ദൽഹിയിൽ ഈ മാസം എട്ടിന് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. പ്രചാരണം മൂർധന്യത്തിലാണ്. ഇന്നുവരെ കാണാത്ത നീച പ്രയോഗങ്ങളാണ് പാർട്ടിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രയോഗിക്കുന്നത്. എങ്ങിനെയും വിജയം കൊയ്യുകയെന്ന ലക്ഷ്യമാണ് ബിജെപിക്ക്. അതോടൊപ്പം, രാജ്യത്തെ ഭൂരിപക്ഷത്തെ ന്യൂനപക്ഷവുമായി എന്നെന്നേക്കും അകറ്റുകയും. ജനാധിപത്യത്തിന്റെ അന്ത്യമാണോ ഇന്ത്യയിൽ സംഭവിക്കുന്നത്?
ഇന്ത്യയും പാക്കിസ്ഥാനുമുള്ള യുദ്ധമാണ് ഈ തെരഞ്ഞെടുപ്പെന്നും 'കടുത്ത കോപത്തോടെ വോട്ട് ബട്ടൺ അമർത്തുക, അങ്ങനെ ഷഹീൻ ബാഗിന് വൈദ്യുത പ്രവാഹം അനുഭവപ്പെടട്ടെ' എന്നാണ് അമിത്ഷാ പ്രസംഗിച്ചത്. ഈ രാജ്യദ്രോഹികളെ കൊല്ലുകയെന്ന് മറ്റൊരു കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ പ്രസംഗിച്ചപ്പോൾ പടിഞ്ഞാറൻ ദൽഹിയുടെ എം.പിയായ പർവേസ് വർമ്മ പറഞ്ഞത് ഷഹീൻ ബാഗിലെ ഈ ജനം നിങ്ങളുടെ വീടുകളിലേക്ക് ഇരച്ചു കയറുമെന്നും നിങ്ങളുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊല്ലുമെന്നുമാണ്. പർവേസ് വർമ്മ അതിഗുരുതരമായ ആരോപണങ്ങളാണ് മുസ്‌ലിംകൾക്ക് നേരെയുയർത്തുന്നത്.
ഫെബ്രുവരി 11ന് ബിജെപി അധികാരത്തിൽ വന്നാൽ ഒരു മണിക്കൂർ കൊണ്ട് ഷഹീൻ ബാഗ് ഒഴിപ്പിക്കുമെന്നും, ദൽഹിയിൽ പൊതുസ്ഥലം കയ്യേറി പണിത അറുപതോളം പള്ളികളും മദ്രസകളും ഇടിച്ചുനിരത്തുമെന്നും മറ്റുമാണ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുന്നത്.
മുസ്‌ലിംകളെ രാജ്യദ്രോഹികളും പാക്കിസ്ഥാനികളുമായി മുദ്ര കുത്തി ഒറ്റപ്പെടുത്തി തെരഞ്ഞെടുപ്പിൽ വിജയം കൊയ്യുകയെന്നത് 2013 മുതൽ ബിജെപി രാജ്യവ്യാപകമായി പയറ്റുന്ന തന്ത്രമാണ്. മുസ്‌ലിംകൾ ഉള്ളിടത്തൊക്കെ അവർക്ക് ഈ തന്ത്രം പ്രയോഗിക്കാനും തെരഞ്ഞെടുപ്പിൽ വിജയിക്കാനും സാധിക്കുന്നുണ്ട്. പറയുന്നതിൽ വാസ്തവത്തിന്റെ തരിമ്പും വേണമെന്നില്ല. പ്രചാരണത്തിന്റെ ഗീബൽസിയൻ തന്ത്രമാണ് കള്ളത്തെ സത്യമാക്കുന്നത്. 2017ൽ ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് തോന്നിയപ്പോൾ പോളിങ്ങിന്റെ തൊട്ടുമുമ്പ് മോഡി ഒരു തുറുപ്പുചീട്ടിറക്കി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും അന്നത്തെ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയും വിരമിച്ച ഒരു പട്ടാള മേധാവിയും കൂടി പാക്കിസ്ഥാനുമായി ചേർന്ന് മോഡിയെ പരാജയപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് പ്രസംഗിച്ചത്. അപരവൽക്കരണത്തിന്റെയും വിദ്വേഷത്തിന്റെയും ഒന്നാംതരം ചേരുവ. തെരഞ്ഞെടുപ്പ് ജയിക്കുകയും ചെയ്തു.
വിമോചനവും അതിദേശീയതയും രാജ്യ സുരക്ഷയും അണപൊട്ടി ഒഴുകുന്നത് ഓരോ വാക്കിലും നോക്കിലും സൃഷ്ടിച്ചെടുക്കാനുള്ള വൈദഗ്ധ്യമാണ് ഫാസിസത്തിന്റെ വജ്രായുധങ്ങൾ. ആവർത്തിക്കുന്ന ഇത്തരം കള്ളങ്ങളും തെരഞ്ഞെടുപ്പിന് മുമ്പ് നടത്തപ്പെടുന്ന ഭീകരാക്രമണങ്ങളും ബിജെപിയെ വിജയിപ്പിച്ചെടുക്കുന്നതിൽ നിർണ്ണായകമായി വർത്തിക്കുന്നുണ്ട്. ദേശീയ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് പുൽവാമയിൽ നാൽപത് ജവാന്മാർ കൊല്ലപ്പെട്ടത്. 300-400 കിലോ ആർ ഡി എക്‌സ് നിറച്ച ലോറിയുമായി ഇന്ത്യൻ പട്ടാളവ്യൂഹത്തെ ആക്രമിച്ചത് വോട്ടാക്കി മാറ്റുന്നതാണ് പിന്നീട് കണ്ട
ത്. 2001ൽ മോഡിയെ ഗുജറാത്തിൽ അവരോധിച്ചത് കേശുഭായ് പട്ടേലിന് പകരക്കാരനായിട്ടാണ്. മുഖ്യമന്ത്രിക്ക് ഉപതെരെഞ്ഞെടുപ്പിലൂടെ ജയിച്ച് എം.എൽ.എ ആകണമായിരുന്നു. മൂന്ന് മണ്ഡലങ്ങളിലേക്കായി നടന്ന ഉപതെരെഞ്ഞെടുപ്പിൽ ബിജെപിയുടെ രണ്ട് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ടു. മോഡി ജയിച്ചതാവട്ടെ ഒട്ടും തിളക്കമില്ലാത്ത ഭൂരിപക്ഷത്തിനും. 2002 ലെ സംസ്ഥാന പൊതുതെരഞ്ഞെടുപ്പിൽ സംഭവിക്കാൻ പോകുന്നതെന്തെന്ന ഏകദേശ ചിത്രം മോഡിക്ക് മനസ്സിലായി. അത് മറികടക്കാനായിരുന്നു സബർമതി എക്‌സ്പ്രസ്സിലെ ദുരന്തം.
ഗോധ്രയുടെ പ്രതികാരമെന്നോണം ഗുജറാത്തിലെ മുസ്ലിംകളെ മുഴുവൻ ഒറ്റയടിക്ക് മോഡിയും അമിത്ഷായും പ്രവീൺ തൊഗാഡിയയും ഗോർഡൻ സദാഫിയയും ചേർന്ന് കൂട്ടക്കൊലക്കും കൂട്ടപലായനത്തിനും വിധേയമാക്കി. പിന്നീട് മൂന്ന് തവണ മോഡി മുഖ്യമന്ത്രി പദത്തിൽ തുടർന്നു. ഗുജറാത്ത് മുസ്‌ലിംകൾ പാർശ്വവൽക്കരിക്കപ്പെട്ടു. ഈ മാതൃക ഇന്ത്യ മൊത്തം അനുവർത്തിക്കാനാണ് മോഡിയെ പ്രധാനമന്ത്രിയാക്കിയത് ആർഎസ്എസ്.
അറുപത് വയസ്സ് പിന്നിട്ട ശരീഖ് അൻസാറുള്ളയാണ് ഷെഹീൻ ബാഗ് കോളനിക്ക് ആ പേര് നൽകിയത്. 31 വർഷങ്ങൾക്ക് ശേഷം ആ പേരിങ്ങനെ അന്വർത്ഥമാകുമെന്ന് ഒരിക്കലും അൻസാറുള്ള പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അല്ലാമാ ഇഖ്ബാലിന്റെ ബാലെ ജിബ്‌രീൽ എന്ന കാവ്യത്തിൽനിന്ന് സ്വത്വബോധമുൾക്കൊണ്ടാണ് 1979ൽ ഷഹീൻ ബാഗ് എന്ന പേര് നൽകിയത്. 'തൂ ഷെഹീൻ ഹെ, പർവാസ് ഹൈ കാം തേരാ / തേര സാമ്‌നെ ആസ്മാൻ ഔർ ബീ ഹൈ' (നീ രാജാളിപ്പക്ഷിയാണ്, ആകാശം കീഴടക്കുകയാണ് നിന്റെ ധർമ്മം. നിന്റെമുമ്പിൽ ഇനിയുമേറെ ആകാശങ്ങളുണ്ട് കീഴ്‌പ്പെടുത്താൻ). ഈ കോളനിയിലെ ജനങ്ങൾ, വിശിഷ്യ സ്ത്രീജനം, ഇന്ന് രാജ്യത്തിന്റെയാകെ അഭിമാനമാണ്. അഹിംസയിലും സത്യഗ്രഹത്തിലും അധിഷ്ഠിതമായ സമരമാണ് അവർ നടത്തുന്നത്. ദിവസങ്ങൾ ആഴ്ചകൾക്കും ആഴ്ചകൾ മാസങ്ങൾക്കും വഴിമാറിയിട്ടും കെടാത്ത ആവേശം രാജാളിപ്പക്ഷിയെത്തന്നെയാണ് ഓർമ്മിപ്പിക്കുന്നത്. ഇഖ്ബാലിന്റെ തന്നെ 'സാരേ ജഹാൻസെ അച്ഛാ/ഹിന്ദുസ്ഥാൻ ഹമാരാ' എന്ന കാഹളധ്വനിയാണ് എങ്ങും മുഴങ്ങുന്നതും.
കഴിഞ്ഞയാഴ്ച ലോകം ശ്രദ്ധിച്ചത് ഷെഹീൻ ബാഗിലെ റിപ്പബ്ലിക്ക് ദിനാഘോഷമായിരുന്നു. അടിച്ചമർത്തപ്പെടുന്നവരെല്ലാം ഒരുമിച്ച് പഠിക്കുകയും സംഘടിക്കുകയും പോരാടുകയും ചെയ്യേണ്ടകാലം ആഗതമായിരിക്കുന്നുവെന്നാണ് ഷെഹീൻ ബാഗിൽനിന്ന് പഠിക്കേണ്ട പാഠം.
ഇന്ത്യ എല്ലാവരുടേതുമാണ്. ഇന്ത്യ ലോകത്തിന്റെ പ്രതീക്ഷയാണ്.