Sorry, you need to enable JavaScript to visit this website.

ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം- മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ.
സസ്‌പെന്‍ഷന്‍ ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് സാങ്കേതികത്വം ചൂണ്ടിക്കാട്ടി ശ്രീറാമിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്. സര്‍ക്കാര്‍ നേരത്തെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ വരാനിരിക്കുമ്പോഴാണ് പെട്ടെന്നുള്ള ശുപാര്‍ശ. പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലും സസ്‌പെന്‍ഷന്‍ കാലാവധി ആറ് മാസം പിന്നിടുകയും ചെയ്ത സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാമിന് വേണമെങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നു. അപ്പോഴും അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വരും വരെയെങ്കിലും കാത്തിരിക്കാതിരുന്നതെന്ത് എന്ന ചോദ്യം ബാക്കിയാണ്.
കഴിഞ്ഞ ഓഗസ്റ്റ് മൂന്നാം തീയതിയാണ് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ  തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. അന്നു സര്‍വേ ഡയറക്ടറായിരുന്ന ശ്രീറാമിനെ സര്‍ക്കാര്‍  സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കില്‍ ചട്ടപ്രകാരം സസ്‌പെന്‍ഷന്‍ റദ്ദാക്കുന്ന പ്രശ്‌നം ഉയരുമായിരുന്നില്ല. താനല്ല ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചതെന്നായിരുന്നു ശ്രീറാം ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിക്ക് നല്‍കിയിരുന്ന വിശദീകരണം.  അപകട സമയത്ത് മദ്യപിച്ചിരുന്നുവെന്ന ആരോപണം നിഷേധിക്കുന്ന ശ്രീറാം, മനപ്പൂര്‍വമല്ല അപകടമുണ്ടായതെന്നും പോലീസ് നടത്തിയ പരിശോധനയില്‍ തന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നില്ലെന്നും നേരത്തെ സമിതിക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.

 

Latest News