കോഴിക്കോട്- ടിപ്പു സുല്‍ത്താനും മുസ്ലിംകള്‍ക്കുമെതിരെ ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ നടത്തിയ പ്രസംഗം വിവാദമായി. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രസംഗത്തില്‍ മുഴുവന്‍ നുണകളാണെന്ന് പത്രപ്രവര്‍ത്തകന്‍ ശരീഫ് സാഗര്‍.
ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
സീറോ മലബാര്‍ സഭ എത്രത്തോളം കാവിവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷത്തിലുള്ള തെളിവുകളിലൊന്നാണ് ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍.
''കാപ്പിപ്പൊടി'' അച്ചന്‍ എന്നാണ് ഈ പൈങ്കിളി പ്രഭാഷകന്‍ അറിയപ്പെടുന്നതെങ്കിലും ''കാവിപ്പൊടി'' അച്ചന്‍ എന്ന് അക്ഷരം തെറ്റാതെ വിളിക്കാന്‍ പറ്റുന്ന പ്രസംഗമാണ് അദ്ദേഹം ടിപ്പു സുല്‍ത്താനെക്കുറിച്ചു നടത്തിയത്. 1799ല്‍ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി വീരമരണം വരിച്ച ടിപ്പുവിനെ 515 കൊല്ലം മുമ്പ് ജീവിച്ചിരുന്ന സൈന്യാധിപനായി ചിത്രീകരിച്ചതാണ് ആ പ്രസംഗത്തിലെ ആദ്യത്തെ നുണ.
മറ്റു നുണകളെ താഴെപറയും പ്രകാരം സംഗ്രഹിക്കാം:
ഒന്ന്: ടിപ്പു സുല്‍ത്താന്‍ വൊഡയാര്‍ രാജാവിന്റെ സൈന്യാധിപനായിരുന്നു. തെറ്റ്. അദ്ദേഹം മൈസൂരിന്റെ രാജാവായിരുന്നു.
രണ്ട്: മലബാറില്‍വന്ന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വെടിവെച്ചുകൊല്ലുകയും ഹിന്ദുക്കളെ ഇല്ലാതാക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. അതാണു ശരിയെങ്കില്‍ ഇപ്പോള്‍ മലബാറില്‍ ഹിന്ദുക്കളേ ഉണ്ടാകാന്‍ പാടില്ല. മലബാര്‍ ഇപ്പോഴും ഒരു ഹിന്ദു ഭൂരിപക്ഷ പ്രദേശമാണ്.
മൂന്ന്: ശിവസേന ഉള്ളതുകൊണ്ടല്ല, ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായതുകൊണ്ടാണ് ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ജീവിക്കുന്നത്.
നാല്: മക്കയിലെ ശുമൈസി ചെക്ക് പോസ്റ്റ് എത്തുന്നതിനു മുമ്പുള്ള റോഡിലെ നെയിംബോര്‍ഡാണ് മറ്റൊരു പരാമര്‍ശം. മക്കയില്‍ രക്തം വീഴാതിരിക്കാന്‍ ഹുദൈബിയ സന്ധി നടക്കുകയും മക്കക്കാരുടെ അനുമതി കിട്ടാത്തതിനാല്‍ പ്രവാചകന്‍ പോലും മദീനയിലേക്ക് മടങ്ങിയതും ഇവിടെ വെച്ചാണ്. വിശുദ്ധ ഹറം അതിര്‍ത്തിയുടെ പവിത്രത കാത്തുസൂക്ഷിക്കാനായി ഏര്‍പ്പെടുത്തിയ സംവിധാനം മാത്രമാണത്. എല്ലാ ആള്‍ത്താരയിലും അരമനയിലും എല്ലാവര്‍ക്കും പ്രവേശനമില്ലാത്തതു പോലെയുള്ള ഒരു നിയന്ത്രണം.
അഞ്ച്: മൈസൂര്‍പ്പട കേരളം ആക്രമിച്ചു കീഴടക്കിയതല്ല. സാമൂതിരി പാലക്കാട് ആക്രമിച്ചപ്പോള്‍ പാലക്കാട് രാജാവിന്റെ അഭ്യര്‍ത്ഥന പ്രകാരം മലബാറിലെത്തിയതാണ് മൈസൂര്‍പ്പട. പാലക്കാട് കോങ്ങാട് മണ്ണാര്‍ക്കാട് വഴിയാണ് കോഴിക്കോട്ടേക്ക് പടനയിച്ചത്. ടിപ്പുവിന്റെ ഇടപെടലിലൂടെ സാമൂതിരി പാലക്കാട്ടുനിന്ന് പിടിച്ചെടുത്ത പ്രദേശങ്ങള്‍ പാലക്കാട് രാജാവായ കോമുവച്ചന് തിരിച്ചുകൊടുത്തു. 12,000 രൂപ യുദ്ധച്ചെലവും കൊടുത്തു. ബ്രിട്ടീഷുകാരോടാണ് ടിപ്പു പ്രധാനമായും പോരാടിയത്. 1797ല്‍ പടക്കോപ്പുകള്‍ നല്‍കി പഴശ്ശിയെ സഹായിക്കുകയും ചെയ്തു.
ആറ്: ലോകത്ത് ക്രിസ്ത്യാനികള്‍ക്കു നേരെ ആക്രമണം നടക്കുന്നതില്‍ 15ാം സ്ഥാനത്താണ് ഇന്ത്യ. അക്രമികള്‍ സംഘികളാണ്. ക്രിസ്ത്യാനികള്‍ സമാധാനത്തോടെ ജീവിക്കുന്നത് മുസ്‌ലിം രാജ്യങ്ങളിലാണ്.
ഏഴ്: കൂനമ്മാവ് കഥയും മഞ്ഞില്‍ പള്ളി മറഞ്ഞതുമൊക്കെ വെറും കെട്ടുകഥയാണ്. നാലാം ആംഗ്ലോ മൈസൂര്‍ യുദ്ധത്തിലെ രക്തസാക്ഷ്യമാണ് ടിപ്പുവിന്റെ മലബാര്‍ ആധിപത്യത്തിനും അന്ത്യം കുറിച്ചത്. അല്ലാതെ മുഗള്‍ ഭരണം നശിച്ച കാലത്ത് മൈസൂര്‍ ഭരിച്ചിരുന്ന വൊഡയാര്‍ രാജാവ് വിളിച്ചിട്ട് ക്രിസ്ത്യാനികളെ ആക്രമിക്കാതെ തിരിച്ചു പോയതല്ല.
വളിപ്പ് കോമഡി അടിക്കുന്നതു പോലെ മാല മാലയായി നുണ പൊട്ടിക്കുമ്പോള്‍ ചരിത്ര പുസ്തകങ്ങള്‍ ഒന്ന് മറിച്ചു നോക്കാനെങ്കിലും മെനക്കെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.