ദോഹ- സിനിമയില്‍ ഇന്ന് വെളുപ്പ് ഒരു പ്രധാന ഘടകമായി മാറിയിരിക്കുകയാണെന്നും നായകന്‍ ഒരു പ്രേമിയായി മാറുന്ന പ്രവണതയാണ് കച്ചവട സിനിമകളില്‍ ഇന്നും കാണുന്നതെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ജനനന്‍മ അവാര്‍ഡ് ദാന ചടങ്ങളില്‍ സംബന്ധിക്കാന്‍ ഖത്തറിലെത്തിയ അദ്ദേഹം ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകായായിരുന്നു.
അതിമാനുഷികനായ നായകന്‍, നായകന്റെ പൈങ്കിളി തുടങ്ങിയവയാണ് ഇന്ന് പല സിനിമകളിലും കാണുന്നത്. എന്നാല്‍ ചില പുതുതലമുറ സംവിധായകര്‍ സാധാരണ മനുഷ്യരുടെ കഥ പറയുന്ന സിനിമകള്‍ എടുത്തു തുടങ്ങിയെന്നും സുഡാനി ഫ്രെം നൈജീരിയ പോലുളള സിനിമകള്‍ ഇതിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ബിംഗില്‍ ശബ്ദം കഥാപാത്രത്തിന്റെ ജീവിതം ഉള്‍ക്കൊളളുന്നതായിരിക്കണം. അവാര്‍ഡ് കിട്ടുന്ന നടന്റെ ശബ്ദം ഡബ്ബ് ചെയയതതാണെങ്കില്‍ അവാര്‍ഡ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായി പങ്ക്‌വെക്കണമെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ മൃഗങ്ങളെയും പക്ഷികളെയും ഉപയോഗിക്കുന്നത് ഇന്ന് ഏറെ പ്രയാസകരമാണ്. സെന്‍സറിംഗ് പോലുളളവക്ക് അത് പ്രയാസം സൃഷ്ടിക്കുന്നു. അത് പശുവാകുമ്പോള്‍ ഏറെ കുഴപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയ ഇന്ന് ആന്റി സോഷ്യല്‍ മീഡിയയായി മാറി. ആളുകള്‍ക്കെതിരെ പ്രചാരണം നടത്താനുളള മാധ്യമമായാണ് ഇന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. സിനിമക്കെതിരെ മോശമായ പ്രചാരണങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. മറ്റുളളവരുടെ തകര്‍ച്ചയില്‍ ചിലര്‍ സന്തോഷം കണ്ടെത്തുകയാണെന്നും അടൂര്‍ പറഞ്ഞു. ടെലിവിഷന്‍ ചാനലുകളുടെ മത്സരം ഇന്ന് അതിനെയും വഷളാക്കിയിരിക്കുന്നു. മാന്യന്‍മാര്‍ വൈകുന്നേരങ്ങളില്‍ കയറിയിരുന്ന് വാടാപോടാ വിളിക്കുന്ന വേദിയായി ചാനലുകള്‍ പലതും മാറികഴിഞ്ഞവെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.