റിയാദ് - സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ കഴിഞ്ഞ വര്‍ഷം സ്വദേശങ്ങളിലേക്ക് അയച്ചത് 125.5 ബില്യണ്‍ റിയാല്‍. 2018 നെ അപേക്ഷിച്ച് എട്ട് ശതമാനം കുറവാണിത്. 2018 ല്‍ വിദേശികള്‍ 136.4 ബില്യണ്‍ റിയാല്‍ അയച്ചുവെന്നാണ് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) യുടെ കണക്ക്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് വിദേശികളുടെ റെമിറ്റന്‍സ് കുറയുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ഗണ്യമായി കുറഞ്ഞു. 2018 ല്‍ 3.7 ശതമാനവും 2017 ല്‍ 6.7 ശതമാനവും 2016 ല്‍ 3.2 ശതമാനവും തോതിലാണ് റെമിറ്റന്‍സ് കുറഞ്ഞിരുന്നത്.
ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ റെമിറ്റന്‍സ് ആണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ഇതിനു മുമ്പ് 1996 ല്‍ മാത്രമാണ് റെമിറ്റന്‍സ് എട്ടു ശതമാനം തോതില്‍ കുറഞ്ഞത്. 2015 ലാണ് സൗദിയിലെ വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ച പണം സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നത്. ആ വര്‍ഷം വിദേശികളുടെ റെമിറ്റന്‍സ് 156.86 ബില്യണ്‍ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം റെമിറ്റന്‍സ് 20 ശതമാനം തോതില്‍ കുറഞ്ഞു.
പോയ വര്‍ഷം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയച്ച പണത്തിലും കുറവുണ്ട്- 3.6 ശതമാനം. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സൗദികള്‍ വിദേശങ്ങളിലേക്ക് അയച്ച പണത്തില്‍ കുറവുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം സൗദികള്‍ 58.09 ബില്യണ്‍ റിയാലാണ് അയച്ചത്. 2018 ല്‍ ഇത് 60.27 ബില്യണ്‍ ആയിരുന്നു. 2015 ല്‍ സൗദികളുടെ റെമിറ്റന്‍സ് 89.17 ബില്യണ്‍ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം റെമിറ്റന്‍സില്‍ 35 ശതമാനം കുറവ് രേഖപ്പെടുത്തി. 2015 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം സൗദികളുടെ റെമിറ്റന്‍സില്‍ 31.1 ബില്യണ്‍ റിയാലിന്റെ കുറവാണുണ്ടായതെന്നും സാമ കണക്കുകള്‍ വ്യക്തമാക്കുന്നു.