Sorry, you need to enable JavaScript to visit this website.

മുസ്‌ലിം യൂത്ത്‌ലീഗ് ശാഹീൻ ബാഗ് സ്‌ക്വയർ തുടരുന്നു

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് സംഘടിപ്പിച്ച ശാഹീൻ ബാഗ് സ്‌ക്വയർ അനിശ്ചിതകാല സമരത്തിന്റെ രണ്ടാംദിനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് - കൊല്ലാൻ തുനിഞ്ഞവർ കാൽക്കൽ വീഴും എന്നു പറഞ്ഞതു പോലെയുള്ള അനുഭവം പൗരത്വ വിവേചനത്തിന് ശ്രമിച്ചവർക്കുണ്ടാവുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. ഈ രാജ്യത്ത് ജനിച്ചവർ ഈ രാജ്യത്ത് തന്നെ മരിക്കും. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് സംഘടിപ്പിച്ച ശാഹീൻ ബാഗ് സ്‌ക്വയർ അനിശ്ചിതകാല സമരത്തിന്റെ രണ്ടാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഭീഷണികൾക്ക് മുന്നിൽ പതറില്ല; നമ്മൾ ഭീരുക്കളല്ല. ഏത് മതക്കാരനാണെങ്കിലും അവരുടെ മത വിശ്വാസം അനുസരിച്ചു ജീവിക്കാനുള്ള അവകാശം അംബേദ്കറുടെ നേതൃത്വത്തിൽ ചർച്ച നടത്തി ഉണ്ടാക്കിയ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നു. അത് തള്ളിക്കളയാൻ പാർലമെന്റിനു പോലും കഴിയില്ല. കോടതിയിലാണ് പ്രതീക്ഷ. അധികാര കേന്ദ്രങ്ങൾ നീതി നിഷേധിക്കുമ്പോൾ എല്ലാ കാലത്തും കോടതി പ്രതീക്ഷയായിട്ടുണ്ട്. പൗരത്വ വിഷയത്തിലും കോടതിയുടെ ഇടപെടലുകളെ പ്രതീക്ഷാ പൂർവമാണ് ഇന്ത്യൻ ജനത നോക്കിക്കാണുന്നത്. പ്രധാനമന്ത്രിയും മന്ത്രിമാരും സ്വന്തം വില കളയരുതെന്നും തങ്ങൾ ഓർമ്മിപ്പിച്ചു. രണ്ടാം ദിനത്തിൽ പാലക്കാട് നിന്നുള്ള പ്രവർത്തകരാണ് പങ്കെടുത്തത്. 


മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് ഗഫൂർ കോൽക്കളത്തിൽ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, സംസ്ഥാന സെക്രട്ടറിമാരായ കെ.എസ് ഹംസ, സി.പി ചെറിയ മുഹമ്മദ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, മുസ്‌ലിം യൂത്തലീഗ് സംസ്ഥാന ഭാരവാഹികളായ പി ഇസ്മായിൽ, പി.കെ സുബൈർ, പി.ജി മുഹമ്മദ്, ആഷിക്ക് ചെലവൂർ, പി.പി അൻവർ സാദത്ത്. സംസ്ഥാന കമ്മറ്റി അംഗം സി.എ സാജിദ് സംസാരിച്ചു. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി പി.എം മുസ്തഫ തങ്ങൾ സ്വാഗതവും ട്രഷറർ റിയാസ് നാലകത്ത് നന്ദിയും പറഞ്ഞു.
 

Latest News