മക്ക- ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടത്തിൽപെട്ട് മരിച്ച മലയാളി കുടുംബത്തിന്റെ ദുരന്തം പ്രവാസികളുടെ വേദനയായി. റിയാദ്-ജിദ്ദ ഹൈവേയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ നാലു വയസുള്ള കുഞ്ഞടക്കം രണ്ടു മലയാളികളാണ് മരിച്ചത്. ഉംറ നിർവഹിച്ച ശേഷം മടങ്ങിപ്പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മാഹി സ്വദേശി ഷമീം മുസ്തഫ (40), ഷമീമിന്റെ സുഹൃത്ത് അമീനിന്റെ മകൻ അർഹാം (4) എന്നിവരാണ് മരിച്ചത്. ഷമീമിനിന്റെ ഭാര്യ അഷ്മില, അമീനിൻറെ ഭാര്യ ഷാനിബ എന്നിവർക്ക് പരിക്കേറ്റു. ഷമീമിൻറെ മക്കളായ അയാൻ, സാറ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇവരുടെ പരിക്ക് നിസ്സാരമാണ്.
റിയാദിൽ ജോലി ചെയ്യുന്ന ഷമീം മുസ്തഫയും അമീനും ഇരുവരുടെയും കുടുംബങ്ങളും മക്കയിൽ ഉംറയ്ക്ക് പോയ ശേഷം മടങ്ങുകയായിരുന്നു. പരിക്കേറ്റവരെ അൽഖുവയ്യ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ മറിഞ്ഞാണ് അപകടമുണ്ടായത്. ഉറങ്ങിപ്പോയതായിരിക്കാം അപകടകാരണമെന്നാണ് കരുതുന്നത്.
മൃതദേഹങ്ങൾ ഹുമയാത്തിന് സമീപം അൽഖസ്‌റ ആശുപത്രിയിൽ മോർച്ചറിയിലാണ്. നിസാര പരിക്കേറ്റ അയാൻ, സാറ എന്നീ കുട്ടികൾ അൽഖസ്‌റ ആശുപത്രിയിൽ ചികിത്സയിലാണ്.