റിയാദ് - റീ-എൻട്രി വിസ ലഭിക്കുന്നതിന് വിദേശികൾ തങ്ങളുടെ പേരിൽ ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒടുക്കൽ നിർബന്ധമാണെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. റീ-എൻട്രി വിസ ലഭിക്കുന്നതിന് ഗുണഭോക്താവിന്റെ പേരിൽ ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ബാക്കിയുണ്ടാകാൻ പാടില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി.
അതേസമയം, ഉംറ വിസയിൽ രാജ്യത്ത് പ്രവേശിച്ച വിദേശ വനിതക്ക് സൗദിയിൽ പിറക്കുന്ന നവജാതശിശുവുമായി സ്വദേശത്തേക്ക് തിരിച്ചുപോകുന്നതിന് പ്രത്യേക നടപടിക്രമങ്ങളൊന്നും പൂർത്തിയാക്കേണ്ടതില്ലെന്ന് ജവാസാത്ത് പറഞ്ഞു. ഇലക്‌ട്രോണിക് ജനന സർട്ടിഫിക്കറ്റാണ് കുഞ്ഞിന് അനുവദിക്കുന്നതെങ്കിൽ സിവിൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിൽനിന്ന് ഉംറ വിസക്കാരിയായ മാതാവിന്റെ ബോർഡർ നമ്പറിൽ കുഞ്ഞിനെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ടാകും. കൈകൊണ്ട് എഴുതി തയാറാക്കുന്ന ജനന സർട്ടിഫിക്കറ്റാണ് നൽകുന്നതെങ്കിൽ നവജാതശിശുവിനെ മാതാവിന്റെ ബോർഡർ നമ്പറിൽ ഉൾപ്പെടുത്തേണ്ട ആവശ്യമില്ല. പാസ്‌പോർട്ടിനൊപ്പം ജനന സർട്ടിഫിക്കറ്റ് മാത്രം എയർപോർട്ടുകളിലെയും മറ്റു അതിർത്തികളിലെയും ജവാസാത്ത് കൗണ്ടറുകളിൽ ഹാജരാക്കിയാൽ മതിയെന്നും സൗദി ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.