റിയാദ് - പഴയ വൈദ്യുതി മീറ്ററുകൾ മാറ്റി പുതിയ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി മൂന്നു ഘട്ടമായാണ് നടപ്പാക്കുകയെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. ഒരു കോടി സ്മാർട്ട് വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്. ഇതിന് ഫെബ്രുവരി രണ്ടിന് തുടക്കമാകും.
ഉപയോക്താക്കളുടെ മീറ്ററുകൾ മാറ്റിസ്ഥാപിക്കുന്നതിന് ഒരു മണിക്കൂറിൽ കുറവ് സമയം മാത്രമാണ് വൈദ്യുതി വിഛേദിക്കേണ്ടിവരിക. രണ്ടാമത്തെ ഘട്ടത്തിൽ സ്മാർട്ട് മീറ്ററുകളെ മൊബൈൽ ഡിവൈസ് മാനേജ്‌മെന്റ് (എം.ഡി.എം) സംവിധാവുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുക. ഇത് ജൂൺ അവസാനത്തോടെ ആരംഭിക്കും.
മൂന്നാം ഘട്ടത്തിൽ ബില്ലിംഗ് സിസ്റ്റത്തെ സ്മാർട്ട് മീറ്ററുകളുമായി ബന്ധിപ്പിക്കുകയും ആപ്പുകൾ പുറത്തിറക്കുകയും ചെയ്യും. ഇത് ജൂലൈ അവസാനത്തോടെ ആരംഭിക്കും. അടുത്ത വർഷം ആദ്യ പാദാവസാനത്തോടെ പദ്ധതി പൂർണ തോതിൽ പൂർത്തിയാക്കും. പഴയ മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള ഒരുവിധ ചെലവും ഉപയോക്താക്കൾ വഹിക്കേണ്ടിവരില്ല.
പദ്ധതിയുടെ വിവിധ ഘട്ടങ്ങളുടെ പുരോഗതികളെയും സേവനങ്ങളെയും സ്മാർട്ട് മീറ്റർ ആപ്പുകളെയും കുറിച്ച് അറിയിക്കുന്നതിന് ഉപയോക്താക്കളുമായി പതിവായി ആശയ വിനിമയം നടത്തുമെന്നും സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു.