെന്ന് പരാതിയില്‍ പറയുന്നു. ചരിത്രത്തെ വളച്ചൊടിച്ച് മുസ്ലിം വിരോധം ജനിപ്പിക്കാനുള്ള വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ലോകത്താകെ ക്രിസ്ത്യാനികളെ കൊല്ലുന്നത് മുസ്ലിംകളാണെന്നുള്ള പ്രസംഗം തികച്ചും അടിസ്ഥാനരഹിതവും ജനങ്ങളില്‍ മുസ്ലിം വിരോധം ഉണ്ടാക്കാനും മുസ്ലിംകളെ വെറുക്കാന്‍ ആഹ്വാനം ചെയ്യുന്നതുമാണ്. നാടിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ച ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരേ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

വിദ്വേഷ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് ഇസ്ലാമിനെ വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചില്ലെന്ന് വ്യക്തമാക്കി ഫാദര്‍ ക്ഷമാപണം നടത്തിയിരുന്നു.

 

Latest News