റിയാദ് - ഉത്തര അതിർത്തി പ്രവിശ്യ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡിൽ രണ്ടു വനിതകളെ നിയമിച്ച് വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി ഉത്തരവിട്ടു. പ്രവിശ്യ ചേംബർ ബോർഡിൽ ആദ്യമായാണ് വനിതകൾക്ക് സ്ഥാനം ലഭിക്കുന്നത്. പത്താമത് ഉത്തര അതിർത്തി പ്രവിശ്യ ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ ബോർഡിൽ ആകെ നാലു അംഗങ്ങളെയാണ് മന്ത്രി നേരിട്ട് നിയമിച്ചത്. വനിതകളായ സുആദ് ബിൻത് അബ്ദുറഹ്മാൻ അബൂലിഹ്‌യ, നൂറ ബിൻത് അബ്ദുല്ല മതർ അൽഹർബി എന്നിവർക്കു പുറമെ ഹമദ് ബിൻ നാസിർ ബിൻ ഖലീൽ അൽനുജൈദി, ഉമർ ബിൻ ഫഹദ് ബിൻ മുഹമ്മദ് അൽഫഹൈദ് എന്നിവരെയും ചേംബർ ബോർഡിൽ മന്ത്രി നേരിട്ട് നിയമിച്ചു.
തെരഞ്ഞെടുപ്പിൽ ഓൺലൈൻ വഴിയായിരുന്നു വോട്ടെടുപ്പ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ വോട്ടെടുപ്പിൽ പങ്കെടുത്തവരുടെ എണ്ണം നാലിരട്ടിയോളം ഉയരുന്നതിന് ഓൺലൈൻ വോട്ടെടുപ്പ് സഹായിച്ചു. പത്താമത് ഡയറക്ടർ ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആകെ 2,429 പേർ വോട്ടവകാശം വിനിയോഗിച്ചു. വ്യാപാരികളുടെ പാനലിൽ മൂസ അബ്ദുല്ല അൽഅനസി, സുൽത്താൻ ഖലഫ് അൽഅനസി, നവാഫ് മസ്അൽ സുൽത്താൻ അൽദായിദി, ഈസ മഅ്‌യൂഫ് അൽഅനസി, ശായിശ് അവാദ് അൽഅനസി, ആഫത് ഉലയ്യാൻ അൽറുവൈലി എന്നിവരും വ്യവസായികളുടെ പാനലിൽ സ്വാലിഹ് മുഹമ്മദ് അൽഖലൈവി, ഇമാദ് സ്വാദിഖ് യൂസുഫ് അൽമുഹമ്മദുമാണ് തെരഞ്ഞെടുപ്പിൽ വിജയിച്ച് ഉത്തര അതിർത്തി പ്രവിശ്യ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡിലെത്തിയത്.
ഡയറക്ടർ ബോർഡ് അംഗങ്ങളിൽ മൂന്നിലൊന്നു പേരെയാണ് മന്ത്രി നേരിട്ട് നിയമിച്ചത്. നേരത്തെ രാജ്യത്തെ ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ ബോർഡുകളിൽ പകുതി അംഗങ്ങളെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുകയും പകുതി അംഗങ്ങളെ വാണിജ്യ, നിക്ഷേപ മന്ത്രി നേരിട്ട് നിയമിക്കുകയുമാണ് ചെയ്തിരുന്നത്. സമീപ കാലത്ത് നടപ്പാക്കിയ പരിഷ്‌കരണങ്ങളുടെ ഭാഗമായി മന്ത്രി നേരിട്ട് നിയമിക്കുന്ന അംഗങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറക്കുകയായിരുന്നു.