തിരുവനന്തപുരം- പറഞ്ഞു തേഞ്ഞ ശങ്കരാടി സിനിമാ ഡയലോഗിൽ (ശ്രീനിവാസന്റെ സന്ദേശം സിനിമ -1991) ചാടി വീഴാൻ തക്കം പാർത്തിരുന്നത് ബൂർഷ്വാസിയായിരുന്നുവെങ്കിൽ ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയ ചർച്ചയിൽ യഥാർഥ രൂപത്തിൽ ചാടി വീണത് ലീഗ് അംഗം എൻ.എ നെല്ലിക്കുന്നാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സി.പി.എമ്മും തമ്മിലുള്ള പൂർവ്വകാല ആത്മബന്ധം സ്ഥാപിച്ചെടുക്കാൻ നെല്ലിക്കുന്ന് പതിറ്റാണ്ടുകൾ ്ക്കപ്പുറത്തേക്ക് പോയി. പാർല്ലമെന്റ് പാസാക്കിയ നിയമത്തെ എതിർക്കാൻ പാടില്ലെന്ന് ഇന്ന് ഭരണഘടാ ന്യായം പറയുന്ന ഗവർണർ ഇക്കാര്യമെന്തെ മുസ് ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി അന്ന് രാജീവ് ഗാന്ധിയുടെ കാലത്ത് പാർലമെന്റ് പാസാക്കിയ നിയമത്തെ എതിർക്കുകയും അതിന്റെ പേരിൽ കോൺഗ്രസ് വിട്ടു പോവുകയും ചെയ്തു? അന്ന് അങ്ങിനെ ഇറങ്ങി വന്ന ആരിഫ് മുഹമ്മദ് ഖാന് കോഴിക്കോട് മുതലക്കുളം മൈതാനത്ത് സി.പി.എം സ്വീകരണം നൽകിയ കാര്യവും നെല്ലിക്കുന്ന് വിവരിച്ചപ്പോൾ സി.പി.എമ്മിന്റെ സമകാലീന രാഷ്ട്രീയാവസ്ഥക്ക് ചേരാത്തതിനാൽ സി.പി.എം ബെഞ്ച് ക്ഷോഭിച്ചു. ഇ.എം.എസ് അന്ന് ചെയ്ത പ്രസംഗഭാഗങ്ങൾ കൂടി നെല്ലിക്കുന്ന് ഉദ്ധരിച്ചപ്പോൾ മന്ത്രി ജി.സുധാകരന് സഹിച്ചില്ല.
ഇ.എം.എസ് അങ്ങിനെ പറഞ്ഞതിന് രേഖവേണം,രേഖയെവിടെ? വെക്കൂ...രേഖ സുധാകരൻ രൂക്ഷമായി കലഹിച്ചു. ഇ.എം.എസിന്റെ പ്രസംഗം പാർട്ടി പത്രത്തിൽ അച്ചടിച്ചു വന്നിട്ടുണ്ടെന്ന് നെല്ലിക്കുന്ന്. ആരിഫ് മുഹമ്മദ് ഖാനും സി.പി.എമ്മും തമ്മിലുള്ള അന്തർധാര പണ്ടെയുള്ളതാണെന്ന് സ്ഥാപിച്ചെടുക്കുകയായിരുന്നു ലീഗ് അംഗം. ഇതൊക്കെ പറയാൻ നെല്ലിക്കുന്നിന് പിന്നെയും ന്യായവും കാരണങ്ങളുമുണ്ട്. സി.പി.എമ്മിനെ പിന്തുണച്ച ലീഗ് വിഭാഗത്തിലായിരുന്നു അദ്ദേഹം ഇപ്പറഞ്ഞ വിവാദങ്ങളുടെയെല്ലാം കാലത്ത് എന്നതാണ് അതിൽ പ്രധാനം. സി.പി.എമ്മിന്റെ കാപട്യം കണ്ട്, കണ്ട് മടുത്താണ് വിട്ടു പോന്നത്. ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിച്ച് സംസാരിച്ച സി.പി.എം അംഗം എസ്.ശർമ്മയോട് നെല്ലിക്കുന്നിന് വലിയ ആദരവാണ്. നല്ല രാഷ്ട്രീയ ബോധമുള്ള നേതാവ്. ഒന്നാന്തരം പ്രസംഗം. ഇങ്ങിനയൊക്കെയുള്ള ശർമ്മയെക്കൊണ്ട് തന്നെ ആരിഫ് മുഹമ്മദ് ഖാന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിച്ചല്ലോ. വല്ലാത്തൊരു നടപടിയായി പോയി. സി.പി.എമ്മിന് ശർമ്മയോടുള്ള വിരോധം തീർന്നിട്ടില്ലെന്നാണ് ഇത് കാണിക്കുന്നത്.
സി.പി.എമ്മിലെ കെ.വി.അബ്ദുൽഖാദറാണ് പ്രമേയത്തെ പിന്താങ്ങിയത്. ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന രമേശ് ചെന്നിത്തല കൊണ്ടു വന്ന പ്രമേയം പാസായി അദ്ദേഹം വല്ല കാരണവശാലും സ്ഥാനം വിട്ട് പോയാൽ ആസഥാനത്ത് ഇതിനേക്കാൾ മോശം ആൾ വരില്ലെ എന്ന അബ്ദുൽഖാദറിന്റെ ചോദ്യം. നരേന്ദ്രമോഡിയും അമിത്ഷായും ഒഴിഞ്ഞു പോകുമ്പോൾ അവരേക്കാൾ മോശമായവർ വരും, അതുകൊണ്ട് സമരം വേണ്ട എന്ന് പറയുന്നതുപോലെയല്ലെ എന്ന് പ്രതിപക്ഷ നിരയിൽ നിന്ന് ചോദ്യം. എൽദോസ് പി കുന്നുപ്പിള്ളിൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുല്ലക്കര രത്‌നാകരൻ, കെ.എൻ.എ ഖാദർ, പി.ആയിഷ പോറ്റി, പുരുഷൻ കടലുണ്ടി, ബി.സത്യൻ വി.അബ്ദുറഹ്മാൻ പി.സി.ജോർജ്, മാത്യുടി. തോമസ്, ജോർജ് എം തോമസ്, പാറക്കൽ അബ്ദുല്ല, എം.നൗഷാദ്, സണ്ണി ജോസഫ്, ടി.വി രാജേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പൗരത്വ നിയമത്തിനെതിരായ പ്രമേയം നിയമ സഭ പാസാക്കിയപ്പോൾ ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ നിയമ സഭയിൽ സ്വീകരിച്ച നിലപാടിനെ എം.മുകേഷ ശ്ലാഘിച്ചു. നന്ദി രാജേട്ടാ, നല്ല മനസിന് നന്ദി - മുകേഷ് പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയവും പ്രതിപക്ഷം ശരിക്കം ഉപയോഗപ്പെടുത്തി. അങ്ങിനെയൊരു പ്രമേയും കൊണ്ടു വരുന്നതിനെ ഭരണ കക്ഷി എതിർത്തപ്പോൾ നടന്ന വോട്ടെടുപ്പാണ് ഭരണ കക്ഷിയെ രാഷ്ട്രീയമായി പ്രതിസന്ധിയിലാക്കിയത്. ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയം കാര്യോപദേശക സമിതി വീണ്ടും പരിഗണിക്കണമെന്ന പ്രതിപക്ഷ ആവശ്യമാണ് നിയമസഭ വോട്ടിനിട്ടു തള്ളിയത്. വിമർശനം പറഞ്ഞതിന്റെ പേരിൽ ഗവർണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ലെന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഗവർണറോടുള്ള നിലപാടിൽ സർക്കാരിന് ഇരട്ടമുഖമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ആരിഫ് മുഹമ്മദ് ഖാന് അനുകൂലമായി സഭയിൽ ഭരണ ബഞ്ച് വോട്ട് രേഖപ്പെടുത്തുമ്പോൾ കണ്ടോ, കണ്ടോ, ആർ.എസ്.എസിന് വോട്ടു ചെയ്യുന്നു എന്ന് പ്രതിപക്ഷ ബഞ്ച് ആർത്തു വിളിച്ചു. ആരിഫ് മുഹമ്മദ് ഖാൻ ഗോ ബാക്ക്, ഗവർണർ ഗോ ബാക്ക് വിളികൾ കൊണ്ട് പ്രതിപക്ഷ നിര സജീവം. വിഷയത്തിൽ വിവിധ ഘട്ടങ്ങളിൽ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഇതൊന്നും കണ്ട് തെല്ലും കുലുങ്ങിയില്ല.
ഗവർണറെയും ആ പദവിയും സംരക്ഷിക്കേണ്ടതിന്റെ ബാധ്യത അദ്ദേഹം ഊന്നിപറഞ്ഞു . വിവിധ കാല ഘട്ടങ്ങളിൽ കോൺഗ്രസ് നേതക്കൾ ഗവർണർ പദവിയുടെ മഹത്വത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രി രേഖകളിൽ നിന്ന് ഉദ്ധരിച്ചു. ആർ.എസ്.എസ് കാരനായ ഗവർണർക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് ഓർമ്മ വേണമേ എന്ന് പ്രതിപക്ഷ നിരയിലെ അനൂപ് ജേക്കബിന്റെ ഓർമ്മപ്പെടുത്തൽ. കേരളത്തിലെ മുഴുവൻ ജനങ്ങളെയും അവഹേളിച്ച ഗവർണറെ എന്തിനിങ്ങിനെ സംരക്ഷിക്കുന്നുവെന്ന് ഡോ.എം.കെ.മുനീറിന്റെ ചോദ്യം. ഇക്കാര്യത്തിൽ സർക്കാരിന് ഇരട്ടമുഖമൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഗവർണറെപൊലൊരാളെ തിരിച്ചു വിളിക്കണമെന്ന് പറയാമോ ? അങ്ങിനെ പറയന്നത് ഭംഗിയല്ല, ന്യായമല്ല.
ചോദ്യോത്തര വേളയിലും പൗരത്വ നിയമം മുഖം കാണിച്ചു കടന്നു പോയി. കോൺഗ്രസ് അംഗങ്ങൾ നോട്ടീസ് നൽകിയ നക്ഷത്ര ചിഹ്ന മിട്ട ചോദ്യത്തിന് നൽകിയ മറുപടിയിൽ പ്രക്ഷോഭത്തിലേക്ക് എസ്.ഡി.പി.ഐ പോലുള്ളവർ നുഴഞ്ഞു കയറുന്നതിനെതിരെ മുഖ്യമന്ത്രി ആവർത്തിച്ചു താക്കീത് നൽകി.
പ്രക്ഷോഭങ്ങൾ അതിരു വിടുമ്പോഴാണ് നടപടിയുണ്ടാകുന്നത്. മഹല്ല് കമ്മറ്റികളും മറ്റും നടത്തുന്ന പ്രക്ഷോഭങ്ങളിലേക്ക് ഇപ്പറഞ്ഞ വിഭാഗങ്ങൾ നുഴഞ്ഞു കയാറതെ നോക്കണമെന്ന് മുഖ്യമന്ത്രിയുടെ ഉപദേശം. അങ്കമാലിയിൽ മഹല്ല് കമ്മറ്റി നടത്തിയ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിര ഗതാഗത തടസമുണ്ടാക്കി എന്ന വകുപ്പ് വെച്ചാണ് കേസെന്ന് കോൺഗ്രസിലെ റോജി എം.ജോൺ ക്ഷുഭിതനായി. . 200 പേർക്കെതിരെയാണ് കേസ്. ആകപ്പാടെ മൂന്ന് എസ്.ഡി.പി.ഐക്കാരെ ആ നാട്ടിലാകെ തെരഞ്ഞാൽ കണ്ടെത്താനാകുമോ എന്ന് മഞ്ഞളാം കുഴി അലിയുടെ ചോദ്യം. ഇതൊന്നും പക്ഷെ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റാൻ മതിയാകുമായിരുന്നില്ല. എസ്.ഡി.പി.ഐയെപ്പറ്റി പറയുമ്പോൾ നിങ്ങൾക്കെന്തിനാണ് പൊള്ളുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് അവരുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയവരല്ലെ നിങ്ങളെന്ന് പ്രതിപക്ഷം അവരുടെ പഴയ ചോദ്യം ആവർത്തിച്ചു. പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം നാട്ടിലാകെ ശക്താമാകുമ്പോഴും ഈ കാര്യത്തിൽ അവരവരുടെ നിലാപാട് പറഞ്ഞുള്ള വാക് പോരാട്ടം തുടരുകയാണ്.