ദുബായ്- പ്രവാസി ഇന്ത്യക്കാരുടെ (എന്‍.ആര്‍.ഐ) നിര്‍വചനത്തില്‍ ഭേദഗതി വരുത്തിയും നികുതിയില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചും ഇന്ത്യന്‍ ധനമന്ത്രാലയം പ്രവാസികളെ ഞെട്ടിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു.
ഭേദഗതി പ്രകാരം 182 ദിവസത്തിനുപകരം 120 ദിവസമോ അതില്‍ കൂടുതലോ തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിക്കുന്ന ഏതൊരു ഇന്ത്യക്കാരനെയും ഇന്ത്യന്‍ റെസിഡന്റ് ആയി കണക്കാക്കുകയും നികുതി ചുമത്തുകയും ചെയ്യും.
240 ദിവസം വിദേശത്ത് താമസിച്ചാലെ എന്‍.ആര്‍.ഐ പദവി കിട്ടൂ. ഒരു എന്‍.ആര്‍.ഐ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്നുണ്ടെങ്കില്‍” ആഗോള വരുമാനത്തിന് നികുതി ചുമത്തുക എന്നതാണ് മറ്റൊരു നിര്‍ദ്ദേശമെന്ന് ഇന്ത്യയുടെ റവന്യൂ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ അഭിപ്രായപ്പെട്ടു.
കേന്ദ്ര ബജറ്റ് പ്രവാസികളുടെ ആത്മവിശ്വാസം കവര്‍ന്നതിനാല്‍ നാട്ടിലെ നിക്ഷേപങ്ങളില്‍ നിരുത്സാഹപ്പെടുത്താമെന്ന് ആശിഷ് മേത്ത അസോസിയേറ്റ്‌സ് സ്ഥാപകനും എംഡിയുമായ ആശിഷ് മേത്ത പറഞ്ഞു. പകരം അവര്‍ താമസിക്കുന്ന രാജ്യത്ത് നിക്ഷേപം പരിമിതപ്പെടുത്തും. ഇന്ത്യയുടെ വിദേശ കരുതല്‍ ധനത്തില്‍ ഇത് ഗണ്യമായ ഇടിവു വരുത്തിയേക്കും എന്നും അദ്ദേഹം പറഞ്ഞു.ഈ നീക്കം സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്നും പുതിയ നിയമം നടപ്പാക്കില്ലെന്നും പ്രതീക്ഷിക്കുന്നു.
ഒരു ഇന്ത്യന്‍ പൗരനോ ഇന്ത്യന്‍ വംശജനോ ഇന്ത്യയില്‍ താമസിക്കുന്നതിനുള്ള സമയം 182 ദിവസത്തില്‍നിന്ന് 120 ദിവസമായി കുറക്കാനുള്ള ബജറ്റ് നിര്‍ദ്ദേശം അതിരു കടന്നതാണെന്ന് അക്കൗണ്ടിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന നവീന്‍ ശര്‍മ്മ പറഞ്ഞു. ഇപ്പോള്‍ ആറുമാസത്തിനുപകരം, ഇന്ത്യന്‍ പൗരന് എല്ലാ വര്‍ഷവും രാജ്യത്തിന് പുറത്ത് എട്ട് മാസം താമസിക്കണം, അപ്പോള്‍ മാത്രമേ അവരെ എന്‍.ആര്‍.ഐ ആയി കണക്കാക്കൂ.
ഗള്‍ഫ് ആസ്ഥാനമായുള്ള ധാരാളം ഇന്ത്യക്കാര്‍ അവരുടെ മാതൃരാജ്യമായ ഇന്ത്യയിലേക്ക് ബിസിനസ് ആരംഭിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ പോകുന്നു, അവരുടെ പുതിയ ബിസിനസില്‍ തുടക്കത്തില്‍ ധാരാളം സമയം ചെലവഴിക്കേണ്ടിവരുന്നത് പതിവാണ്. ഇപ്പോള്‍ അവര്‍ക്ക് ഒരു തലവേദന കൂടി ഉണ്ടാകും: കാരണം അവരുടെ എന്‍.ആര്‍.ഐ പദവി നഷ്ടപ്പെടുമോ എന്നതാണത്. അവര്‍ക്ക് എന്‍.ആര്‍.ഐ പദവി നഷ്ടപ്പെടുകയാണെങ്കില്‍, അവരുടെ ആഗോള വരുമാനം മുഴുവനും നികുതി വിധേയമായിരിക്കുമെന്ന് ശര്‍മ ചൂണ്ടിക്കാട്ടി.