തബൂക്ക് - മരുഭൂമിയിൽ ഒട്ടകം മുട്ടുകുത്തി നിൽക്കുന്ന രൂപത്തിൽ സ്ഥിതി ചെയ്യുന്ന പാറ ടൂറിസ്റ്റുകൾക്ക് മനോഹര കാഴ്ചയൊരുക്കുന്നു. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് തബൂക്കിലെ അൽവജ്ഹിലാണ് ഈ പ്രതിഭാസമുള്ളത്.
എട്ട് മീറ്റർ ഉയരമുള്ള ഈ പാറക്കൂട്ടം ചില പ്രത്യേക കോണുകളിൽനിന്ന് നോക്കിയാൽ ഒട്ടകം മുട്ടുകുത്തി നിൽക്കുന്ന രൂപത്തിലാണ് കാണാനാവുക. ടൂറിസ്റ്റുകളുടെയും ഗവേഷകരുടെയും ലക്ഷ്യസ്ഥാനം കൂടിയാണിത്.
അൽവജ്ഹ് പട്ടണത്തിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ഈ ഒട്ടകപ്പാറ അപൂർവമായി കാണപ്പെടുന്ന ചുണ്ണാമ്പ് പാറയാണെന്നാണ് സൗദി ജിയോളജിക്കൽ സർവേ വിഭാഗം പറയുന്നത്. ചെങ്കടലിന്റെ തീരപ്രദേശമായ അൽവജ്ഹിൽ ഇത്തരം നിരവധി ടൂറിസ്റ്റ് ആകർഷക സ്ഥലങ്ങളുണ്ട്. ഇവിടെയാണ് മിഷൻ 2030 ന്റെ ഭാഗമായ ചെങ്കടൽ പദ്ധതി വരുന്നത്.