കണ്ണൂർ - പൗരത്വ ദേഭഗതി നിയമ വിഷയത്തിൽ മുഴുവൻ സ്ത്രീകളും പ്രക്ഷോഭ രംഗത്തിറങ്ങണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം അടക്കമുള്ള എല്ലാ സംഭവങ്ങളുടെയും കെടുതികൾ അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഇപ്പോഴത്തെ പ്രശ്‌നം നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നതാണ്. അതിനാൽ ആർക്കും വീടിനകത്ത് അടച്ചിരിക്കാനാവില്ല. എല്ലാവരും തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരും. ദില്ലിയിൽ കൊടും തണുപ്പത്ത് സ്ത്രീകളടക്കമുള്ളവരാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
സ്ത്രീകൾ തെരുവിൽ പ്രതിഷേധത്തിനിറങ്ങരുതെന്ന് കാന്തപുരം എ.പി അബൂബക്കറുടെ അഭിപ്രായപ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും താൻ അതിനോട് പ്രതികരിക്കുന്നില്ലെന്നും കെ.പി.എ മജീദ് പറഞ്ഞു. പൗരത്വ വിഷയത്തിൽ യോജിച്ച സമരത്തിന് തുരങ്കം വെച്ചത് സി.പി.എമ്മാണെന്ന് മജീദ് പറഞ്ഞു. ആദ്യഘട്ടത്തിൽ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ഒരുമിച്ച് സമരത്തിനെത്തി. പിന്നീട് സി.പി.എം സ്വന്തം നിലയിൽ സമരം പ്രഖ്യാപിച്ചതോടെയാണ് യോജിച്ച പ്രക്ഷോഭത്തിന്റെ വഴി അടഞ്ഞത്. യു.ഡി.എഫും സ്വന്തം നിലയിൽ സമരം ആരംഭിച്ചു. ഇനി യോജിച്ച സമരത്തിന് സാധ്യതയില്ല. ഇത് സംബന്ധിച്ച് ഒരു വിധത്തിലുള്ള ചർച്ചകളും നടന്നിട്ടില്ലെന്ന് മജീദ് വ്യക്തമാക്കി.