ഇന്ത്യ 329/6 തിരിച്ചടിച്ച് സ്പിന്നർമാർ
കൊളംബോ- ഏത് നിമിഷവും മഴ പ്രതീക്ഷിച്ചാണ് ലങ്കയിലെ പള്ളക്കിലെ ഗ്രൗണ്ടിലേക്ക് ക്രിക്കറ്റ് ആരാധകർ കണ്ണുംനട്ടിരുന്നത്. എന്നാൽ, പെരുമഴക്ക് പകരം ശിഖർധവാൻ പെരും കാറ്റായി ആഞ്ഞുവീശുന്ന കാഴ്ച്ചക്കായിരുന്നു പള്ളക്കിലെ ഗ്രൗണ്ട് സാക്ഷിയായത്. ആദ്യ രണ്ടു ടെസ്റ്റിലും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യയെ അവസാന ടെസ്റ്റിലെങ്കിലും വരുതിയിലാക്കാമെന്ന് കരുതിയ ആതിഥേയരുടെ പ്രതീക്ഷകളെ ധവാൻ ആട്ടിയോടിക്കുന്ന കാഴ്ച്ചയായിരുന്നു തുടക്കത്തിൽ. ശ്രീലങ്കൻ ബൗളർമാരെ നാലുപാടും ധവാൻ ആട്ടിയോടിച്ചു. മറുഭാഗത്ത് ലോകേഷ് രാഹുലും കൊടുങ്കാറ്റായി വീശുന്നുണ്ടായിരുന്നു. ഇരുവരും ചേർന്ന് ആദ്യവിക്കറ്റ് കൂട്ടുകെട്ടിൽ ഇന്ത്യക്ക് 188 റൺസ് നേടിക്കൊടുത്തു. ശ്രീലങ്കയിൽ ഒരു സന്ദർശക ടീം നേടുന്ന ഏറ്റവും ഉയർന്ന ഓപണിംഗ് കൂട്ടുകെട്ടാണിത്. എന്നാൽ രാഹുൽ പുറത്തുപോയ ശേഷം ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നേരിട്ടത്. ലങ്കൻ സ്പിന്നർമാരാണ് ഇന്ത്യൻ മുന്നേറ്റത്തിന് തടയിട്ടത്. സ്പിന്നർമാർ നിറഞ്ഞാടിയപ്പോൾ ശ്രീലങ്കക്കെതിരായ പരമ്പര തൂത്തുവാരാൻ എത്തിയ ഇന്ത്യ അവസാന ടെസ്റ്റിന്റെ ആദ്യദിനം 329 റൺസിലൊതുങ്ങി. ആറു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഇത്രയും റൺസ് നേടിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് സ്വപ്‌നസമാനമായ തുടക്കമായിരുന്നു ഓപണർമാരായ ശിഖർ ധവാനും ലോകേഷ് രാഹുലും നൽകിയത്. ഈ വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാൻ ലങ്കക്ക് നാൽപതാമത്തെ ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. നാൽപതാമത്തെ ഓവറിലെ മൂന്നാമത്തെ പന്തിൽ ലോകേഷ് രാഹുൽ പുറത്തായി. മലിന്ദ പുഷ്പകുമാരയുടെ പന്തിൽ കരുണരത്‌നക്ക് പിടി നൽകിയാണ് രാഹുൽ പുറത്തായത്. 135 പന്തിൽ 85 റൺസായിരുന്നു രാഹുൽ അടിച്ചെടുത്തത്. എട്ടു ഫോറുകൾ അടങ്ങിയതായിരുന്നു ഈ ഇന്നിംഗ്‌സ്. മറുഭാഗത്ത് ശിഖർ ധവാനും റൺവേട്ടയിലായിരുന്നു. 123 പന്തിൽ 119 റൺസാണ് ശിഖർ ധവാൻ നേടിയത്. 17 ഫോറുകൾ ധവാന്റെ ഇന്നിംഗ്‌സിന് മാറ്റുകൂട്ടി. നാൽപത്തിയെട്ടാമത്തെ ഓവറിലാണ് ശിഖർധവാൻ മടങ്ങിയത്. ഈ വിക്കറ്റും പുഷ്പകുമാരക്കായിരുന്നു. ചാണ്ഡിമലിന് ക്യാച്ച്. ധവാൻ മടങ്ങുമ്പോൾ ഇന്ത്യയുടെ മൊത്തം സ്‌കോർ 219 -ൽ എത്തിയിരുന്നു. എന്നാൽ പിന്നീട് ഇന്ത്യയുടെ യാത്ര കാറ്റും കോളും നിറഞ്ഞതായിരുന്നു. 33 പന്ത് നേരിട്ട ചേതേശ്വർ പൂജാര എട്ടു റൺസുമായി മടങ്ങി. വിദേശപരമ്പരയിൽ മൂന്ന് സെഞ്ചുറി നേടുന്ന താരമെന്ന ബഹുമതി ചേതേശ്വർ പൂജാരക്ക് ഇതോടെ നഷ്ടമായി. സൻഡാകറിന്റെ പന്തിൽ മാത്യൂസിന് പിടി നൽകിയായിരുന്നു പൂജാരയുടെ മടക്കം. നായകൻ വിരാട് കോഹ്‌ലിയും അജിൻക്യരഹാനെയും ക്രീസിൽ ഒന്നിച്ചെങ്കിലും ഫലമുണ്ടായില്ല. 48 പന്തിൽ 17 റൺസ് നേടിയ രഹാനയെ പുഷ്പകുമാര എറിഞ്ഞിട്ടു. അറുപത്തിയാറാമത്തെ ഓവറിലായിരുന്നു ഇത്. എഴുപത്തിയെട്ടാം ഓവറിൽ വിരാട് കോഹ്‌ലിയും പുറത്തായി. 84 പന്തിൽ 42 റൺസായിരുന്നു കോഹ്‌ലിയുടെ നേട്ടം. അധികം വൈകാതെ അശ്വിനും പുറത്തായി. എൺപത്തിയെട്ടാമത്തെ ഓവറിലായിരുന്നു ഇത്. എഴുപത്തിയഞ്ച് പന്തിൽ 31 റൺസായിരുന്നു അശ്വിൻ അടിച്ചെടുത്തത്. ഫെർണാണ്ടോയുടെ പന്തിൽ ഡിക്‌വെല്ലക്ക് ക്യാച്ച്. 38 പന്തിൽ 13 റൺസുമായി വൃദ്ധിമാൻ സാഹയും ആറു പന്തിൽ ഒരു റൺസുമായി ഹർദിക് പാണ്ഡ്യേയുമാണ് ക്രീസിൽ. നാൽപത് റൺസ് വഴങ്ങി പുഷ്പകുമാര മൂന്നും 84 റൺസ് വഴങ്ങി സൻഡാകർ രണ്ടും വിക്കറ്റ് നേടി.