ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ പൗരന്മാരാണ് തങ്ങളെന്ന മുദ്രാവാക്യമാണ് രാജ്യമെങ്ങും മുഴങ്ങിക്കേട്ടത്. മാനവരാശിയുടെ സമാധാനം, സ്‌നേഹം എന്നീ കാര്യങ്ങളിലൂന്നിയുള്ള ഒരു സംയുക്ത സംസ്‌കാരമാണ് സ്വാതന്ത്ര്യം നേടുന്നതിലൂടെ ലക്ഷ്യമിട്ടത്. സ്വാതന്ത്ര്യലബ്ധിയോടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം രൂപീകരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.
ഭരണഘടന നിലവിൽ വന്ന 1950 ജനുവരി 26 നാണ് ഇതിനുള്ള പാത ഒരുക്കിയതും പ്രാഥമിക നടപടികൾ ആരംഭിച്ചതും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
എന്നാൽ ആ പ്രക്രിയ അത്ര എളുപ്പമായിരുന്നില്ല. തികച്ചും തടസ്സങ്ങൾ നിറഞ്ഞതായിരുന്നു അത്. ഇതിനുള്ള പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമായി. കോളനിവാഴ്ചയുടെ രീതികൾ അവസാനിപ്പിച്ച് ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മൂല്യങ്ങൾ നടപ്പാക്കേണ്ടത് അനിവാര്യമായി മാറി. ജാതി, മതം, വർഗം, ലിംഗം എന്നിവയിലുപരിയായി ഒരു സമത്വ സമൂഹം വാർത്തെടുക്കുക എന്നത് ഒരു ഭഗീരഥപ്രയത്‌നമായി.
നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിനുവേണ്ടിയുള്ള പ്രയാണം ഏറെ ദുർഘടമായിരുന്നു. നിയമത്തിനു മുന്നിൽ എല്ലാപേരും തുല്യരാണ്, എല്ലാവർക്കും വോട്ടവകാശം തുടങ്ങിയ കാര്യങ്ങളാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്നത്. ജീവിക്കാനുള്ള അവകാശം, തൊഴിലെടുക്കാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങൾ ഉറപ്പാക്കുന്നതും ഏറെ പ്രയാസകരമായ കാര്യമായി. ഈ ഘട്ടത്തിലാണ് ദേശീയോദ്ഗ്രഥനമെന്ന ആശയം ഉരുത്തിരിയുന്നത്.
കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി വൈവിധ്യമായ സാംസ്‌കാരിക പാരമ്പര്യമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഈ വൈവിധ്യത്തിൽ ഒരു പൊതുസ്വഭാവം നിലനിർത്തുന്ന പ്രക്രിയ ആരംഭിച്ചു. ഒന്നാം സ്വാതന്ത്ര്യസമരം ജനങ്ങളുടെ മനസിൽ സാമ്പത്തികവും രാഷ്ട്രീയവുമായ ഒരു ബോധം സൃഷ്ടിച്ചു. തുടർന്നുള്ള ദേശീയ പ്രസ്ഥാനങ്ങളിൽ ഈ ഐക്യം കൂടുതൽ ശക്തമായി.
ഇതിലൂടെയാണ് ഒരു പൊതുശത്രുവിനെതിരെ രാജ്യത്തെ ജനങ്ങൾ ഒന്നടങ്കം രംഗത്തെത്തിയത്. ജനാധിപത്യമൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം രാജ്യത്ത് തന്നെയുള്ള ശത്രുക്കൾക്കെതിരെയും പോരാടേണ്ടതായിട്ടുവന്നു. സംഘപരിവാറിന്റെ വളർച്ചയോട് വലതുപക്ഷ ശക്തികളും കരുത്താർജിച്ചു. ഇവിടെയാണ് ഭൂരിപക്ഷവാദവും വെല്ലുവിളികളും മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരെ ഉണ്ടാകുന്നത്. ഈ വ്യതിയാനം നമ്മുടെ വൈവിധ്യമാർന്ന സാംസ്‌കാരിക പൈതൃകത്തിന് യോജിച്ചതല്ല.
ഈ വിഘടനവാദം തികച്ചും വർഗീയമാകുകയും രാഷ്ട്രീയമായി ഇതിന് ഫാസിസ്റ്റ് സ്വഭാവം ഉണ്ടാവുകയും ചെയ്തു. ഈ പ്രവണതകൾ ജനാധിപത്യ മൂല്യങ്ങൾ, മതേതരത്വം എന്നിവയ്ക്ക് എതിരാണ്. എന്നാൽ ഇവർക്ക് സമൂഹത്തിൽ വ്യക്തമായൊരു സ്ഥാനം നേടാൻ കഴിഞ്ഞില്ല. എഴുപതുകളുടെ അവസാനത്തിലാണ് ഹിന്ദുത്വവാദം കൂടുതൽ ശക്തിയാർജ്ജിക്കുന്നത്. എന്നാൽ, ഈ പ്രവണത അധികകാലം നീണ്ടുനിന്നില്ല. ഈ നൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തിൽ രാജ്യത്തെ ഭരിക്കാൻ പോന്നവിധം ഈ വലതുപക്ഷ ശക്തികൾ ശക്തിയാർജ്ജിച്ചു. രണ്ടാം തവണയും ഇവർ അധികാരത്തിൽ എത്തി. ആഗോള സാമ്പത്തിക കുത്തകകളാണ് ഈ വിജയം ഒരുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്.
ഇതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ താറുമാറായി. ഓരോ വർഷവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നാശത്തിലേക്ക് കൂപ്പുകുത്തുന്നു. 2016 -–17 ൽ വിനാശകരമായ നോട്ടു പിൻവലിക്കൽ നടപ്പാക്കി. ഇതിലൂടെ ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന പ്രഖ്യാപനവും നടന്നില്ല. 2017 -–18 ൽ വൈകല്യങ്ങൾ നിറഞ്ഞ ചരക്കുസേവന നികുതി സംവിധാനം നടപ്പാക്കി. 2018–19 ൽ രാജ്യത്തിന്റെ പതനം ആരംഭിച്ചു.
സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും ജിഎസ് ടി വരുമാനം കുറഞ്ഞുകൊണ്ടിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 45 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കായ 6.1 ശതമാനത്തിലെത്തി. ഇതു പരാമർശിക്കുന്ന നാസോ റിപ്പോർട്ട് സർക്കാർ തടഞ്ഞുവച്ചു. ഈ റിപ്പോർട്ടിന്റെ കണക്കുകൾ പുറത്തുവന്നപ്പോൾ തെറ്റെന്ന വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. റിപ്പോർട്ട് അന്തിമമല്ലെന്നും കേവലം കരട് മാത്രമാണെന്നും കേന്ദ്രസർക്കാർ ന്യായീകരിച്ചു. തൊഴിലില്ലായ്മ രൂക്ഷമായി വർധിക്കുന്നതായി ദി പീരിയോഡിക്കൽ ലേബർ ഫോഴ്‌സ് സർവേയും സൂചിപ്പിക്കുന്നു. യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി വർധിക്കുന്നു. തൊഴിൽ ലഭിക്കുന്നവർക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്.
തൊഴിലുണ്ടെങ്കിലും ദാരിദ്ര്യത്തിൽ ജീവിക്കേണ്ട അവസ്ഥ. ഇതിന്റെ ഭാഗമായി ഉപഭോഗം ഗണ്യമായി കുറഞ്ഞു. റവന്യു വരുമാനം കുത്തനെ ഇടിഞ്ഞു. റവന്യു കമ്മി പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും ഇന്നലെ പ്രഖ്യാപിച്ച ബജറ്റിൽ ഇല്ല. വളർച്ച നിരക്കിലെ കുറവും സമ്പദ് വ്യവസ്ഥയെ കൂടുതൽ പരിതാപകരമായി അവസ്ഥയിൽ എത്തിക്കുന്നു. അരാജകത്വം മാത്രമാണ് പ്രതീക്ഷിക്കാൻ കഴിയുന്നത്. നിലവിലുള്ള സാമ്പത്തികാവസ്ഥയിൽ ഒരു ഇരുണ്ട ഭാവി മാത്രമാണ് രാജ്യത്തെ ജനങ്ങൾക്ക് പ്രതീക്ഷിക്കാൻ കഴിയുന്നത്.
സാമ്പത്തിക ഭദ്രത കൈവരിക്കാൻ കഴിയില്ലെന്ന അവസ്ഥയിലെത്തുന്നു. കോർപ്പറേറ്റ് മേഖലയിൽ നിന്നുള്ള ഫണ്ടുകളുടെ അടിസ്ഥാനത്തിൽ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന സ്വപ്‌നസുന്ദരമായ ആശയമാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്.
സാമൂഹിക സാമ്പത്തിക ദുരവസ്ഥയിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന് പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നീ വിഷയങ്ങൾ കേന്ദ്രം കൊണ്ടുവന്നു. ഇതിനെതിരെ ഷഹീൻ ബാഗ് മാതൃകയിൽ രാജ്യത്ത് അങ്ങോളമിങ്ങോളം ശക്തമായ പ്രതിഷേധങ്ങളാണ് തുടരുന്നത്. ഈ നിയമങ്ങൾ കൊണ്ടുവരുന്നതിനു പിന്നിൽ ഡൽഹി തെരഞ്ഞെടുപ്പും ബി.ജെ.പിയുടെ അജണ്ടയിൽ ഉണ്ടായിരുന്നു. എന്നാൽ ഈ കണക്കുകൂട്ടലുകളൊക്കെ തെറ്റി. മോഡി സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ സാധാരണ ജനങ്ങൾ ഒന്നടങ്കം തെരുവിലിറങ്ങി. ഈ പ്രതിഷേധം രാജ്യത്തിന്റെ ചരിത്രത്തിന്റെ താളുകളിൽ ആലേഖനം ചെയ്യുമെന്ന് ഉറപ്പ്.