റിയാദ് - പണം നീക്കം ചെയ്യുന്നതിനുള്ള സ്മാർട്ട് ബാഗുകളെ കുറിച്ച ബോധവൽക്കരണ കാമ്പയിന് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) തുടക്കം കുറിച്ചു. നിലവിൽ പണം നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്ന കണ്ടെയ്‌നറുകൾക്കു പകരം ബാങ്കുകളിൽനിന്ന് പണം നീക്കം ചെയ്യുന്നതിനും എ.ടി.എമ്മുകളിൽ നിക്ഷേപിക്കുന്നതിനുള്ള പണം സൂക്ഷിക്കുന്നതിനും സ്മാർട്ട് ബാഗ് സംവിധാനം നടപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി സാമ തീരുമാനിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ചാണ് പുതിയ സംവിധാനത്തെ കുറിച്ച് സാമ ബോധവൽക്കരണ കാമ്പയിൻ നടത്തുന്നത്.
പണം സൂക്ഷിക്കുന്ന സ്മാർട്ട് ബാഗുകൾ ഓട്ടോമാറ്റിക് ട്രാക്കിംഗ് സംവിധാനം വഴി നിരീക്ഷിക്കാൻ സാധിക്കും. കൂടാതെ നിയമ വിരുദ്ധ മാർഗത്തിൽ തുറക്കുന്നപക്ഷം അകത്ത് സൂക്ഷിച്ച പണം പ്രത്യേക തരം സുരക്ഷാ മഷി വമിച്ച് സ്വയം നശിപ്പിക്കുന്ന സംവിധാനവും സ്മാർട്ട് ബാഗുകളിലുണ്ട്.
സമൂഹത്തിലെ വിവിധ തുറകളിൽപെട്ട ഏറ്റവും കൂടുതൽ ആളുകളെ പുതിയ സംവിധാനത്തെ കുറിച്ച് ബോധവൽക്കരിക്കാനാണ് കാമ്പയിനിലൂടെ സാമ ലക്ഷ്യമിടുന്നത്. മോഷണം പോലെയുള്ള സാഹചര്യങ്ങളിൽ അനധികൃതമായി തുറക്കൽ, പണം നീക്കം ചെയ്യുന്ന കവചിത വാഹനങ്ങളുടെ റൂട്ട് മാറ്റൽ എന്നീ സന്ദർഭങ്ങളിൽ കറൻസി നോട്ടുകളിലെ അടയാളങ്ങൾ മായ്ക്കുന്ന പ്രത്യേക തരം സുരക്ഷാ മഷി നോട്ടുകളിൽ പരത്തുന്ന ആധുനിക സാങ്കേതികവിദ്യയാണ് സ്മാർട്ട് ബാഗുകളിൽ അവലംബിക്കുന്നത്. അനധികൃത രീതിയിൽ കൈക്കലാക്കുന്ന നോട്ടുകൾ ഏതു കണ്ടെയ്‌നറിൽനിന്ന് മോഷണം പോയതാണെന്ന് എളുപ്പത്തിൽ മനസ്സിലാക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും.
സ്മാർട്ട് ബാഗ് സംവിധാനം നടപ്പാക്കിയത് ബാങ്കുകളിൽനിന്ന് നീക്കം ചെയ്യുന്ന പണം കൊള്ളയടിക്കപ്പെടുന്ന കേസുകൾ കുറക്കുന്നതിന് ലോകത്ത് നിരവധി രാജ്യങ്ങളിൽ സഹായകമായിട്ടുണ്ട്. പ്രത്യേക സുരക്ഷാ മഷി പുരണ്ട നോട്ടുകളുടെ ക്രയവിക്രയം നിരവധി കേന്ദ്ര ബാങ്കുകൾ നിയമവിരുദ്ധമാക്കി മാറ്റിയിട്ടുമുണ്ട്. നോട്ടുകളിൽ പുരളുന്ന സുരക്ഷാ മഷി നീക്കം ചെയ്യുക ദുഷ്‌കരമാണ്. സ്മാർട്ട് ബാഗുകൾ വമിക്കുന്ന സുരക്ഷാ മഷി പുരളുന്നതിലൂടെ നോട്ടുകളിലെ അടയാളങ്ങൾ മറയും. ഇതിലൂടെ ക്രയവിക്രയം സാധിക്കാത്ത നോട്ടുകളായി ഇവ മാറും. ഓട്ടോമാറ്റിക് ഡെപ്പോസിറ്റ് മെഷീനുകളും നോട്ടെണ്ണൽ യന്ത്രങ്ങളും ഈ നോട്ടുകൾ നിരാകരിക്കും. സുരക്ഷാ മഷികൾ പുരളുന്ന നോട്ടുകൾ സാമയും സ്വീകരിക്കില്ല. ഇത്തരം നോട്ടുകൾ ക്രയവിക്രയും ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങളോടും സാമ ആവശ്യപ്പെട്ടു.
സൗദിയിൽ എ.ടി.എമ്മുകളിൽ പണം നിക്ഷേപിക്കുന്നതിന്റെ കരാറേറ്റെടുത്ത സ്വകാര്യ സെക്യൂരിറ്റി കമ്പനികൾക്കു കീഴിലെ ജീവനക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവങ്ങൾ സമീപ കാലത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സെക്യൂരിറ്റി കമ്പനി ജീവനക്കാർ തന്നെ പണം സൂക്ഷിച്ച കവചിത വാഹനങ്ങളുമായി കടന്നുകളഞ്ഞ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇത്തരം കൊള്ളകളും കവർച്ചകളും പാടെ ഇല്ലാതാക്കുന്നതിനും മോഷ്ടിച്ച് കൈക്കലാക്കുന്ന പണം തീർത്തും ഉപയോഗശൂന്യമാക്കി മാറ്റുന്നതിനും ലക്ഷ്യമിട്ട് പണം നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്നതിന് സാമ സ്മാർട്ട് ബാഗുകൾ നിർബന്ധമാക്കുന്നത്.