കുവൈത്ത് സിറ്റി - കുവൈത്തില്‍ ഗവണ്‍മെന്റ് സര്‍വീസില്‍നിന്ന് 25,000 വിദേശികളെ പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിക്കും. പാര്‍ലമെന്ററി മാനവശേഷി വികസന കമ്മിറ്റി പ്രസിഡന്റ് ഖലീല്‍ അല്‍സ്വാലിഹാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വദേശികളെ നിയമിക്കുന്നതിനുള്ള സര്‍ക്കാര്‍ നയം വിശകലനം ചെയ്യുന്നതിന് ചേര്‍ന്ന കമ്മിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ സര്‍വീസ്, മാനവശേഷി വകുപ്പ് പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.
രണ്ടു വര്‍ഷത്തിനിടെ 4,640 വിദേശികളെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിച്ചിട്ടുണ്ട്.
സിവില്‍ സര്‍വീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കുവൈത്തി ഉദ്യോഗാര്‍ഥികളുടെ എണ്ണം ആറായിരമായി കുറക്കാന്‍ സാധിച്ചിട്ടുണ്ട്. വൈകാതെ ഇവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനം നല്‍കും.1,500 പേര്‍ക്ക് ബാങ്കിംഗ് മേഖലയിലും വൈകാതെ തൊഴില്‍ നല്‍കും. സ്വദേശിവല്‍ക്കരണ പദ്ധതി പ്രകാരം 2017 ല്‍ 3,140 വിദേശികളെയും 2018 ല്‍ 1,500 വിദേശികളെയും പിരിച്ചുവിട്ടു. വിദേശികളുമായുള്ള വിവാഹ ബന്ധത്തില്‍ കുവൈത്തി വനിതകള്‍ക്ക് പിറന്ന മക്കളെ സ്വദേശിവല്‍ക്കരണ പദ്ധതിയില്‍നിന്ന് ഒഴിവാക്കുന്നതിനും ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിനും തീരുമാനമുണ്ടെന്ന് ഖലീല്‍ അല്‍സ്വാലിഹ് പറഞ്ഞു.