തിരുവനന്തപുരം-കേരളത്തില്‍ കൊറോണ രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മൂന്നാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണിത്. സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുമെന്നും ചൈനയില്‍നിന്ന് തിരികെയെത്തുന്നവരെ പരിഭ്രാന്തി പരത്താതെ ക്വാറന്റൈന്‍ ചെയ്യുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
എല്ലാ ജില്ലകളിലും ചൈനയില്‍ നിന്നുള്ളവര്‍ തിരികെ വരാനിടയുണ്ട്. വിവരശേഖരണം ജില്ലാടിസ്ഥാനത്തില്‍ നടത്തിവരികയാണ്. സംസ്ഥാനത്തെമ്പാടും 2239 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 84 പേരാണ് ആശുപത്രിയിലുള്ളത്. 2155 പേര്‍ വീടുകളിലും. 140 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 49 എണ്ണത്തിന്റെ ഫലം വന്നു. ഇതിലാണ് മൂന്ന് പോസ്റ്റീവ് കേസുകള്‍ കണ്ടെത്തിയത്.
ചിലര്‍ വിവരം തരാതെ ഒഴിഞ്ഞുമാറുന്നതായി മനസ്സിലാക്കുന്നുണ്ടെന്നും ക്വാറന്റൈന്‍ ചെയ്യാന്‍ വിസമ്മതിക്കുന്നുണ്ടെന്നും പറഞ്ഞു. അനുസരിച്ചില്ലെങ്കില്‍ കുറ്റകൃത്യമായി കണക്കാക്കുമെന്നും തല്‍ക്കാലം ശിക്ഷാ നടപടി ആലോചിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
വൈറസ് ബാധ പടരുന്നത് കര്‍ശനമായി തടയാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം വിപുലീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 18 കമ്മറ്റികള്‍ രൂപീകരിച്ചു. നിരീക്ഷണത്തിലുള്ളവര്‍ക്ക് പ്രത്യേക കൗണ്‍സലിംഗ് സംഘത്തെ ഏര്‍പ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.