ദുബായ്- ദുബായില്‍ ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള പ്രക്രിയ ലളിതമാക്കി. അറബ് ഹെല്‍ത്ത് -2020 ല്‍ അല്‍ ഹമീദ് എന്ന പേരില്‍ ഒരു പുതിയ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ദുബായ് ഹെല്‍ത്ത് അതോറിറ്റി ആരംഭിച്ചതോടെയാണിത്.
ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനായി ദുബായിലെയും ഹത്തയിലുമുള്ള പൊതു, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ഇപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ചാല്‍ മതി. റാഷിദ്, ദുബായ്, ലത്തീഫ, ഹത്ത എന്നീ നാല് സര്‍ക്കാര്‍ ആശുപത്രികളിലെ ഏതെങ്കിലും ഉപഭോക്തൃ സേവന കേന്ദ്രത്തില്‍ നിന്ന് ഇലക്‌ട്രോണിക് സര്‍ട്ടിഫിക്കറ്റിന്റെ കോപി ലഭ്യമാക്കാം. ജുമൈറ ലേക്ക് ടവേഴ്‌സിലുള്ള മെഡിക്കല്‍ ഫിറ്റ്‌നെസ് സെന്ററുകളിലും അപ്ടൗണ്‍ മിര്‍ഡിഫിലും ഹാര്‍ഡ് കോപ്പികള്‍ ലഭ്യമാകുമെന്ന് സേവന വക്താവ് പറഞ്ഞു.
ഒരു മാസമായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ അല്‍ ബരാഹ ആശുപത്രിയില്‍ മാത്രമാണ് നേരത്തെ ഇലക്ട്രോണിക് ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നത്. പുതിയ ഇലക്ട്രോണിക് പോര്‍ട്ടല്‍ ഉപയോഗിക്കാന്‍ എല്ലാ സ്വകാര്യ, പൊതു ആശുപത്രികളിലും നൂറിലധികം ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി.