Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരിപ്പൂർ കാർപാർക്കിംഗ് സ്ഥലമെടുപ്പ്:  പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക് 

കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവള വാഹന പാർക്കിംഗിന്റെ പേരിലുള്ള സ്ഥലമേറ്റെടുപ്പിനെതിരെ പ്രദേശവാസികൾ പ്രത്യക്ഷ സമരത്തിനിറങ്ങുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച സ്ത്രീകളും കുട്ടികളും അടക്കം കൊണ്ടോട്ടി വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തും. പലതവണ വിമാനത്താവള വികസനത്തിന് വേണ്ടി കിടപ്പാടം വിട്ടുകൊടുത്തവരാണ് പ്രദേശവാസികൾ. ആയതിനാൽ തന്നെ നിലവിലെ സ്ഥലമേറ്റെടുപ്പ് അനാവശ്യമാണെന്ന് പ്രദേശവാസികൾ പറയുന്നു.


നിലവിലുള്ള കാർ പാർക്കിംഗ് സൗകര്യം പൂർണമായും പ്രയോജനപ്പെടുത്താതെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ബിസിനെസ് കോർപറേറ്റുകൾക്ക് പണം കൊള്ളയടിക്കാനുള്ള തന്ത്രമാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. വികസനത്തിന്റെ ഭാഗമായി മങ്ങാട്ട്, കോട്ടിയാട്ട് പ്രദേശത്ത് നിന്നാണ് നിലവിൽ 15 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. നിരവധി കുടംബങ്ങൾക്കാണ് ഇതോടെ കിടപ്പാടം നഷ്ടപ്പെടുക. പ്രദേശം സ്ഥലം എം.എൽ.എ ടി.വി.ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.


പ്രദേശവാസികളെ കുടിയൊഴിപ്പിച്ച് കരിപ്പൂർ വിമാനത്താവള കാർ പാർക്കിംഗിനായി സ്ഥലമേറ്റെടുക്കുന്നതിൽനിന്ന് അധികൃതർ പിന്മാറണമെന്ന് സ്ഥലം എം.എൽ.എ ടി.വി.ഇബ്രാഹിം ആവശ്യപ്പെട്ടു. പ്രദേശത്തെ 100 ഓളം വീടുകൾ കുടി ഒഴിപ്പിക്കുന്നതിൽ ആശങ്കയുണ്ട്. തദ്ദേശ വാസികളെ അവഗണിച്ചുള്ള അശാസ്ത്രീയ സ്ഥലം ഏറ്റെടുപ്പിൽനിന്ന് അധികാരികൾ പിന്മാറണം. എയർപ്പോർട്ട് അതോറ്റിയുടെ തന്നെ കൈവശമുള്ള ഒഴിഞ്ഞുകിടക്കുന്ന 60 ഓളം ഏക്കർ സ്ഥലമുണ്ട്. ഇത് പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അത്യാധുനിക സംവിധാനങ്ങളോടെ നിലവിലെ സ്ഥലത്ത് തന്നെ കാർപാർക്കിംഗ് സൗകര്യം ഒരുക്കാനാകും. ഇന്ത്യയിൽ ഒരു എയർപോർട്ടിലും കേട്ടുകേൾവി ഇല്ലാത്ത വിധം പാർക്കിംഗിനോട് ചേർന്ന സ്ഥലത്താണ് എയർപോർട്ട് സ്‌കൂൾ, ക്വാട്ടേഴ്‌സ് എന്നിവയുള്ളത്. ഇത് എയർപോർട്ട് അതോററ്റിയുടെ അനാസ്ഥയുടെ അടയാളങ്ങളാണ്. ഇതെല്ലാം പരിഹരിക്കാതെ വീണ്ടും കുടുംബങ്ങളെയും ജനങ്ങളേയും സ്ഥാപനങ്ങളെയും പ്രതിസന്ധികളിലാക്കാൻ അനുവദിക്കുകയില്ലെന്നും എം.എൽ.എ പറഞ്ഞു.

ഇതിനെതിരെ ശക്തമായ നടപടി ക്രമങ്ങളുമായി ഏതറ്റം വരെയും പോകുമെന്നും എം.എൽ.എ മുന്നറിയിപ്പു നൽകി. 
മുനിസിപ്പൽ ചെയർ പേഴ്‌സൺ കെ.സി.ഷീബ, കൗൺസിലർമാരായ യു.കെ.മമ്മദിശ, ചുക്കാൻ ബിച്ചു, മിനിമോൾ, ഇ.എം.റഷീദ്, ഒ.പി.മുസ്തഫ, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് മുഹിയുദ്ദീൻ അലി, മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി കെ.കെ.റഷീദ്, ട്രഷറർ ശറഫലി, ഷംസു ചാലാക്കൽ, നൗഷാദ് ഒന്നാം മൈൽ, ആസിഫ് ആലുങ്ങൽ, നൗഷാദ് ചുള്ളിയൻ, ദാവൂദ്, ഫൈസൽ ആലുങ്ങൽ, രായീൻകുട്ടി പാമ്പോടൻ, വീരാൻകുട്ടി മാസ്റ്റർ, ജലീൽ ആടംമ്പിലാൻ, ചെറിണ്ണി മങ്ങാട്ട്, മെഹബൂബ്, നൗഫൽ മൻസൂർ, സിദ്ദീഖ് മധുവായി സംബന്ധിച്ചു.



 

Latest News