- കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത് ഒരു മാസത്തിനു ശേഷം
ഹായിൽ - ഹായിൽ പ്രവിശ്യയിൽപെട്ട അൽസുനൈതാ ഗ്രാമത്തിൽ കവർച്ച ലക്ഷ്യത്തോടെ സ്‌പോൺസറെ കൊലപ്പെടുത്തിയ ഇന്ത്യൻ വേലക്കാരിയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം മുറിയിൽ തീ പടർന്നുപിടിച്ചാണ് 90 കാരനായ സൗദി പൗരൻ മരണപ്പെട്ടത്.
പണം കവരുന്നതിനു വേണ്ടി വേലക്കാരി സ്‌പോൺസറുടെ മുറിക്ക് കരുതിക്കൂട്ടി തീയിടുകയായിരുന്നു. ഡിസംബർ 27 ന് ആണ് സംഭവം. എന്നാൽ അഗ്നിബാധയുടെ കാരണം അന്ന് സുരക്ഷാ വകുപ്പുകൾക്ക് മനസ്സിലായിരുന്നില്ല. വൃദ്ധനായ സ്‌പോൺസറെ പരിചരിക്കുന്ന ചുമതലയാണ് ഇന്ത്യക്കാരിക്കുണ്ടായിരുന്നത്. സ്വന്തം മുറിയിൽ സ്‌പോൺസർ വലിയ തുക സൂക്ഷിച്ചത് മനസ്സിലാക്കിയ വേലക്കാരി സൗദി പൗരനെ കൊലപ്പെടുത്തി പണം കവരുന്നതിന് പദ്ധതി തയാറാക്കുകയായിരുന്നു.
ഇതുപ്രകാരം സ്‌പോൺസർ ഉറങ്ങിക്കിടക്കുന്നതിനിടെ പണം മോഷ്ടിച്ച വേലക്കാരി മുറിക്ക് തീയിട്ടു. വൃദ്ധന്റെ മുറിയിൽ കാർപെറ്റിന്റെ അറ്റത്തിന് തീ കൊളുത്തിയ വേലക്കാരി വാതിൽ പൂട്ടുകയായിരുന്നു. മുറിയിൽ പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് അധികൃതരാണ് അണച്ചത്. അപ്പോഴേക്കും വൃദ്ധൻ മരണപ്പെട്ടിരുന്നു.
ഇദ്ദേഹത്തിന്റെ മരണത്തിൽ ബന്ധുക്കൾക്ക് അസ്വാഭാവികത തോന്നാത്തതിനാലും മറ്റാരെയും സംശയിക്കാത്തതിനാലും അഗ്നിബാധക്കുള്ള വ്യക്തമായ കാരണം കണ്ടെത്താൻ കഴിയാത്തതിനാലും കേസ് ഫയൽ പിന്നീട് പോലീസ് ക്ലോസ് ചെയ്തു. സ്‌പോൺസറുടെ മരണത്തിൽ കടുത്ത ദുഃഖം അഭിനയിച്ച വേലക്കാരിക്ക് സംഭവത്തിൽ പങ്കുണ്ടാകുമെന്ന് കുടുംബാംഗങ്ങൾ തരിമ്പു പോലും സംശയിച്ചതുമില്ല.
കഴിഞ്ഞ മാസാവസാനം മജ്മയിൽ പ്രവർത്തിക്കുന്ന കാർഗോ ഏജൻസിയിൽ നിന്നുള്ള രണ്ടു ഇന്ത്യക്കാർ വാഹനത്തിൽ പ്രദേശത്തെത്തി മരണപ്പെട്ട സൗദി പൗരന്റെ വീട് അന്വേഷിച്ചു. വേലക്കാരിയുടെ ബാഗുകൾ സ്വീകരിച്ച് ഇന്ത്യയിലേക്ക് അയക്കാൻ വന്നതാണ് തങ്ങളെന്ന് കാർഗോ കമ്പനി ജീവനക്കാർ നാട്ടുകാരെ അറിയിച്ചു. കാർഗോ കമ്പനി ജീവനക്കാർക്ക് കൈമാറുന്നതിന് വേലക്കാരി ബാഗുകൾ തയാറാക്കുന്നത് കണ്ട സ്‌പോൺസറുടെ കുടുംബാംഗങ്ങൾക്ക് സംശയം ഉടലെടുക്കുകയും ഇവർ വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിൽ വേലക്കാരിയുടെ ബാഗിൽ 1,20,000 റിയാലും സ്‌പോൺസറുടെ കുടുംബാംഗങ്ങളുടെ വസ്ത്രങ്ങളും മറ്റും കണ്ടെത്തി.
ചോദ്യം ചെയ്യലിൽ കാർഗോ കമ്പനി ജീവനക്കാർക്കൊപ്പം ഗ്രാമത്തിൽനിന്ന് രക്ഷപ്പെടുന്നതിനായിരുന്നു പദ്ധതിയെന്നും മുറിയിൽ തീയിട്ട് സ്‌പോൺസറെ ഇല്ലാതാക്കി കൈക്കലാക്കിയതാണ് പണമെന്നും പിതാവിന്റെ സമ്പാദ്യവും അഗ്നിബാധയിൽ കത്തിനശിച്ചെന്ന് മക്കൾ ധരിക്കാൻ കൂടി വേണ്ടിയാണ് മുറിക്ക് തീയിട്ടതെന്നും ഇന്ത്യക്കാരി കുറ്റസമ്മതം നടത്തി. ഹായിൽ പോലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരിക്കെതിരായ കേസ് നിയമ നടപടികൾക്ക് വൈകാതെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.