തൃശ്ശൂര്‍- വുഹാനില്‍ നിന്നെത്തിയ കൊറോണ വൈറസ് ബാധിച്ച പെണ്‍കുട്ടി നിലവില്‍ തൃശ്ശൂരില്‍ ചികിത്സയിലാണ്. ഈ കുട്ടിക്ക് വേണ്ട മുന്‍ കരുതലുകളാണ് ആശുപത്രി അധികൃതരും സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്നത്. എന്നാല്‍ വളരെ വിചിത്രമായ ഒരു സംഭമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ പെണ്‍കുട്ടിയോടൊപ്പം തൃശ്ശൂരിലെത്തിയ വിദ്യാര്‍ത്ഥിനിയ്ക്കും പനി ബാധയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നിരീക്ഷിക്കാന്‍ മെഡിക്കല്‍ സംഘം എത്തിയപ്പോള്‍ ചികിത്സിക്കാന്‍ തയ്യാറായില്ല. പകരം പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് ഇവരുടെ വാദം. രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ ഒപ്പം വന്നവരുടെ പട്ടികയെടുത്തപ്പോഴാണ് ഈ കുട്ടിക്കും പനിയുള്ള വിവരം അറിഞ്ഞത്. 52 പേരാണ് പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്നത്. 51 പേരും ആശുപത്രിയിലെത്തി പരിശോധന നടത്തിയെങ്കിലും പനി ബാധയുണ്ടായിട്ടും ഈ വിദ്യാര്‍ത്ഥിനി മാത്രം ആശുപത്രിയിലെത്താന്‍ തയ്യാറായില്ല. പകരം വീട്ടിലിരുന്ന് പ്രര്‍ത്ഥിക്കുകയായിരുന്നു.
ഈ കുട്ടിയെ ഫോണില്‍ ബന്ധപ്പെടാന്‍ നിരന്തരം ശ്രമിച്ചെങ്കിലും ഫോണെടുക്കാന്‍ കുട്ടി തയ്യാറായില്ല. തുടര്‍ന്ന് വീട്ടിലെത്തി സംഘം മൂന്ന് മണിക്കൂര്‍ ബോധവല്‍ക്കരണം നടത്തിയ ശേഷമാണ് കുട്ടി ചികിത്സിക്കാന്‍ തയ്യാറായത്. കുട്ടി വിസമ്മതിച്ചാല്‍ അറസ്റ്റ് ചെയ്യാനായിരുന്നു മെഡിക്കല്‍ സംഘത്തിന് കിട്ടിയിരുന്ന നിര്‍ദേശം.