കൊളംബോ- ശ്രീലങ്കക്കെതിരായ അവസാന ടെസ്റ്റിൽ ശിഖർ ധവാന് പുറമെ, സെഞ്ചുറിയുമായി ഹാർദിക് പാണ്ഡ്യേയും. 96 പന്തിൽ 108 റൺസുമായാണ് ഇന്ത്യൻ നിരയിൽ ഹർദിക് കരുത്ത് തെളിയിച്ചത്. ഹർദികിന്റെ കൂടി സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 487 റൺസ് സ്വന്തമാക്കി. പത്താമത്തെ വിക്കറ്റിൽ പാണ്ഡ്യ-യാദവ് സഖ്യം 66 റൺസ് അടിച്ചെടുത്തു. മിലിന്ദ പുഷ്പകുമാരയുടെ ഒരോവറിൽ പാണ്ഡ്യ അടിച്ചുകൂട്ടിയത് 26 റൺസായിരുന്നു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഓരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും പാണ്ഡ്യ സ്വന്തമാക്കി. ശ്രീലങ്കക്ക് വേണ്ടി ലക്ഷൻ സൻഡാകൻ അഞ്ചും പുഷ്പകുമാര മൂന്നും ഫെർണാണ്ടോ രണ്ടും വിക്കറ്റ് വീഴ്ത്തി. ആദ്യദിവസം ആദ്യവിക്കറ്റ് കൂട്ടുകെട്ടിൽ ശിഖർ ധവാനും ലോകേഷ് രാഹുലം ചേർന്ന് ഇന്ത്യക്ക് 188 റൺസ് അടിച്ചെടുത്തിരുന്നു. എന്നാൽ രാഹുൽ പുറത്തുപോയ ശേഷം ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നേരിട്ടത്. ലങ്കൻ സ്പിന്നർമാരാണ് ഇന്ത്യൻ മുന്നേറ്റത്തിന് തടയിട്ടത്. സ്പിന്നർമാർ നിറഞ്ഞാടിയപ്പോൾ ശ്രീലങ്കക്കെതിരായ പരമ്പര തൂത്തുവാരാൻ എത്തിയ ഇന്ത്യ അവസാന ടെസ്റ്റിന്റെ ആദ്യദിനം 329 റൺസിലൊതുങ്ങി. ആറു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഇത്രയും റൺസ് നേടിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് സ്വപ്നസമാനമായ തുടക്കമായിരുന്നു ഓപണർമാരായ ശിഖർ ധവാനും ലോകേഷ് രാഹുലും നൽകിയത്. ഈ വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാൻ ലങ്കക്ക് നാൽപതാമത്തെ ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. നാൽപതാമത്തെ ഓവറിലെ മൂന്നാമത്തെ പന്തിൽ ലോകേഷ് രാഹുൽ പുറത്തായി. മലിന്ദ പുഷ്പകുമാരയുടെ പന്തിൽ കരുണരത്‌നക്ക് പിടി നൽകിയാണ് രാഹുൽ പുറത്തായത്. 135 പന്തിൽ 85 റൺസായിരുന്നു രാഹുൽ അടിച്ചെടുത്തത്. എട്ടു ഫോറുകൾ അടങ്ങിയതായിരുന്നു ഈ ഇന്നിംഗ്‌സ്. മറുഭാഗത്ത് ശിഖർ ധവാനും റൺവേട്ടയിലായിരുന്നു. 123 പന്തിൽ 119 റൺസാണ് ശിഖർ ധവാൻ നേടിയത്. 17 ഫോറുകൾ ധവാന്റെ ഇന്നിംഗ്‌സിന് മാറ്റുകൂട്ടി. നാൽപത്തിയെട്ടാമത്തെ ഓവറിലാണ് ശിഖർധവാൻ മടങ്ങിയത്. ഈ വിക്കറ്റും പുഷ്പകുമാരക്കായിരുന്നു. ചാണ്ഡിമലിന് ക്യാച്ച്. ധവാൻ മടങ്ങുമ്പോൾ ഇന്ത്യയുടെ മൊത്തം സ്‌കോർ 219 -ൽ എത്തിയിരുന്നു. എന്നാൽ പിന്നീട് ഇന്ത്യയുടെ യാത്ര കാറ്റും കോളും നിറഞ്ഞതായിരുന്നു. 33 പന്ത് നേരിട്ട ചേതേശ്വർ പൂജാര എട്ടു റൺസുമായി മടങ്ങി. വിദേശപരമ്പരയിൽ മൂന്ന് സെഞ്ചുറി നേടുന്ന താരമെന്ന ബഹുമതി ചേതേശ്വർ പൂജാരക്ക് ഇതോടെ നഷ്ടമായി. സൻഡാകറിന്റെ പന്തിൽ മാത്യൂസിന് പിടി നൽകിയായിരുന്നു പൂജാരയുടെ മടക്കം. നായകൻ വിരാട് കോഹ്‌ലിയും അജിൻക്യരഹാനെയും ക്രീസിൽ ഒന്നിച്ചെങ്കിലും ഫലമുണ്ടായില്ല. 48 പന്തിൽ 17 റൺസ് നേടിയ രഹാനയെ പുഷ്പകുമാര എറിഞ്ഞിട്ടു. അറുപത്തിയാറാമത്തെ ഓവറിലായിരുന്നു ഇത്. എഴുപത്തിയെട്ടാം ഓവറിൽ വിരാട് കോഹ്‌ലിയും പുറത്തായി. 84 പന്തിൽ 42 റൺസായിരുന്നു കോഹ്‌ലിയുടെ നേട്ടം. അധികം വൈകാതെ അശ്വിനും പുറത്തായി. എൺപത്തിയെട്ടാമത്തെ ഓവറിലായിരുന്നു ഇത്. എഴുപത്തിയഞ്ച് പന്തിൽ 31 റൺസായിരുന്നു അശ്വിൻ അടിച്ചെടുത്തത്.