Sorry, you need to enable JavaScript to visit this website.

കേസെടുക്കാന്‍ സെന്‍കുമാര്‍ സമ്മര്‍ദം ചെലുത്തിക്കാണുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം- മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ പോലീസില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാറിന്റെ പരാതിയില്‍ കേസെടുത്ത സംഭവത്തില്‍ ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അടിയന്തര പ്രമേയത്തിന് അനുമതി തേടി എം. വിന്‍സെന്റാണ് നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് അവസാനിപ്പിക്കണമെന്നും പത്രസമ്മേളനത്തില്‍ ചോദ്യം ചോദിച്ചതിന് കേസെടുക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടി.പി. സെന്‍കുമാറിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് കന്റോണ്‍മെന്റ് പോലീസ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. ജനുവരി 16ന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വാര്‍ത്തസമ്മേളനത്തിനിടെ തന്നെ തടസ്സപ്പെടുത്തിയെന്നും അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും അപമാനിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു സെന്‍കുമാറിന്റെ പരാതി. ഏഷ്യാനെറ്റ് ന്യൂസ് കോഓഡിനേറ്റിങ് എഡിറ്റര്‍ പി.ജി. സുരേഷ്‌കുമാര്‍, പത്രപ്രവര്‍ത്തകന്‍ കടവില്‍ റഷീദ് എന്നിവര്‍ക്കെതിരെയാണ് കേസ്.

വാര്‍ത്താസമ്മേളനത്തില്‍ കടവില്‍ റഷീദ് എന്ന മാധ്യമപ്രവര്‍ത്തകനെ സെന്‍കുമാര്‍ ആക്ഷേപിച്ചിരുന്നു.  
മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞും സെന്‍കുമാര്‍ അപമാനിച്ചു. സെന്‍കുമാറിനൊപ്പമുണ്ടായിരുന്നവര്‍ റഷീദിനെ കയ്യേറ്റം ചെയ്യാനും മപുറത്താക്കാനും ശ്രമിച്ചു. മറ്റു മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടാണ് കയ്യേറ്റം തടഞ്ഞത്.
സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് അബദ്ധമായിരുന്നുവെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ കുറിച്ചുളള ചോദ്യമാണ് സെന്‍കുമാറിനെ പ്രകോപിതനാക്കിയിരുന്നത്.

 

Latest News