റിയാദ് - ആരോഗ്യ മന്ത്രാലയവുമായുള്ള പങ്കാളിത്തത്തിലൂടെ ഫാർമസി മേഖലയിൽ രണ്ടു ഘട്ടങ്ങളായി 50 ശതമാനം സൗദിവൽക്കരണം നടപ്പാക്കുന്നതിന് തീരുമാനം. തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിച്ചത്.
ഈ വർഷം ദുൽഹജ് ഒന്നിന് (ജൂലൈ 22 ബുധനാഴ്ച) നിലവിൽ വരുന്ന ആദ്യ ഘട്ടത്തിൽ 20 ശതമാനവും അടുത്ത കൊല്ലം ദുൽഹജ് ഒന്നിന് (2021 ജൂലൈ 11 ഞായറാഴ്ച) നിലവിൽ വരുന്ന രണ്ടാം ഘട്ടത്തിൽ 30 ശതമാനവും സൗദിവൽക്കരണമാണ് നടപ്പാക്കേണ്ടത്.
അഞ്ചും അതിൽ കൂടുതലും വിദേശ ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് സൗദിവൽക്കരണ തീരുമാനം ബാധകം. കമ്പനികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, ഫാർമസികൾ തുടങ്ങി ഫാർമസിസ്റ്റുകളെ ജോലിക്കു വെക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും പുതിയ തീരുമാനം ബാധകമാണ്. 2018 നവംബറിൽ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും സഹകരിച്ച് സൗദിവൽക്കരിക്കുന്നതിന് തീരുമാനിച്ച മരുന്ന് കമ്പനികളിലെയും മരുന്ന് ഏജൻസികളിലെയും വിതരണക്കാരിലെയും ഫാക്ടറികളിലെയും ഫാർമസ്യൂട്ടിക്കൽ പ്രൊഡക്ട്‌സ് മാർക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് പ്രൊഫഷനിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകളെ പുതിയ തീരുമാനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സ്വകാര്യ ആരോഗ്യ മേഖലയിൽ 40,000 തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിന് ആരോഗ്യ മന്ത്രാലയവും മാനവശേഷി വികസന നിധിയും സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സും നേരത്തെ ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് ഫാർമസി മേഖലയിൽ 50 ശതമാനം സൗദിവൽക്കരണം നടപ്പാക്കുന്നത്. സൗദിവൽക്കരണ തീരുമാനങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സ്വീകരിക്കും.