പാനൂർ- പൊയിലൂർ തൊടുവച്ചീന്റെവിടെ ശാക്തേയ ദേവീ ക്ഷേത്രം പ്രതിഷ്ഠാ വാർഷിക മഹോൽസവത്തിൽ പങ്കെടുക്കാൻ സി.പി.എമ്മുകാർക്ക് ആർ.എസ്.എസിന്റെ വിലക്കെന്ന് ആരോപണം. ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന്റെ സമീപത്തായാണ് ആർ.എസ്.എസിനെ പ്രകീർത്തിച്ചു എഴുതിയ ബോർഡിൽ സി.പി.എം നിരോധിത മേഖല എന്നെഴുതി വെച്ചിട്ടുള്ളത്. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ വാസുവിന്റെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ഈ ദേവീക്ഷേത്രം. രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ളവർ ഉൽസവത്തിന്റെ ഭാഗമായുള്ള പരിപാടികളിൽ പങ്കെടുത്തിരുന്നു. വ്യത്യസ്ത രാഷ്ട്രീയ പാർട്ടിക്കാരായ ഭക്തജനങ്ങൾ ക്ഷേത്രോൽസവത്തിൽ പങ്കെടുക്കരുതെന്ന ആർ.എസ്.എസിന്റെ പരസ്യമായ തീട്ടൂരത്തിൽ പ്രതിഷേധിച്ചു നാട്ടുകാർ രംഗത്ത് വന്നതോടെ പോലീസ് ഇടപെട്ട് ബോർഡിൽ നിന്നും ആ ഭാഗം നീക്കം ചെയ്യുകയായിരുന്നുവത്രെ. ക്ഷേത്രപ്രവേശനം പോലും നിഷേധിക്കുന്ന പ്രാകൃത കാലഘട്ടത്തിലേക്കാണ് സംഘ് പരിവാർ സംഘടനകൾ നാടിനെ കൊണ്ടു പോകുന്നതെന്നും ഈ അസഹിഷ്ണുത ജനങ്ങൾ ഒന്നടങ്കം ഗൗരവത്തിൽ കാണണമെന്നും സി.പി.എം പൊയിലൂർ ലോക്കൽ കമ്മിറ്റി പറഞ്ഞു.