തിരുവനന്തപുരം- ടി.പി സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിക്കാതെ ഡി.ജി.പി. കേസിന്റെ തുടർ നടപടികൾക്ക് സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകിയെന്ന് ബെഹ്റ പറഞ്ഞു. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി റിപ്പോർട്ട് കോടതിക്ക് നൽകുമെന്നായിരുന്നു സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായയുടെ പ്രതികരണം. തനിക്കും ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റ ർ പി.ജി സുരേഷ്കുമാറിനുമെതിരെ ടി.പി സെൻകുമാറിന്റെ പരാതിയിൽ പൊലീസ് എടുത്തത് കള്ളക്കേസാണെന്ന് കലാപ്രേമി ബ്യൂറോ ചീഫ് കടവിൽ റഷീദ് വ്യക്തമാക്കി. ഇപ്പോഴും സെൻകുമാർ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയാണെന്നും റഷീദ് പറഞ്ഞു. കേരള പൊലീസ്, ഉത്തർപ്രദേശിലെ യോഗി പൊലീസിനെ പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. മുഖ്യമന്ത്രി ഇടപെട്ട് കേസ് പിൻവലിക്കണം. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് സംഭവിച്ച ഗുരുതര വീഴ്ചയാണെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ ടി. ആസിഫ് അലി കുറ്റപ്പെടുത്തി.
തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് സെൻകുമാർ അപമാനിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ കടവിൽ റഷീദിനും, ഏഷ്യാനെറ്റ് ന്യൂസ് കോഓർഡിനേറ്റിംഗ് എഡിറ്റർ പി ജി സുരേഷ് കുമാറിനുമെതിരെ പൊലീസെടുത്ത കള്ളക്കേസാണ് വിവാദമാകുന്നത്. കഴിഞ്ഞ മാസം 16ന് തിരുവനന്തപുരം പ്രസ് ക്ലബിൽ സുഭാഷ് വാസുവിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ചപ്പോഴാണ് കടവിൽ റഷീദിനെ സെൻകുമാർ അപമാനിച്ചത്. തുടർന്ന് സെൻകുമാറിനൊപ്പമെത്തിയവർ റഷീനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. കടവിൽ റഷീദ് പരാതി നൽകിയ ശേഷം നാലു ദിവസം പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് കോടതി നിർദ്ദേശ പ്രകാരം സെൻകുമാറിനെതിരെ കൻറോൺമെൻറ് പൊലീസ് കേസെടുത്തു.
പിന്നാലെ എതിർപരാതിയുമായി സെൻകുമാറും രംഗത്തെത്തി. പ്രസ് ക്ലബ്ബ് സംഭവത്തെ അപലപിച്ച് പത്രപ്രവർത്തകയൂണിയന്റെ വാട്സ് അപ് ഗ്രൂപ്പിൽ പി.ജി സുരേഷ് കുമാർ എഴുതിയ അഭിപ്രായം ഗൂഢാലോചനയാണെന്നായിരുന്നു സെൻകുമാറിന്റെ പരാതി.