റിയാദ് - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും യുനെസ്‌കോ ഡയറക്ടർ ജനറൽ ഓഡ്രി അസുലായ് ചർച്ച നടത്തി. വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക മേഖലകളിൽ യുനെസ്‌കോയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് കൂടിക്കാഴ്ചകളിൽ ചർച്ച ചെയ്തു. വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആലുശൈഖ്, രാജാവിന്റെ പ്രൈവറ്റ് അസിസ്റ്റന്റ് സെക്രട്ടറി തമീം അൽസാലിം തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
സാംസ്‌കാരിക മേഖലയിൽ സൗദി അറേബ്യ നടപ്പാക്കുന്ന പദ്ധതികൾ കിരീടാവകാശി വിശദീകരിച്ചു. വിഷൻ 2030 പദ്ധതിക്കും യു.എന്നിന്റെ 2030 സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും അനുസൃതമായി യുനെസ്‌കോയും സൗദി അറേബ്യയും തമ്മിൽ ഫലപ്രദമായ സഹകരണം തുടരുന്നതിനെ കുറിച്ച് കിരീടാവകാശിയും ഓഡ്രി അസുലായും വിശകലനം ചെയ്തു.