- ഒന്നിൽ കൂടുതൽ നിയമലംഘനങ്ങൾക്ക് പിഴ വെവ്വേറെ അടക്കാം
റിയാദ് - ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകൾ തവണകളായി അടക്കാൻ കഴിയില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ എത്ര വലിയ സംഖ്യയാണെങ്കിലും തവണകളായി അടക്കാൻ കഴിയില്ല. എന്നാൽ ഒന്നിൽ കൂടുതൽ നിയമലംഘനങ്ങൾക്ക് പിഴകൾ ചുമത്തിയിട്ടുണ്ടെങ്കിൽ ഓരോ നിയമ ലംഘനങ്ങൾക്കുമുള്ള പിഴകൾ വെവ്വേറെ അടക്കാൻ കഴിയും.
ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനും പുതിയ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനും നഷ്ടപ്പെട്ട ഡ്രൈവിംഗ് ലൈസൻസിന് പകരം ബദൽ ലൈസൻസ് അനുവദിക്കുന്നതിനും മുമ്പായി ഗതാഗത നിയമ ലംഘനങ്ങൾക്ക് നേരത്തെ ചുമത്തപ്പെട്ട പിഴകൾ ഒടുക്കൽ നിർബന്ധമാണ്. പുതിയ വാഹന ഉടമസ്ഥാവകാശ രേഖ (ഇസ്തിമാറ) അനുവദിക്കുന്നതിനും ഇസ്തിമാറ പുതുക്കുന്നതിനും നഷ്ടപ്പെട്ട ഇസ്തിമാറക്ക് പകരം ബദൽ ഇസ്തിമാറ അനുവദിക്കുന്നതിനും മുമ്പായി ഇതേപേലെ ട്രാഫിക് പിഴകൾ മുഴുവനായും ഒടുക്കിയിരിക്കണം. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ റദ്ദാക്കുന്നതിനും വാഹനങ്ങളുടെ പദവി ശരിയാക്കുന്നതിനും പിഴകൾ അടക്കൽ നിർബന്ധമാണ്.
വാഹനം ഓടിക്കുന്നതിന് മറ്റൊരാളെ ചുമതലപ്പെടുത്തി അധികാരപത്രം നൽകുന്നതിന് ഉടമയുടെയും ചുമതലപ്പെടുത്തപ്പെടുന്ന വ്യക്തിയുടെയും പേരിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ അടക്കാതെ ബാക്കിയുണ്ടാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. നിയമലംഘനങ്ങൾക്ക് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ യാർഡിൽനിന്ന് വീണ്ടെടുക്കുന്നതിനും ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ അടച്ചിരിക്കണം.
തങ്ങളുടെ പേരുകളിൽ ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതിൽ ഓൺലൈൻ വഴി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് ഡ്രൈവർമാർക്ക് അവസരമൊരുക്കുന്ന പുതിയ സേവനം ട്രാഫിക് ഡയറക്ടറേറ്റ് ആരംഭിച്ചിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴി ഡ്രൈവർമാർക്ക് എളുപ്പത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കാൻ സാധിക്കും.
ഗതാഗത നിയമലംഘനം രേഖപ്പെടുത്തി മുപ്പതു ദിവസത്തിനകമാണ് ഓൺലൈൻ വഴി വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത്. മുപ്പതു ദിവസം പിന്നിട്ട ശേഷം വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് സാധിക്കില്ല. അബ്ശിർ വഴി ഒരു തവണ വിയോജിപ്പ് പ്രകടിപ്പിക്കുകയും പ്രത്യേക ട്രാഫിക് കമ്മിറ്റി തീർപ്പ് കൽപിക്കുകയും ചെയ്ത നിയമലംഘനത്തിൽ വീണ്ടും വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനും സാധിക്കില്ല. ഒരു ഗതാഗത നിയമലംഘനത്തിൽ ഓൺലൈൻ വഴി വിയോജിപ്പ് പ്രകടിപ്പിക്കുകയും ഇത് നടപടിക്രമ ഘട്ടത്തിലായിരിക്കുകയും ചെയ്യുന്നതിനിടെ അതേ ഡ്രൈവർക്ക് മറ്റൊരു നിയമലംഘനത്തിൽ ഓൺലൈൻ വഴി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനും കഴിയില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.